< Back
Cricket
cricket south africa
Cricket

ബൗളർമാരുടെ കളി: ഇന്ത്യക്ക് മുന്നിൽ കറങ്ങി വീണ് ദക്ഷിണാഫ്രിക്ക

Sports Desk
|
15 Nov 2025 5:40 PM IST

കൊൽക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ ഡ്രൈവിങ് സീറ്റിൽ. രവീന്ദ്ര ജഡേജയുടെ ഓൾറൗണ്ട് പ്രകടനമാണ് ഈഡൻ ഗാർഡൻസിൽ ഇന്ത്യക്ക് മേൽക്കൈ നൽകിയത്. രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ദിനം അവസാനിക്കുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 93 റൺസ് എന്ന നിലയിലാണ്. നിലവിൽ 63 റൺസിന്റെ ലീഡ് മാത്രമാണ് സന്ദർശകർക്കുള്ളത്.

37ന് 1 എന്ന നിലയിൽ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യ 189 റൺസിന് എല്ലാവരും പുറത്തായി. എങ്കിലും ഇന്ത്യക്ക് നിർണായകമായ 30 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാനായി.കെ.എൽ. രാഹുൽ (39), വാഷിംഗ്ടൺ സുന്ദർ (29), ഋഷഭ് പന്ത് (27), രവീന്ദ്ര ജഡേജ (27) എന്നിവരാണ് ഇന്ത്യൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.ദക്ഷിണാഫ്രിക്കയ്ക്കായി മാർക്കോ യാൻസൻ നാല് വിക്കറ്റ് വീഴ്ത്തി.

30 റൺസിന്റെ ലീഡുമായി ബൗളിംഗിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി സ്പിന്നർമാരായ രവീന്ദ്ര ജഡേജയും കുൽദീപ് യാദവും തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. നാല് സുപ്രധാന വിക്കറ്റുകൾ വീഴ്ത്തിയ ജഡേജയാണ് ദക്ഷിണാഫ്രിക്കയുടെ നട്ടെല്ലൊടിച്ചത്. 78 പന്തിൽ 29 റൺസുമായി ക്യാപ്റ്റൻ ടെംബ ബാവുമായും ഒരു റൺസുമായി കോർബിൻ ബോഷുമാണ് ക്രീസിൽ.

ഇന്ത്യൻ ബാറ്റിംഗിനിടെ കഴുത്തിന് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ റിട്ടയേർഡ് ഹർട്ട് ആയി മടങ്ങിയിരുന്നു. കളി മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോൾ ദക്ഷിണാഫ്രിക്കയുടെ ശേഷിക്കുന്ന 3 വിക്കറ്റുകൾ കൂടി വേഗത്തിൽ വീഴ്ത്തി ചെറിയ വിജയലക്ഷ്യം പിന്തുടരാനാകും ഇന്ത്യയു​ടെ ശ്രമം.

Related Tags :
Similar Posts