< Back
Cricket
ടീമിൽ ഇടം വേണമെങ്കിൽ ആഭ്യന്തര ക്രിക്കറ്റ് കളിക്കണം;രോഹിതിനും വിരാടിനും നിർദേശവുമായി ബിസിസിഐ
Cricket

ടീമിൽ ഇടം വേണമെങ്കിൽ ആഭ്യന്തര ക്രിക്കറ്റ് കളിക്കണം;രോഹിതിനും വിരാടിനും നിർദേശവുമായി ബിസിസിഐ

Sports Desk
|
12 Nov 2025 6:15 PM IST

രണ്ട് താരങ്ങളുടെയും മാച്ച് ഫിറ്റനെസ് നിലനിർത്തുന്നതിനായാണ് ഈ നിർദേശം

മുംബൈ: രോഹിത് ശർമക്കും വിരാട് കോഹ്ലിക്കും ടീമിൽ തുടരണെമങ്കിൽ ആഭ്യന്തര ക്രിക്കറ്റ് കളിക്കുക നിർബന്ധമെന്ന് ബിസിസിഐ. ഏകദിനത്തിൽ മാത്രം തുടരുന്ന രണ്ട് താരങ്ങളുടെയും മാച്ച് ഫിറ്റനെസ് നിലനിർത്തുന്നതിനായാണ് ഈ നിർദേശം. ആസസ്ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയിലാണ് രോഹിതും വിരാടും അവസാനമായി കളത്തിലിറങ്ങിയത്.

ഈ വർഷം ഡിസംബർ 20 ന് തുടങ്ങുന്ന വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാൻ തയാറാണെന്ന് രോഹിത് മുബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. വിരാട് വിജയ്ഹസാരെ ട്രോഫിയിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന ബോർഡർ ​ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ പരാജയപ്പെട്ടതിനു ശേഷം രോഹിതും വിരാടും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ബിസിസിഐ നിർദേശം നൽകിയിരുന്നു. തുടർന്ന് രണ്ട് താരങ്ങളും ഓരോ രഞ്ജി മത്സരങ്ങൾ കളിച്ചിരുന്നു.

നവംബർ 26 ന് തുടങ്ങുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും രോഹിത് ‍പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ആഭ്യന്തര ടൂർണമെന്റുകളിൽ പങ്കെടുക്കേണ്ടതിന്റ പ്രാധാന്യത്തെ പറ്റി മുമ്പ് സെലക്ഷൻ കമ്മീഷൻ ചെയർമാൻ‌ അജിത് അ​ഗാർക്കർ സംസാരിച്ചിരുന്നു. കളിക്കാർ ആഭ്യന്തര ക്രിക്കറ്റിൽ അവസരം ലഭിക്കുമ്പോളെല്ലാം കളിക്കണം. ഇത് അവരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കും എന്നുമാണ് അ​ഗാർക്കർ പറഞ്ഞത്.

Similar Posts