< Back
Cricket
ടി20 ഫൈനൽ: ബാബറോ ബട്‌ലറോ അതോ മഴയോ? ഇന്നറിയാം എന്താകുമെന്ന്‌...
Cricket

ടി20 ഫൈനൽ: ബാബറോ ബട്‌ലറോ അതോ മഴയോ? ഇന്നറിയാം എന്താകുമെന്ന്‌...

Web Desk
|
13 Nov 2022 6:52 AM IST

രണ്ടാം കിരീടമാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്.

മെല്‍ബണ്‍: ടി20 ലോകകപ്പ് ജേതാക്കളെ ഇന്നറിയാം. കിരീടം ലക്ഷ്യമിട്ട് പാകിസ്താൻ ഇംഗ്ലണ്ടിനെ നേരിടും. ഉച്ചയ്ക്ക് ഒന്നരക്ക് മെൽബണിലാണ് മത്സരം. രണ്ടാം കിരീടമാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്.

ഇന്ത്യയെ തവിടുപൊടിയാക്കി കലാശപ്പോരിന് യോഗ്യത നേടിയ ഇംഗ്ലണ്ട്. കിവീസിനെ ചുരുട്ടിക്കെട്ടി വീറുകാട്ടിയ പാകിസ്താൻ. മെൽബണിൽ അന്തിമപോരിന് ഇറങ്ങുമ്പോൾ ഫലം അപ്രവചനീയം. ബാറ്റിങിൽ ഇരുടീമും ഒപ്പത്തിനൊപ്പം. ജോസ് ബട്ലറും അലക്സ് ഹെയിൽസും മിന്നും ഫോമിൽ, മറുപുറത്ത് ബാബർ അസമും റിസ്‍വാനും സെമിയിൽ തകർത്തുകളിച്ചു. മധ്യനിരയിലും ഇരുടീമുകളും തുല്യശക്തർ.

ഡേവിഡ് മലാന് പകരമറിങ്ങുന്ന ഫിലിപ് സാൾട്ടിന്റെ പ്രകടനം ഇംഗ്ലണ്ടിന് നിർണായകമാകും. ലോകകപ്പിലെ തന്നെ താരമാകാൻ സാധ്യതയുള്ള ഷദാബ് ഖാൻ ആണ് പാകിസ്താന്റെ തുറുപ്പ് ചീട്ട്. ആദിൽ റഷീദിലൂടെ പാകിസ്താനെ വട്ടം കറക്കാനാകുമെന്ന് ഇംഗ്ലണ്ട് കരുതുന്നു. റഊഫും, ഷഹീൻഷാ അഫ്രീദിയും, നസീം ഷായും മുഹമ്മദ് ഹാരിസും ചേരുന്ന പാക് ബൗളിങ് നിര ഇംഗ്ലണ്ടിനെ കാര്യമായി പരീക്ഷിക്കും. ക്രിസ് ജോർദാനും, സാം കരണുമാണ് ഇംഗ്ലീഷ് പേസ് നിരയെ നയിക്കുക.

അതേസമയം മെൽബണിൽ ഞായറാഴ്ച മഴയ്ക്ക് 100 ശതമാനം സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. റിസർവ് ദിനമായ തിങ്കളാഴ്ചയും ഇതേ സാധ്യത. രണ്ടു ദിവസവും കളി നടന്നില്ലെങ്കിൽ ഇരുടീമുകളെയും സംയുക്ത വിജയികളായി പ്രഖ്യാപിക്കും. സൂപ്പർ 12-ൽ മെൽബണിലെ മൂന്ന് മത്സരങ്ങൾ മഴമുടക്കിയിരുന്നു. ഇംഗ്ലണ്ടും പാകിസ്താനും ഓരോ തവണ ട്വന്റി 20 ലോകകപ്പ് നേടിയിട്ടുണ്ട്. രണ്ടു വിജയങ്ങളുള്ള ഏക ടീം വെസ്റ്റ് ഇൻഡീസാണ്. ഞായറാഴ്ചത്തെ വിജയികൾ വിൻഡീസിനൊപ്പം ചേരും.

Related Tags :
Similar Posts