< Back
Cricket
That day he walked away without being seen by Gambhir; Sanju explained the reason
Cricket

'അന്ന് ഗംഭീറിന്റെ കണ്ണിൽപ്പെടാതെ മാറിനടന്നു'; കാരണം വ്യക്തമാക്കി സഞ്ജു

Sports Desk
|
23 Oct 2024 5:04 PM IST

ആദ്യ രണ്ട് കളിയിൽ വലിയ സ്‌കോർ നേടാനാവാതിരുന്ന സഞ്ജു മൂന്നാം ടി20യിൽ സെഞ്ച്വറിയുമായാണ് തിരിച്ചുവന്നത്

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ വലിയ സ്‌കോർ നേടാനാവാതെ പരാജയപ്പെട്ടതിനാൽ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിന് മുഖംകൊടുക്കാതെ മാറിനടന്നതായി വെളിപ്പെടുത്തി മലയാളി താരം സഞ്ജു സാംസൺ. തനിക്ക് ഗംഭീറിന്റെ സമീപത്ത് പോകാൻ മടിയായിരുന്നതായി സഞ്ജു യുട്യൂബ് അഭിമുഖത്തിൽ പറഞ്ഞു. ആദ്യ മാച്ചിൽ 29 റൺസ് നേടിയ സഞ്ജു രണ്ടാമത്തെ ടി20യിൽ 10 റൺസെടുത്ത് പുറത്തായിരുന്നു.

തന്നിൽ വിശ്വാസമർപ്പിച്ച് ഓപ്പണിങ് റോളിലടക്കം അവസരം നൽകിയ കോച്ചിന് മുന്നിൽപോകാനുള്ള മാനസികാവസ്ഥ ഈ സമയമുണ്ടായിരുന്നില്ലെന്ന് മലയാളി താരം പറഞ്ഞു. കോച്ചും കളിക്കാരനും തമ്മിലുള്ള ബന്ധം പ്രധാനപ്പെട്ടതാണ്. മൂന്നാം ടി20യിൽ സെഞ്ച്വറി നേടിയതിന് ശേഷം ഗംഭീർ തനിക്കായി കൈയ്യടിച്ചത് ഏറെ ആനന്ദിപ്പിച്ചെന്നും സഞ്ജു കൂട്ടിചേർത്തു. ഹൈദരാബാദിൽ ബംഗ്ലാദേശിനെതിരെ 47 പന്തിൽ 111 റൺസടിച്ച സഞ്ജുവിന്റെ ചിറകിലേറി കൂറ്റൻ സ്‌കോറാണ് ഇന്ത്യ പടുത്തുയർത്തിയത്. 29 കാരന്റെ പ്രഥമ ടി20 സെഞ്ച്വറിയാണിത്.

ലോകകപ്പ് ഫൈനൽ കളിക്കാൻ ഒരുങ്ങിയിരിക്കാനായി രോഹിത് ശർമ തന്നോട് ആവശ്യപ്പെട്ടിരുന്നതായി സഞ്ജു നേരത്തെ പറഞ്ഞിരുന്നു. അവസാന നിമിഷം നിലവിലെ ടീമിനെ നിലനിർത്തുകയായിരുന്നുവെന്നും അഭിമുഖത്തിനിടെ താരം പറഞ്ഞു.

Similar Posts