< Back
Cricket
ലീഡ്സില്‍ പുജാരക്ക് പകരം സൂര്യകുമാര്‍ യാദവ്? ഇന്ത്യയുടെ സാധ്യത ടീം ഇങ്ങനെ
Cricket

ലീഡ്സില്‍ പുജാരക്ക് പകരം സൂര്യകുമാര്‍ യാദവ്? ഇന്ത്യയുടെ സാധ്യത ടീം ഇങ്ങനെ

Web Desk
|
24 Aug 2021 9:08 PM IST

1976ന് ശേഷം ഹെഡിങ്‌ലേയില്‍ ഇന്ത്യ തോല്‍വി അറിഞ്ഞിട്ടില്ല

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരം നാളെ ലീഡ്സില്‍ നടക്കും. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0ന് മുന്നിലെത്തിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. എന്നാല്‍ ഇംഗ്ലണ്ടിന് പരിക്ക് തലവേദനയാവുകയാണ്.

മൂന്നാം ടെസ്റ്റില്‍ ചേതേശ്വര്‍ പൂജാരയെ ടീമില്‍ നിന്ന് ഒഴിവാക്കുമോ എന്ന ചോദ്യമാണ് ആരാധകര്‍ക്കിടയില്‍ ഉയരുന്നത്. ലോഡ്‌സ് ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ കൂട്ടുകെട്ട് ഉയര്‍ത്താന്‍ രഹാനെക്കൊപ്പം നിന്നതൊഴിച്ചാല്‍ മോശം പ്രകടനമാണ് പൂജാര കാഴ്ചവെച്ചത്. പൂജാരയെ മാറ്റി നിര്‍ത്തി സൂര്യകുമാര്‍ യാദവിന് ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കാന്‍ അവസരം ലഭിച്ചേക്കും എന്ന വിലയിരുത്തല്‍ ശക്തമാണ്.

1976ന് ശേഷം ഹെഡിങ്‌ലേയില്‍ ഇന്ത്യ തോല്‍വി അറിഞ്ഞിട്ടില്ല. സീമര്‍മാരെ തുണക്കുന്നതാണ് ഹെഡിങ്‌ലേയിലെ പിച്ച്. ഇവിടെ നാല് പേസര്‍മാരും ഒരു സ്പിന്നറും എന്ന നിലയില്‍ തന്നെ ഇന്ത്യ ഇറങ്ങാനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ രവീന്ദ്ര ജഡേജ പ്ലേയിങ് ഇലവനിലേക്ക് എത്തുകയും അശ്വിന്‍ തുടര്‍ച്ചയായ മൂന്നാമത്തെ ടെസ്റ്റില്‍ പുറത്തിരിക്കേണ്ടി വരികയും ചെയ്യും.

ശര്‍ദുല്‍ ഠാക്കൂര്‍ പരിക്കില്‍ നിന്നും മോചിതനായെങ്കിലും പ്ലേയിങ് ഇലവനില്‍ ഇടം ലഭിക്കുമോ എന്ന് വ്യക്തമല്ല. ഇശാന്ത് ശര്‍മക്ക് പകരം ശര്‍ദുലിനെ ഇറക്കുമോ അതോ ലോഡ്‌സിലെ അതേ പേസ് നിരയുമായി ഇന്ത്യ ഇറങ്ങുമോ എന്നാണ് അറിയേണ്ടത്.

ഇന്ത്യയുടെ സാധ്യത ഇലവന്‍: രോഹിത് ശര്‍മ്മ, കെ.എല്‍ രാഹുല്‍, വിരാട് കോഹ്‍ലി, സൂര്യകുമാര്‍ യാദവ്, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രിത് ബൂമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് സിറാജ്

Related Tags :
Similar Posts