< Back
Cricket
india-aus
Cricket

തിരിച്ചടിച്ച് ബൗളർമാർ; ഓസീസിനെതിരെ ഇന്ത്യക്ക് നാല് റൺസ് ലീഡ്

Sports Desk
|
4 Jan 2025 9:35 AM IST

സിഡ്നി: ബോർഡർ ഗവാസ്കർ ട്രോഫിയിലെ നിർണായകമായ അഞ്ചാം ടെസ്റ്റിൽ തിരിച്ചടിച്ച് ഇന്ത്യൻ ബൗളർമാർ. ആദ്യ ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ 185 റൺസ് പിന്തുടർന്ന ഓസീസ് 181 റൺസിന് പുറത്തായി. ഇന്ത്യക്കായി മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ എന്നിവർ മൂന്ന് വീതം വിക്ക​റ്റുകളെടുത്തു.

അതിനിടയിൽ ക്യാപ്റ്റൻ ജസ്പ്രീത് ബുംറ ടീം ഡോക്ടർക്കൊപ്പം സ്റ്റേഡിയം വിട്ടത് ഇന്ത്യൻ ക്യാമ്പിന് ആശങ്ക പകരുന്നുണ്ട്. ലഞ്ചിന് മുന്നോടിയായി ഗ്രൗണ്ടിന് പുറത്തേക്ക് പോയ ബുംറ ലഞ്ചിന് ശേഷം പന്തെറിഞ്ഞെങ്കിലും വേഗത കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബുംറ കാറിൽ ഡോക്ടർക്കൊപ്പം മടങ്ങുന്ന ദൃശ്യങ്ങൾ വന്നത്. എന്നാൽ താരത്തിന്റെ ഫിറ്റ്നസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. താരത്തിന്റെ അഭാവത്തിൽ വിരാട് കോഹ്‍ലിയാണ് ഇന്ത്യൻ ടീമിനെ നയിച്ചത്.

ഒൻപതിന് ഒന്ന് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ഫോമിലുള്ള മാർണസ് ലബുഷെയ്നെയാണ് ആദ്യം നഷ്ടമായത് (2). ബുംറക്കായിരുന്നു വിക്കറ്റ്. അധികം വൈകാതെ സാം ​​കോൺസ്റ്റാസിനെ യശസ്വി ജയ്സ്വാളി​ന്റെ കൈകളിൽ എത്തിച്ച് സിറാജ് ആഞ്ഞടിച്ചു. തൊട്ടുപിന്നാലെ നാലു റൺസെടുത്ത ട്രാവിസ് ഹെഡും സിറാജിന്റെ പന്തിൽ പുറത്തായതോടെ ഓസീസ് 39ന് നാല് എന്ന നിലയിൽ പതുക്കി.

തുടർന്ന് ക്രീസിലുറച്ച ബ്യൂ വെബ്സ്റ്ററും (57) സ്റ്റീവൻ സ്മിത്തും (33) ചേർന്ന് ഓസീസ് ഇന്നിങ്സിനെ മുന്നോട്ടുകൊണ്ടുപോയി. ടീം സ്കോർ 96ൽ നിൽക്കേ സ്മിത്തിനെ രാഹുലിന്റെ കൈകളിലെത്തിച്ച് പ്രസീദ് മത്സരത്തിലേക്ക് ഇന്ത്യ​യെ തിരികെ കൊണ്ടുവന്നു. അലക്സ് ക്യാരി (21), പാറ്റ് കമ്മിൻസ് (10), മിച്ചൽ സ്റ്റാർക്ക് (1), നേഥൻ ലയോൺ (7 നോട്ടൗട്ട്), സ്കോട്ട് ബോളണ്ട് (9) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോറുകൾ.

Similar Posts