< Back
Cricket
dhoni-harbhajan
Cricket

‘ഞാൻ ധോണിയോട് മിണ്ടിയിട്ട് പത്തുവർഷത്തിലേറെയായി; ഞാൻ ഫോൺ വിളിച്ചാലും അവൻ എടുക്കാറില്ല’ -തുറന്ന് പറഞ്ഞ് ഹർഭജൻ സിങ്

Sports Desk
|
4 Dec 2024 4:51 PM IST

ന്യൂഡൽഹി: എം.എസ് ധോണിയും ഹർഭജൻ സിങ്ങും ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ വലിയ പേരുകളാണ്. ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ ട്വന്റി 20 ലോകകപ്പും ഏകദിന ലോകകപ്പും വിജയിക്കുമ്പോൾ ഹർഭജൻ സിങ്ങും ടീമിലുണ്ടായിരുന്നു. എന്നാൽ ധോണിയുമായുള്ള സ്വരച്ചേർച്ചയില്ലായ്മ തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഹർഭജൻ സിങ്.

ന്യൂസ് 18ന് നൽകിയ അഭിമുഖത്തിൽ ഹർഭജൻ പ്രതികരിച്ചതിങ്ങനെ: ‘‘ ഞാൻ ധോണിയോട് മിണ്ടാറില്ല. എനിക്കദ്ദേഹത്തോട് ഒരു പ്രശ്നവുമില്ല. ഇനി അവനുണ്ടോ എന്ന് അറിയില്ല’’

‘‘പത്തുവർഷത്തിലേറെയായി കാര്യങ്ങൾ ഇങ്ങനെയാണ്. ഇങ്ങനെയായതിന്റെ കാരണം എനിക്കറിയില്ല. സി.എസ്.കെയിൽ കളിക്കുമ്പോൾ പോലും ഗ്രൗണ്ടിൽ മാത്രമേ ഞങ്ങൾ മിണ്ടാറുള്ളൂ. കളിക്ക് ശേഷം അദ്ദേഹം എന്റെ റൂമിലേക്ക് വരികയോ ഞാൻ അങ്ങോട്ട് പോകുകയോ ചെയ്യാറില്ല’’

‘‘എന്റെ ഫോൺ കോൾ എടുക്കുന്നവർക്ക് മാത്രമേ ഞാൻ വിളിക്കാറുള്ളൂ. അല്ലാത്തവർക്ക് വിളിക്കാൻ എനിക്ക് സമയമില്ല. ഞാൻ എന്നോട് കൂട്ടുള്ളവരോട് മാത്രമേ ബന്ധപ്പെടാറുള്ളൂ. ഒരു ബന്ധം എന്ന് പറയുന്നത് എപ്പോഴും കൊടുക്കൽ വാങ്ങലുകളുടേതായിരിക്കണം. ഞാൻ നിങ്ങളെ ബഹുമാനിക്കുമ്പോൾ നിങ്ങൾ തിരിച്ചും അങ്ങനെ ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കും’’ -ഹർഭജൻ പറഞ്ഞു.

2015ൽ ദക്ഷി​ണാഫ്രിക്കക്കെതിരെയുള ഏകദിനത്തിലാണ് അവസാനമായി ഇരുവരും ഒരുമിച്ച് കളിച്ചത്. 2018 മുതൽ 2020വരെ ഐ.പി.എല്ലിൽ ധോണിയുടെ കീഴിൽ ഹർഭജൻ ചെന്നൈക്കായി കളിച്ചിരുന്നു. എന്നാൽ ധോണിയുമായുള്ള അകൽച്ചയുടെ കാരണം ഹർഭജൻ വ്യക്തമാക്കിയിട്ടില്ല. കളിക്കളത്തിൽ നിന്നും വിരമിച്ച ഹർഭജൻ നിലവിൽ ആം ആദ്മി പാർട്ടി രാജ്യസഭാംഗമാണ്.

Similar Posts