< Back
Cricket
ഐ.സി.സി റാങ്കിങിൽ അലൻ മാജിക്: വേഗത്തിൽ 10ാം റാങ്കിലേക്ക്
Cricket

ഐ.സി.സി റാങ്കിങിൽ അലൻ 'മാജിക്': വേഗത്തിൽ 10ാം റാങ്കിലേക്ക്

Web Desk
|
14 July 2021 6:25 PM IST

ഐ.സി.സി പുറത്തിറക്കിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കിയത് വെസ്റ്റ്ഇൻഡീസിന്റെ സ്പിന്നർ ഫാബിയൻ അലൻ. 10ാം റാങ്കാണ് താരം സ്വന്തമാക്കിയത്.

ഐ.സി.സി പുറത്തിറക്കിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കിയത് വെസ്റ്റ്ഇൻഡീസിന്റെ സ്പിന്നർ ഫാബിയൻ അലൻ. 10ാം റാങ്കാണ് താരം സ്വന്തമാക്കിയത്. അതും 16 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി. ആസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനമാണ് താരത്തിന് തുണയായത്.

ആസ്‌ട്രേലിയക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും അലൻ പന്ത് എറിഞ്ഞു. മൂന്ന് വിക്കറ്റുകളെ വീഴ്ത്താനായുള്ളൂവെങ്കിലും മികച്ച ഇക്കോണമി റേറ്റാണ് താരത്തിന് തുണയായത്. മധ്യഓവറുകളിൽ ആസ്‌ട്രേലിയൻ റൺറേറ്റ് കുറച്ചത് അലന്റെ ഓവറുകളായിരുന്നു. ലെഗ് സ്പിന്നർ ഹൈഡൻ വാൽഷുമായുള്ള കൂട്ടുകെട്ടും മികച്ചതായിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്നുമായി എട്ട് വിക്കറ്റുകളാണ് ഈ സഖ്യം വീഴ്ത്തിയിരുന്നത്.

വാൽഷും റാങ്കിങിൽ സ്ഥാനം മെച്ചപ്പെടുത്തി. ഷെൽഡ്രൻ കോട്രെൽ, ഡ്വെയ്ൻ ബ്രാവോ എന്നിവരും റാങ്കിൽ സ്ഥാനം മെച്ചപ്പെടുത്തി. അതേസമയം ദക്ഷിണാഫ്രിക്കയുടെ തബ്‌രിയാസ് ഷംസിയാണ് ബൗളർമാരിൽ ഒന്നാം സ്ഥാനത്ത്. അഫ്ഗാനിസ്താന്റെ റാഷിദ് ഖാനാണ് രണ്ടാം സ്ഥാനത്ത്. ഇംഗ്ലണ്ടിന്റെ ആദിൽ റാഷിദ് ആണ് മൂന്നാം സ്ഥാനത്ത്.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര വെസ്റ്റ്ഇൻഡീസ് ഇതിനകം സ്വന്തമാക്കിക്കഴിഞ്ഞു. നാലാം ടി20 ബുധനാഴ്ച നടക്കും. പരമ്പരയിൽ ശേഷിക്കുന്ന മത്സരം ജയിച്ച് നാണക്കേട് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് കംഗാരുപ്പട. അതേസമയം ആസ്‌ട്രേലിയയെ വൈറ്റുവാഷ് ചെയ്യാനുള്ള ശ്രമത്തിലാണ് വെസ്റ്റ്ഇൻഡീസ്. കളിക്കാരുടെ പ്രകടനം നോക്കുമ്പോൾ അതിനുള്ള സാധ്യതയുമുണ്ട്.

Similar Posts