ആര്‍.സി.ബിയുടെ തോല്‍വിയില്‍ പൊട്ടിക്കരയുന്ന ആരാധികമാര്‍- അനുഷ്ക ശര്‍മ്മ'തോറ്റല്ലോ...': പൊട്ടിക്കരഞ്ഞ് ആർ.സി.ബി ആരാധകർ, കൂട്ടിന് അനുഷ്‌കയും
|ഹോംഗ്രൗണ്ടായതിനാൽ തന്നെ മത്സരം കാണാൻ ആർ.സി.ബി ആരാധകർ കൂട്ടത്തോടെ എത്തിയിരുന്നു
ബംഗളൂരു: ഐ.പി.എല്ലിലെ വാശിയേറിയ മത്സരങ്ങളിലൊന്നായിരുന്നു ബംഗളൂരുവും ലക്‌നൗ സൂപ്പർജയന്റ്‌സും തമ്മിലെ കഴിഞ്ഞ ദിവസത്തെ മത്സരം. ജയിച്ചുവെന്ന് തോന്നിയടത്ത് നിന്നായിരുന്നു ബംഗളൂരുവിന്റെ തോൽവി. അപ്രതീക്ഷിത തോൽവിയുടെ ഞെട്ടലിലായിരുന്നു കാണികളും. ആ നിരാശ മൊത്തം ആർ.സിബി ആരാധകരുടെ മുഖത്തും പ്രകടമായിരുന്നു.
പലരും സ്റ്റേഡിയത്തിൽ പൊട്ടിക്കരഞ്ഞു. ബാംഗ്ലൂരിന്റെ സൂപ്പർതാരം വിരാട് കോഹ്‌ലിയുടെ ഭാര്യ അനുഷ്‌ക ശർമ്മയും സ്റ്റേഡിയത്തിലുണ്ടായിരുന്നു. അനുഷ്‌കയുടെ മുഖത്തും നിരാശ പ്രകടമായിരുന്നു. ലക്‌നൗവിന്റെ വിക്കറ്റുകള്‍ വീണപ്പോള്‍ ആര്‍ത്തുവിളിച്ച ആര്‍.സി.ബി ആരാധകരുടെ മുഖങ്ങള്‍ ഇന്നിങ്സിന്റെ അവസാനത്തേക്ക് അടുത്തപ്പോള്‍ വാടുകയായിരുന്നു. അതേസമയം നിരാശയിൽ ആനന്ദം കണ്ടെത്തിയത് ട്രോളന്മാരായിരുന്നു. ആരാധകർ കരയുന്ന ചിത്രങ്ങളെടുത്ത് ട്രോളുകളുണ്ടാക്കി. രസകരമായ അടിക്കുറിപ്പുകളിലൂടെ ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി.

ഹോംഗ്രൗണ്ടായതിനാൽ തന്നെ മത്സരം കാണാൻ ആർ.സി.ബി ആരാധകർ കൂട്ടത്തോടെ എത്തിയിരുന്നു. സ്റ്റേഡിയത്തിലെ അങ്ങിങ് മാത്രമായിരുന്നു ലക്‌നൗവിന്റെ ആരാധകരുണ്ടായിരുന്നു. ആർ.സി.ബി ആരാധകരുടെ ആർപ്പുവിളികൾ ലക്‌നൗ താരങ്ങളിൽ അമർഷമുണ്ടാക്കിയിരുന്നു. നായകൻ ഗംഭീർ മത്സര ശേഷം ആർ.സി.ബി ആരാധകരോട് മിണ്ടരുത് എന്ന രീതിയിൽ കാണിക്കുന്നതും കാണാമായിരുന്നു. മത്സരത്തിൽ ഒരു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയമാണ് ലക്‌നൗ സ്വന്തമാക്കിയത്. ബാംഗ്ലൂർ ഉയർത്തിയ 212 എന്ന വിജയലക്ഷ്യം ഒമ്പത് വിക്കറ്റുകൾ നഷ്ടപ്പെടുത്തി ലക്‌നൗ മറികടക്കുകയായിരുന്നു.
30 പന്തിൽ 65 റൺസ് നേടിയ മാർക്കസ് സ്റ്റോയിനിസ് 19 പന്തിൽ 62 റൺസ് നേടിയ നിക്കോളാസ് പുരാൻ എന്നിവരുടെ തീപ്പൊരു ഇന്നിങ്‌സുകളാണ് ബാംഗ്ലൂരിൽ നിന്ന് ജയം തട്ടിയെടുത്തത്. 105ന് അഞ്ച് എന്ന തകർന്ന നിലയിൽ നിന്നായിരുന്നു ലക്‌നൗവിന്റെ ഐതിഹാസിക ഇന്നിങ്‌സ്. വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത വെസ്റ്റ്ഇൻഡീസിന്റെ നിക്കോളാസ് പുരാനാണ് ലക്‌നൗവിന് വിജയമൊരുക്കിയത്.

