< Back
Cricket
​കോഹ്‍ലി ഫോമിലല്ലെന്ന് പോണ്ടിങ്; ആസ്ട്രേലിക്കാരുടെ കാര്യം നോക്കിയാൽ മതിയെന്ന് ഗംഭീർ -വാഗ്വാദം തുടരുന്നു
Cricket

​കോഹ്‍ലി ഫോമിലല്ലെന്ന് പോണ്ടിങ്; ആസ്ട്രേലിക്കാരുടെ കാര്യം നോക്കിയാൽ മതിയെന്ന് ഗംഭീർ -വാഗ്വാദം തുടരുന്നു

Sports Desk
|
14 Nov 2024 7:38 PM IST

ന്യൂഡൽഹി: ബോർഡർ ഗവാസ്കർ ട്രോഫിക്ക് അരങ്ങുണരാനിരിക്കേഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും മുൻ ആസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്ങും തമ്മിലുള്ള വാക്പോര് തുടരുന്നു. ഗംഭീറിനെ പെട്ടെന്ന് ദേഷ്യം വരുന്നയാൾ എന്നർത്ഥമുള്ള ‘prickly’ എന്ന് വിശേഷിപ്പിച്ചതാണ് പുതിയ സംഭവം.

സംഭവങ്ങളുടെ തുടക്കമിങ്ങനെ: അടുത്തിടെ വിരാട് കോഹ്‍ലിയുടെ ടെസ്റ്റ് ക്രിക്കറ്റിലെ മോശം ഫോമിനെക്കുറിച്ച് പോണ്ടിങ് പരമാർശിച്ചിരുന്നു. പോയ അഞ്ചുവർഷത്തിനുള്ളിൽ വെറും രണ്ട് സെഞ്ച്വറികൾ മാത്രം നേടിയത് ചൂണ്ടിക്കാണിച്ചായിരുന്നു പോണ്ടിങ്ങിന്റെ വിമർശനം. നിലവിലെ ടോപ്പ് ഓർഡർ ബാറ്റർമാരിൽ ഇത്രയും മോശം റെക്കോർഡ് വേറാർക്കുമുണ്ടാകില്ല എന്നും പോണ്ടിങ് കൂട്ടിച്ചേർത്തു.

എന്നാൽ ഈ വിമർശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഗംഭീർ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ‘‘പോണ്ടിങ്ങിന് ഇന്ത്യൻ ക്രിക്കറ്റിൽ എന്താണ് കാര്യം. അദ്ദേഹം ആസ്ട്രേലിയയെക്കുറിച്ച് സംസാരിച്ചാൽ മതി. കോഹ്‍ലിയും രോഹിതും ഇ​പ്പോഴും കളിയിൽ അതീവതൽപരരാണ്. അവരിനിയും കൂടുതൽ നേടിയെടുക്കും’’ -ഗംഭീർ പറഞ്ഞു.

തൊട്ടുപിന്നാലെ മറുപടിയുമായി പോണ്ടിങ്ങുമെത്തി. ‘‘ഞാൻ പറഞ്ഞ കാര്യം നിങ്ങൾ കോഹ്‍ലിയോട് പറഞ്ഞാൽ ​അദ്ദേഹം പോലും ഫോമിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടാകും. ഞാൻ പറഞ്ഞത് ഒരിക്കലും അധിക്ഷേപമായിട്ടല്ല. അദ്ദേഹം ആസ്ട്രേലിയയിൽ നന്നായി കളിക്കുന്നവനാണെന്നും തിരിച്ചുവരട്ടെ എന്നതിന്റെയും തുടർച്ചയായാണ് ഫോമില്ലായ്മയെക്കുറിച്ച് പറഞ്ഞത്’’ -പോണ്ടിങ് പറഞ്ഞു. പെട്ടെന്ന് ചൂടാകുന്ന ഗംഭീർ ഇങ്ങനെ പ്രതികരിച്ചതിൽ അത്ഭുതമില്ലെന്നും പോണ്ടിങ് കൂട്ടിച്ചേർത്തു.

Related Tags :
Similar Posts