< Back
Cricket
ടി20 ലോകകപ്പ്: പാകിസ്താനെ പരിശീലിപ്പിക്കാൻ ഹെയ്ഡനും ഫിലാൻഡറും
Cricket

ടി20 ലോകകപ്പ്: പാകിസ്താനെ പരിശീലിപ്പിക്കാൻ ഹെയ്ഡനും ഫിലാൻഡറും

Web Desk
|
13 Sept 2021 6:28 PM IST

പുതുതായി പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ചെയർമാനായി ഏറ്റെടുത്ത റമീസ് രാജയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പിസിബി ചെയർമാൻ എന്ന നിലയിൽ റമീസ് രാജ നടത്തുന്ന ശ്രദ്ധേയ നീക്കമാണിത്.

മുൻ ആസ്‌ട്രേലിയൻ ഓപ്പണർ മാത്യു ഹെയ്ഡനും ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ വെർണോൺ ഫിലാൻഡറും ടി20 ലോകകപ്പിൽ പാകിസ്താനെ പരിശീലിപ്പിക്കും. കൺസൾട്ടന്റ് കോച്ച് എന്ന നിലയിലാണ് ഇവരുടെ നിയമനം. പുതുതായി പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ചെയർമാനായി ഏറ്റെടുത്ത റമീസ് രാജയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പി.സി.ബി ചെയർമാൻ എന്ന നിലയിൽ റമീസ് രാജ നടത്തുന്ന ശ്രദ്ധേയ നീക്കമാണിത്.

മിസ്ബാഹുൽ ഹഖും വഖാർ യൂനുസുമായിരുന്നു പരിശീലക സ്ഥാനത്ത് ഉണ്ടായിരുന്നത്. ഇരുവരും രാജിവെച്ചതിനെ തുടർന്നാണ് പുതിയ നിയമനം. ബാറ്റിങ്, ബൗളിങ് പരിശീലകൻ എന്ന നിലയ്ക്കാണ് ഇരുവരുടെയും നിയമനം. പാകിസ്താന് ഇതുവരെയും ഒരു മുഴുസമയ പരിശീലകനെ നിയമിക്കാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡിന് ആയിട്ടില്ല. വരുന്ന ന്യൂസിലാൻഡ് പരമ്പരക്കും താത്കാലിക പരിശീലകന്മാരെയാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് നിയമിച്ചത്.

സഖ്‌ലൈൻ മുഷ്താഖ്, അബ്ദുൽ റസാഖ് എന്നിവരെയാണ് താത്കാലികമായി നിയമിച്ചിരിക്കുന്നത്. ഇരുവരും ടി20 ലോകകപ്പിൽ പാകിസ്താന്റെ ഭാഗമാകുമെന്നാണ് അറിയുന്നത്. അതേസമയം ഹെയ്ഡനും ഫിലാൻഡർക്കും പരിശീലകൻ എന്ന നിലയിൽ അനുഭവസമ്പത്തില്ല. ആസ്‌ട്രേലിയന്‍ താരമായ ഹെയ്ഡൻ രണ്ട് ലോകകപ്പ് നേടിയ ഓസീസ് സംഘത്തിലെ അംഗമാണ്. ഈ അനുഭവം പാക് ടീമിന് ഗുണം ചെയ്യുമെന്നാണ് റമീസ് രാജ പറയുന്നത്.

ഫിലാൻഡറുമായി ഏറെ നാളത്തെ വ്യക്തിബന്ധമുണ്ടെന്ന് പറഞ്ഞ റമീസ് രാജ, അദ്ദേഹം ദക്ഷിണാഫ്രിക്കക്കായി പന്ത് കൊണ്ട് മികച്ച പ്രകടനങ്ങൾ നടത്തിയ താരമാണെന്നും ഈ അനുഭവസമ്പത്ത് കൊണ്ട് പാക് ടീമിലെ ബൗളർമാരുടെ ആത്മവിശ്വാസം കൂട്ടാൻ കഴിയുമെന്നും രാജ വ്യക്തമാക്കി. 2009ലെ ടി20 ലോകകപ്പ് ചാമ്പ്യന്മാരാണ് പാകിസ്താൻ. ഒക്ടോബർ 24ന് ഇന്ത്യക്കെതിരെയാണ് പാകിസ്താന്റെ ആദ്യ മത്സരം.

Similar Posts