< Back
Cricket
Sreesanth was shocked after being hit by Harbhajan, then burst into tears; That scene from 2008 is out - video
Cricket

ഹർഭജന്റെ അടിയിൽ ആദ്യം ഞെട്ടൽ, പിന്നാലെ പൊട്ടിക്കരഞ്ഞ് ശ്രീശാന്ത്; 2008ലെ ആ ദൃശ്യം പുറത്ത്- വീഡിയോ

Sports Desk
|
29 Aug 2025 6:18 PM IST

ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദിയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്.

ലണ്ടൻ: ഹർഭജൻ സിങ് മലയാളി താരം എസ് ശ്രീശാന്തിന്റെ മുഖത്തടിച്ച സംഭവം പതിറ്റാണ്ടുകൾക്കിപ്പുറം വീണ്ടും ചർച്ചയാകുന്നു. 2008 ഐപിഎല്ലിനിടെ ഹർഭജൻ ശ്രീശാന്തിനെ മർദ്ദിച്ച വീഡിയോ പുറത്തുവിട്ട് മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദിയാണ് സംഭവം വീണ്ടും ചർച്ചയാക്കിയത്.

'2008ലെ മത്സരത്തിനിടെ ബ്രോഡ്കാസ്റ്റ് ചെയ്യാത്ത ദൃശ്യങ്ങളാണിത്. മത്സരം കഴിഞ്ഞ് ക്യാമറകൾ ഓഫ് ചെയ്തിരുന്നു. എന്നാൽ എന്റെ സുരക്ഷാ ക്യാമറകളിൽ ഒന്ന് ഓണായിരുന്നു. അതാണ് ശ്രീശാന്തും ബാജിയും (ഹർഭജൻ സിങ്) തമ്മിലുള്ള വിവാദ ദൃശ്യങ്ങൾ പകർത്തിയത്. ഹർഭജൻ കയ്യുടെ പിൻഭാഗം കൊണ്ട് ശ്രീശാന്തിനെ അടിക്കുകയാണ്'' ആസ്‌ട്രേലിയൻ മുൻ താരം മൈക്കൽ ക്ലാർക്കിനു നൽകിയ അഭിമുഖത്തിലാണ് ലളിത് മോദി ഇക്കാര്യം വ്യക്തമാക്കിയത്.

പ്രഥമ ഐപിഎല്ലിനിടെയാണ് വിവാദമായ സ്ലാപ്ഗേറ്റ് സംഭവമുണ്ടായത്. അന്ന് കിങ്‌സ് ഇലവൻ പഞ്ചാബിന്റെ താരമായിരുന്ന ശ്രീശാന്തിനെ മുംബൈ ഇന്ത്യൻസ് പ്ലെയർ ഹർഭജൻ സിങ് മുഖത്തടിക്കുകയായിരുന്നു. തുടർന്ന് കരഞ്ഞുകൊണ്ടുനിൽക്കുന്ന ശ്രീശാന്തിന്റെ വീഡിയോ അന്ന് വലിയ തോതിൽ ചർച്ചയായിരുന്നു. എന്നാൽ ദൃശ്യം പുറത്തുവന്നിരുന്നില്ല. 18 വർഷത്തിന് ശേഷമാണ് ആ വീഡിയോ ലളിത് മോദി പുറത്തുവിട്ടത്.

ശ്രീശാന്തിനെ തല്ലിയതിന് ശേഷം ഹർഭജൻ ഡ്രസിങ് റൂമിലെത്തി മാപ്പു പറഞ്ഞിരുന്നു. പിന്നാലെ സീസണിലെ മറ്റ് മൽസരങ്ങളിൽ നിന്ന് ബിസിസിഐ താരത്തെ പുറത്താക്കുകയും ചെയ്തിരുന്നു. വർഷങ്ങൾക്കിപ്പുറം അടുത്തിടെ ഹർഭജൻ സിങ് സംഭവം തനിക്കുപറ്റിയ വലിയ പിഴവാണെന്ന് പറയുകയും ചെയ്തിരുന്നു.

Similar Posts