< Back
Cricket
india-australia 3rd test

india-australia

Cricket

അഞ്ച് വിക്കറ്റുമായി കുനെമാൻ; ഇൻഡോറിൽ ഇന്ത്യ 109ന് പുറത്ത്

Web Desk
|
1 March 2023 2:55 PM IST

22 റൺസെടുത്ത വിരാട് കോഹ്‌ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.

ഇൻഡോർ: ആസ്‌ത്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യ 109ന് പുറത്ത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മാത്യു കുനെമാന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. 16 റൺസ് മാത്രം വഴങ്ങിയ കുനെമാൻ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ നേതൻ ലിയോൺ മൂന്ന് വിക്കറ്റ് വീഴ്ത്തി. 22 റൺസെടുത്ത വിരാട് കോഹ്‌ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.

കോഹ്‌ലിക്ക് പുറമെ ശുഭ്മാൻ ഗിൽ (21), രോഹിത് ശർമ (12), ശ്രീകർ ഭരത് (17), അക്‌സർ പട്ടേൽ (പുറത്താകാതെ 12) ഉമേഷ് യാദവ് (17) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. രോഹിതിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. കുനെമാൻ എറിഞ്ഞ ആറാം ഓവറിൽ രോഹിതിനെ അലക്‌സ് ക്യാരി സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. പിന്നാലെ ഗില്ലും മടങ്ങി. കെ.എൽ രാഹുലിന് പകരമെത്തിയ ഗില്ലിനെ കുനെമാൻ സ്ലിപ്പിൽ സ്റ്റീവൻ സ്മിത്തിന്റെ കൈകളിലെത്തിച്ചു.

ഒരു റൺ മാത്രമെടുത്ത ചേതേശ്വർ പൂജാര ലിയോണിന്റെ പന്തിൽ ബൗൾഡായി. അഞ്ചാമനായി ക്രീസിലെത്തിയ രവീന്ദ്ര ജഡേജ (4) ലിയോണിന്റെ പന്തിൽ ഷോർട്ട് കവറിൽ കുനെമാന് ക്യാച്ച് നൽകി മടങ്ങി. പിന്നാലെ ക്രീസിലെത്തിയ ശ്രേയസ് അയ്യർ (0) രണ്ടാം പന്തിൽ തന്നെ മടങ്ങി.

ഉച്ചഭക്ഷണത്തിന് ശേഷം ആർ. അശ്വിനാണ് (3) രണ്ടാം സെഷനിൽ ആദ്യം പുറത്തായത്. പിന്നാലെ ഇറങ്ങിയ ഉമേഷ് യാദവ് 13 പന്തിൽ 17 റൺസ് അടിച്ചതോടെയാണ് ഇന്ത്യൻ സ്‌കോർ 100 കടന്നത്. അക്‌സർ പട്ടേലുമായുണ്ടായ ധാരണപ്പിശകിൽ മുഹമ്മദ് സിറാജ് (0) റണ്ണൗട്ടായതോടെ ഇന്ത്യൻ ഇന്നിങ്‌സ് അവസാനിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്‌ത്രേലിയ 24 ഓവർ പിന്നിട്ടപ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 84 റൺസ് നേടിയിട്ടുണ്ട്. ഒമ്പത് റൺസ് നേടിയ ട്രാവിസ് ഹെഡിന്റെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. ട്രാവിസിനെ രവീന്ദ്ര ജഡേജ എൽ.ബി.ഡബ്ല്യൂവിൽ കുടുക്കുകയായിരുന്നു. 44 റൺസുമായി ഉസ്മാൻ ഖ്വാജയും 20 റൺസുമായി മാർനസ് ലബുഷൈനുമാണ് ക്രീസിലുള്ളത്.

Similar Posts