< Back
Cricket
രവിശാസ്ത്രിയും ധോണിയും ഉടക്കാതിരിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു: ഗവാസ്‌കര്‍
Cricket

രവിശാസ്ത്രിയും ധോണിയും 'ഉടക്കാതിരിക്കാന്‍' ഞാന്‍ പ്രാര്‍ത്ഥിക്കുന്നു: ഗവാസ്‌കര്‍

Web Desk
|
10 Sept 2021 12:15 PM IST

ഇന്ത്യന്‍ ടി20 ലോകകപ്പ് ടീമിന്റെ ഉപദേശകനായി ധോണിയെ തീരുമാനിച്ചതിന് പിന്നാലെ പല കോണുകളില്‍ നിന്ന് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു

ഇന്ത്യന്‍ ടി20 ലോകകപ്പ് ടീമിന്റെ ഉപദേശകനായി ധോണിയെ തീരുമാനിച്ചതിന് പിന്നാലെ പല കോണുകളില്‍ നിന്ന് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ധോണിയും ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ രവിശാസ്ത്രിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചായിരുന്നു പ്രധാനമായും ഉയര്‍ന്നുവന്ന അഭിപ്രായങ്ങള്‍. ഈ വിഷയത്തില്‍ തന്റെ ആവലാതി പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍.

'ധോണിയും രവിശാസ്ത്രിയും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളും ഉണ്ടാവരുതെന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. ഇവര്‍ തമ്മിലുള്ള എന്തു പ്രശ്‌നങ്ങളും ടീമിന്റെ ടാക്റ്റിക്‌സിനെ ബാധിക്കും', സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. ടീം സെലക്ഷനിലും തന്ത്രങ്ങളിലും ഇരുവര്‍ക്കും ഒരേ അഭിപ്രായമാണെങ്കില്‍ ടീമിന് അത് വലിയ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ധോണി ഉപദേശകനായി ടീമിനൊപ്പം ചേര്‍ന്നത് തീര്‍ച്ചയായും കളിക്കാര്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ്. കോച്ചിന്റെയും ഉപദേശകന്റെയും റോളുകള്‍ വ്യത്യസ്തമാണെന്നും രണ്ടുപേര്‍ക്കും ടീമിനെ വിജയത്തിലേക്കെത്തിക്കുന്നതില്‍ വലിയ പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സെപ്തംബര്‍ എട്ടിനായിരുന്നു ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. നാല് ബാറ്റ്‌സ്മാന്മാര്‍,രണ്ട് വിക്കറ്റ് കീപ്പര്‍മാര്‍,രണ്ട് ഓള്‍റൗണ്ടര്‍മാര്‍,മൂന്ന് പേസ് ബൗളര്‍മാര്‍, നാല് സ്പിന്നര്‍മാര്‍ എന്നിങ്ങനെയാണ് ടീമില്‍ ഇടംപിടിച്ചിട്ടുള്ളത്.

മുഴുവൻ ടീം: വിരാട് കോഹ്ലി(നായകൻ), രോഹിത് ശർമ(ഉപനായകൻ), കെഎൽ രാഹുൽ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്(വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പർ), ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ആർ അശ്വിൻ, അക്‌സർ പട്ടേൽ, രാഹുൽ ചഹാർ, വരുൺ ചക്രവർത്തി. റിസർവ് താരങ്ങൾ: ശ്രേയസ് അയ്യർ, ഷർദുൽ താക്കൂർ, ദീപക് ചഹാർ. ഒക്ടോബര്‍ 17ന് ലോകകപ്പിന് തുടക്കമാകും. യുഎഇയിലും ഒമാനിലുമായാണ് മത്സരങ്ങള്‍ നടക്കുന്നത്. നവംബര്‍ 14നാണ് കലാശപ്പോരാട്ടം.





Similar Posts