< Back
Cricket
തീയായി ഗിൽ; ബാംഗ്ലൂർ മോഹം തകർത്ത് ഗുജറാത്ത്; മുംബൈ പ്ലേ ഓഫിൽ
Cricket

തീയായി ഗിൽ; ബാംഗ്ലൂർ മോഹം തകർത്ത് ഗുജറാത്ത്; മുംബൈ പ്ലേ ഓഫിൽ

Web Desk
|
22 May 2023 12:44 AM IST

52 പന്തുകളിലായിരുന്നു ഗില്ലിന്റെ മികവുറ്റ സെഞ്ച്വറി.

ഗില്ലും വിജയ് ശങ്കറും തീപ്പൊരിയായി മാറിയപ്പോൾ സ്വന്തം മണ്ണിൽ ബാഗ്ലൂരിന് കണ്ണീർ രാത്രി. പ്ലേ ഓഫിൽ കടക്കുകയെന്ന ലക്ഷ്യത്തോടെ ഇറങ്ങിയ ബാംഗ്ലൂരിന്റെ മോഹങ്ങൾ ഗുജറാത്ത് തല്ലിക്കെടുത്തിയപ്പോൾ മുംബൈയ്ക്ക് ഭാഗ്യക്കുറി. ഡുപ്ലെസിസും സംഘവും വീട്ടിലേക്ക് മടങ്ങുമ്പോൾ രോഹിത് നിര നേരെ പ്ലേ ഓഫിലേക്ക്. ബാംഗ്ലൂർ ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഡുപ്ലെസിസും സംഘവും ഉയർത്തിയ 198 റൺസെന്ന വിജയലക്ഷ്യം അഞ്ച് പന്ത് ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് മറികടന്നു.

ഓപണർ ശുഭ്മാൻ ഗിൽ തകർപ്പൻ സെഞ്ച്വറിയോടെ തിളങ്ങിയപ്പോൾ ഗുജറാത്തിന് വിജയത്തിൽ തെല്ലും ആശങ്കയുണ്ടായിരുന്നില്ല. ഒടുവിൽ വെയ്ൻ പാർനെലിന്റെ പന്ത് ഗ്യാലറിയിലേക്ക് പറത്തി ഗിൽ വീണ്ടും ടീമിന്റെ വിജയശിൽപിയാവുകയും ചെയ്തു. ഗിൽ-വിജയ് ശങ്കർ കൂട്ടുകെട്ട് പടുത്തുയർത്തിയ 123 റൺസാണ് ടൈറ്റൻസ് വിജയം എളുപ്പമാക്കിയത്. 52 പന്തുകളിലായിരുന്നു ഗില്ലിന്റെ മികവുറ്റ സെഞ്ച്വറി.

വിജയ് ശങ്കർ 35 പന്തിൽ 53 റൺസെടുത്തപ്പോൾ ഓപണർ വൃദ്ധിമാൻ സാഹ 14 പന്തിൽ 12 റൺസും സംഭാവന ചെയ്തു. സ്‌കോർ 25ലെത്തിയപ്പോഴേക്കും സാഹ കൂടാരം കയറിയെങ്കിലും ഗിൽ തെല്ലും പതറിയില്ല. മൂന്നാമനായെത്തിയ വിജയ ശങ്കറിനൊപ്പം ചേർന്ന് ഗിൽ ടീമിനെ അതിവേഗത്തിൽ വിജയതീരത്തേക്ക് അടുപ്പിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

എതിർനിരയിൽ പന്തെടുത്തവരെല്ലാം നന്നായി റൺസ് വഴങ്ങിയപ്പോൾ ഗുജറാത്തിന് ജയം എളുപ്പമാവുകയായിരുന്നു. പാർനെൽ 42ഉം വൈശാഖ് വിജയ് കുമാർ 40ഉം മുഹമ്മദ് സിറാജ് 32ഉം റൺസാണ് വഴങ്ങിയത്. ഗുജറാത്ത് നിരയിൽ ഇടയ്‌ക്കെത്തിയ ദാസുൻ ശങ്കര മൂന്ന് പന്ത് നേരിട്ടെങ്കിലും പൂജ്യനായി മടങ്ങിയപ്പോൾ ഡേവിഡ് മില്ലർ ആറും തെവാട്ടിയ നാലും റൺസെടുത്തു. ബാംഗ്ലൂരിനായി സിറാജ് രണ്ട് വിക്കറ്റ് നേടിയപ്പോൾ വൈശാഖും ഹർഷൽ പട്ടേലും ഓരോ വിക്കറ്റെടുത്തു.

നേരത്തെ, കോഹ്‌ലിയുടെ സെഞ്ച്വറിയുടെ ബലത്തിലാണ് ബാംഗ്ലൂർ 197 റൺസെന്ന മികച്ച സ്‌കോറിലേക്കെത്തിയത്. ഇതോടെ മറ്റൊരു റെക്കോർഡും കോഹ്‌ലി കുറിച്ചു. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ (7) സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോർഡാണ് താരം നേടിയത്. സീസണിലെ കോഹ്‌ലിയുടെ രണ്ടാം സെഞ്ച്വറി നേട്ടമാണിത്. 61 പന്തിലായിരുന്നു മുൻ നായകന്റെ നേട്ടം. 28 റൺസെടുത്ത ക്യാപ്റ്റൻ ഹാഫ് ഡുപ്ലെസിസും 26 റൺസ് സംഭാവന ചെയ്ത ബ്രെയ്‌സ്‌വെല്ലും 23 റൺസോടെ അനുജ് റാവത്തുമാണ് 200നടുത്ത സ്‌കോറിലേക്ക് ടീമിനെ എത്തിക്കുന്നതിൽ പങ്കുവഹിച്ചത്.

എന്നാൽ നിസാരം എന്ന നിലയ്ക്കുള്ള ഗുജറാത്തിന്റെ പ്രകടനത്തിൽ അവരുടെ എല്ലാ മോഹങ്ങളും പാഴാവുകയായിരുന്നു. ഇതോടെ, നേരത്തെ തന്നെ ആദ്യ നാലിലെത്തിയ ഗുജറാത്തിനെ കൂടാതെ ചെന്നൈ, ലഖ്‌നൗ, മുംബൈ എന്നീ ടീമുകളാണ് പ്ലേ ഓഫിൽ ഇടംനേടിയത്.


Similar Posts