< Back
Cricket
ഏഷ്യാകപ്പ് ഫൈനല്‍: മത്സര ശേഷം ശ്രീലങ്കൻ പതാകയുമായി ഗൗതം ഗംഭീർ
Cricket

ഏഷ്യാകപ്പ് ഫൈനല്‍: മത്സര ശേഷം ശ്രീലങ്കൻ പതാകയുമായി ഗൗതം ഗംഭീർ

Web Desk
|
12 Sept 2022 10:47 AM IST

ഓൾറൗണ്ട് പെർഫോമൻസുമായി ലങ്ക കളം നിറഞ്ഞപ്പോൾ പാകിസ്താന് തോല്‍ക്കേണ്ടി വന്നു. ഒരു ഘട്ടത്തിൽ 58ന് അഞ്ച് എന്ന പരിതാപകരമായ നിലയിലായിരുന്നു ശ്രീലങ്ക.

ദുബൈ: പാകിസ്താനെ 23 റൺസിനാണ് തോൽപിച്ചാണ് ശ്രീലങ്ക ഏഷ്യാകപ്പ് കിരീടത്തിൽ മുത്തമിട്ടത്. ഇത് ആറാം തവണയാണ് ശ്രീലങ്ക ഏഷ്യൻ കപ്പുമായി കടൽ കടക്കുന്നത്. ഓൾറൗണ്ട് പെർഫോമൻസുമായി ലങ്ക കളം നിറഞ്ഞപ്പോൾ പാകിസ്താന് തോല്‍ക്കേണ്ടി വന്നു. ഒരു ഘട്ടത്തിൽ 58ന് അഞ്ച് എന്ന പരിതാപകരമായ നിലയിലായിരുന്നു ശ്രീലങ്ക.

അവിടുന്നിങ്ങോട്ടാണ് 170 എന്ന പൊരുതാവുന്ന സ്‌കോർ ശ്രീലങ്ക അടിച്ചെടുത്തത്. ലങ്കയുടെ ഈ തകർപ്പൻ പ്രകടനത്തിൽ അഭിനന്ദിക്കുകയാണ് ക്രിക്കറ്റ് ലോകം. പലരും സമൂഹമാധ്യമങ്ങളിൽ അഭിനന്ദന പോസ്റ്റുകൾ പങ്കുവെച്ചു. മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീറും ശ്രീലങ്കയെ അഭിനന്ദിക്കാൻ മുന്നിലുണ്ടായിരുന്നു. ലങ്കയുടെ പതാകയുമായി ഫോട്ടോക്ക് പോസ് ചെയ്യുന്ന ഗംഭീറിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. മത്സര ശേഷം ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ലങ്കൻ പതാകയുമായി ഗംഭീർ ഫോട്ടോക്ക് പോസ് ചെയ്തത്.

ഇതിന്റെ വീഡിയോ ഗംഭീർ തന്നെ ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തു. 'സൂപ്പർ സ്റ്റാർ ടീം, ശരിക്കും വിജയം അർഹിക്കുന്നു. അഭിനന്ദനങ്ങൾ ശ്രീലങ്ക'-വീഡിയോ പങ്കുവെച്ച് ഗംഭീർ കുറിച്ചു. രാഷ്ട്രീയ അനിശ്ചിതത്വങ്ങളും ആഭ്യന്തര പ്രശ്‌നങ്ങളും ലങ്കയെ മുക്കിക്കളഞ്ഞ നാളുകാണ് കഴിഞ്ഞു പോയത്. ഇതിൽ നിന്ന് രാജ്യം കരകയറി വരുന്നേയുള്ളൂ. ശ്രീലങ്കൻ ക്രിക്കറ്റും ഏറെക്കുറെ ഇങ്ങനെയായിരുന്നു. സൂപ്പർ താരങ്ങൾ വിരമിച്ചതിന് ശേഷം ലങ്കയ്ക്ക് അവകാശപ്പെടാനൊരു താരം പോലും പിറന്നിരുന്നില്ല. അതിനിടയ്ക്കാണ് ഏഷ്യയിലെ രാജാക്കന്മാരായി ശ്രീലങ്ക എത്തുന്നത്.

ടൂർണമെന്റിൽ ഒരു തവണ മാത്രമെ ലങ്ക തോറ്റിട്ടുള്ളൂ. ആദ്യ മത്സരത്തിൽ അഫ്ഗാനിസ്താനാണ് ശ്രീലങ്കയെ തോൽപിച്ചത്. പിന്നെ അവർ തോറ്റിട്ടില്ല. ഇന്ത്യയെ ഒരു വട്ടവും പാകിസ്താനെ രണ്ട് വട്ടവും തോൽപിച്ചാണ് ലങ്ക കിരീടം ചൂടുന്നത്. ഇനി ടി20 ലോകകപ്പാണ് ലങ്കയ്ക്ക് മുന്നിലുള്ളത്. ഇതെ ഫോം തുടരുകയാണെങ്കിലും ടി20 ലോകകപ്പും അവര്‍ക്ക് സ്വപ്നം കാണാം...

Similar Posts