< Back
Cricket
ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ സഞ്ചരിച്ച ബസിൽ ബുള്ളറ്റ് ഷെല്ലുകൾ; അന്വേഷണം
Cricket

ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ സഞ്ചരിച്ച ബസിൽ ബുള്ളറ്റ് ഷെല്ലുകൾ; അന്വേഷണം

Web Desk
|
28 Feb 2022 1:31 PM IST

ടീം അംഗങ്ങൾ താമസിച്ച ഹോട്ടലിനു സമീപം ബസ് നിർത്തിയിട്ട സമയത്താണു പരിശോധന നടത്തിയത്

ഇന്ത്യയിൽ കളിക്കാനെത്തിയ ശ്രീലങ്കൻ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിൽനിന്ന് ബുള്ളറ്റ് ഷെല്ലുകൾ കണ്ടെടുത്തു. ശ്രീലങ്കൻ ടീമിന്റെ യാത്രകൾക്കായി ഉപയോഗിച്ച ബസിൽ സാധനങ്ങൾ സൂക്ഷിക്കുന്ന ഭാഗത്താണു വെടിയുണ്ടകളുടെ ഷെല്ലുകൾ കണ്ടെത്തിയത്. ശ്രീലങ്കൻ താരങ്ങൾ ചണ്ഡീഗഡിലെ ഹോട്ടലിൽനിന്ന് മൊഹാലിയിലെ മൈതാനത്തേക്കു പോയത് ഈ സ്വകാര്യബസിലായിരുന്നു. സംഭവത്തിൽ അന്വേഷണം തുടങ്ങിയ പൊലീസ് മെറ്റൽ ഡിറ്റക്ടറുകൾ ഉപയോഗിച്ചു പരിശോധന നടത്തി.

ടീം അംഗങ്ങൾ താമസിച്ച ഹോട്ടലിനു സമീപം ബസ് നിർത്തിയിട്ട സമയത്താണു പരിശോധന നടത്തിയത്. ചണ്ഡീഗഡിലെ താര ബ്രദേഴ്‌സ് എന്ന സ്ഥാപനത്തിൽനിന്ന് വാടകയ്‌ക്കെടുത്ത ബസായിരുന്നു ഇതെന്നു പൊലീസ് പറഞ്ഞു. ഇതേ ബസ് ഒരു വിവാഹ ചടങ്ങിന്റെ ആവശ്യത്തിനായി വാടകയ്ക്ക് എടുത്തിരുന്നതായും വിവരമുണ്ട്.

ബസിന്റെ ഡ്രൈവറെയും ഉടമയെയും പൊലീസ് ചോദ്യം ചെയ്തു.ട്വന്റി20 പരമ്പരയ്ക്കു ശേഷം ശ്രീലങ്കൻ ടീം ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് മത്സരങ്ങൾക്കായി ഒരുങ്ങുകയാണ്. മൊഹാലിയിലും ബെംഗളൂരുവിലുമാണു മത്സരങ്ങൾ. ട്വന്റി20 പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു.

Related Tags :
Similar Posts