
ഏഷ്യാകപ്പ് ഹസ്തദാന വിവാദം; മാച്ച് റഫറിയെ മാറ്റണമെന്ന പിസിബി ആവശ്യം തള്ളി ഐസിസി
|മാച്ച് റഫറിയെ മാറ്റിയില്ലെങ്കിൽ ടൂർണമെന്റ് ബഹിഷ്‌കരിക്കുമെന്ന് പാകിസ്താൻ നേരത്തെ നിലപാടെടുത്തിരുന്നു
ദുബൈ: ഏഷ്യാ കപ്പിൽ ഇന്ത്യ-പാകിസ്താൻ മത്സരത്തിലെ ഹസ്തദാന വിവാദത്തിന് പിന്നാലെ റഫറിയെ മാറ്റണമെന്ന പാക് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം തള്ളി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ. മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ ഒഴിവാക്കണമെന്ന പിസിബിയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ഐസിസി നിലപാടെടുക്കുകയായിരുന്നു. ഔദ്യോഗികമായി ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഹസ്തദാന വിവാദത്തിൽ മാച്ച് റഫറിക്ക് യാതൊരു റോളുമില്ലെന്ന് ഐസിസി അറിയിച്ചു.
അതേസമയം, മാച്ച് റഫറിയെ മാറ്റിയില്ലെങ്കിൽ ടൂർണമെന്റ് ബഹിഷ്‌കരിക്കുമെന്ന് പാകിസ്താൻ നേരത്തെ നിലപാടെടുത്തിരുന്നു. ടോസ് സമയത്ത് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് ഹസ്തദാനം നൽകരുതെന്ന് പാക് ക്യാപ്റ്റൻ സൽമാൻ അലി ആഗയോട് മാച്ച് റഫറി ആവശ്യപ്പെട്ടതായി പിസിബി ആരോപണം ഉന്നയിച്ചിരുന്നു. പക്ഷപാതപരമായാണ് മാച്ച് റഫറി പെരുമാറിയതെന്ന് കാണിച്ചാണ് പിസിബി ഐസിസിക്ക് പരാതി നൽകിയത്. ഏഷ്യ കപ്പിൽ നാളെ നടക്കുന്ന പാക് -യുഎഇ മത്സരത്തിലും ആൻഡി പൈക്രൊഫ്റ്റ് തന്നെയാണ് മാച്ച് റഫറി. സൂപ്പർ ഫോറിലേക്ക് മുന്നേറാൻ പാകിസ്താന് ഈ മത്സരം ഏറെ നിർണായകമാണ്.