
ഡൽഹി ടെസ്റ്റിൽ വിൻഡീസിനെതിരെ ഇന്ത്യ ജയത്തിലേക്ക്; അഞ്ചാംദിനം വേണ്ടത് 58 റൺസ് മാത്രം
|25 റൺസുമായി കെഎൽ രാഹുലും 30 റൺസുമായി സായ് സുദർശനുമാണ് ക്രീസിൽ
ഡൽഹി: വിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ അഞ്ചാംദിനം ഇന്ത്യക്ക് വിജയത്തിന് വേണ്ടത് 58 റൺസ് മാത്രം. വെസ്റ്റിൻഡീസിനെ രണ്ടാം ഇന്നിങിൽ 390 റൺസിൽ ഓൾഔട്ടാക്കിയ ആതിഥേയർ 121 റൺസ് വിജയലക്ഷ്യത്തിലേക്കാണ് നാലാംദിനം ബാറ്റുവീശിയത്. തുടർന്ന് ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് ആദ്യ ഇന്നിങ്‌സിൽ സെഞ്ച്വറി നേടിയ യശസ്വി ജയ്‌സ്വാളിന്റെ(8) വിക്കറ്റാണ് നഷ്ടമായത്. നാലാം ദിനം സ്റ്റമ്പെടുക്കുമ്പോൾ 25 റൺസുമായി കെഎൽ രാഹുലും 30 റൺസുമായി സായ് സുദർശനുമാണ് ക്രീസിൽ.
രണ്ടാം ഇന്നിങ്സിൽ ഓപ്പണർ ജോൺ ക്യാമ്പലിന്റെയും ഷായി ഹോപ്പിന്റെയും സെഞ്ച്വറികളുടെ മികവിൽ വിൻഡീസ് 390 റൺസാണ് അടിച്ചു കൂട്ടിയത്. ഇന്ത്യൻ ബോളിങ് നിരയിൽ കുൽദീപ് യാദവും ജസ്പ്രീത് ബുംറയും മൂന്ന് വീതം വിക്കറ്റുകളുമായി തിളങ്ങി.
നാലാം ദിനത്തിൽ ബാറ്റിംഗ് തുടർന്ന വിൻഡീസിനായി ഓപ്പണർ ജോൺ ക്യാമ്പെൽ സെഞ്ച്വറി കുറിച്ചു. നേരത്തെ തന്നെ ചന്ദർപോളും അൽതാൻസയും പുറത്തായി. 64ാം ഓവറിൽ ജഡേജയുടെ പന്തിൽ ക്യാമ്പെൽ പുറത്താകുമ്പോൾ സ്കോർബോർഡിൽ 203 റൺസായിരുന്നു. റസ്‌റ്റൺ ചെയ്‌സുമൊത്ത് ബാറ്റ് ചെയ്ത ഹോപ്പും സെഞ്ച്വറി പൂർത്തിയാക്കി. മുഹമ്മദ് സിറാജാണ് ഹോപിനെ പുറത്താക്കിയത്. അപ്പോഴേക്കും വിൻഡീസ് സ്കോർ 271 കടന്നിരുന്നു. ക്യാപ്റ്റൻ റസ്റ്റൺ ചേസിനെയും ഇംമ്ലാച്ചിനെയും പുറത്താക്കി കുൽദീപ് യാദവ് വിൻഡീസിന്റെ രണ്ടു വിക്കറ്റുകൾ വീഴ്ത്തി. പിന്നാലെ വന്ന ജസ്റ്റിൻ ഗ്രീവസാണ് വിൻഡീസ് സ്കോർ നില വീണ്ടും ഉയർത്തിയത്. ഒമ്പതാം വിക്കറ്റിൽ ഗ്രീവ്‌സും സീൽസും ചേർന്ന് അമ്പതു റൺസിനെ കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ 118ാം ഓവറിൽ ബുംറയാണ് സീൽസിനെ പുറത്താക്കി വിൻഡീസിനെ 390 റൺസിൽ ഓൾഔട്ട് ആക്കിയത്.