< Back
Cricket
India unchanged in Sydney; 185 runs out in the first innings, the Aussies lost their first wicket
Cricket

സിഡ്നിയിലും മാറ്റമില്ലാതെ ഇന്ത്യ; ആദ്യ ഇന്നിങ്സിൽ 185 റൺസിന് പുറത്ത്, ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടം

Sports Desk
|
3 Jan 2025 10:06 AM IST

40 റൺസെടുത്ത ഋഷഭ് പന്താണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ

സിഡ്നി: ആസ്‌ത്രേലിയക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫി സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം കളി അവസാനിക്കുമ്പോൾ ഓസീസ് 9-1 എന്ന നിലയിൽ. നേരത്തെ ഇന്ത്യ ഒന്നാം ഇന്നിങ്‌സിൽ 185 റൺസിന് ഓൾഔട്ടായിരുന്നു. 40 റൺസെടുത്ത ഋഷഭ് പന്താണ് സന്ദർശക നിരയിലെ ടോപ് സ്‌കോറർ. നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശർമക്ക് പകരം ജസ്പ്രീത് ബുംറക്ക് കീഴിലാണ് ടീം ഇറങ്ങിയത്. യശസ്വി ജയ്‌സ്വാൾ(10), കെ.എൽ രാഹുൽ(4), ശുഭ്മാൻ ഗിൽ(20), വിരാട് കോഹ്‌ലി(17) എന്നിവരുടെ വിക്കറ്റുകൾ തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന രവീന്ദ്രജഡേജ(26), ഋഷഭ് പന്ത്(40) കൂട്ടുകെട്ട് പ്രതീക്ഷ നൽകി. എന്നാൽ ജഡേജയെ വിക്കറ്റിന് മുന്നിൽ കുരുക്കി മിച്ചെൽ സ്റ്റാർക്ക് ആതിഥേയർക്കായി ബ്രേക്ക് ത്രൂ നൽകി. തുടർന്ന് ക്രീസിലെത്തിയ നിതീഷ് കുമാർ റെഡ്ഡി(0) നേരിട്ട ആദ്യ പന്തിൽ തന്നെ മടങ്ങിയത് ആതിഥേയർക്ക് വലിയ തിരിച്ചടിയായി. അവസാന സെഷനിൽ വാഷിങ്ടൺ സുന്ദറും(14), ജസ്പ്രീത് ബുംറയും(22) ആഞ്ഞുവീശിയതോടെയാണ് ഇന്ത്യൻ സ്‌കോർ 150 കടന്നത്. ഓസീസിനായി സ്‌കോട്ട് ബോളണ്ട് നാല് വിക്കറ്റ് വീഴ്ത്തി.

അവസാന ടെസ്റ്റിൽ ഇറങ്ങിയ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. അഞ്ചാം ഓവറിൽ രാഹുലിനെ സാം കോൺസ്റ്റസിന്റെ കൈകളിലെത്തിച്ച് മിച്ചൽ സ്റ്റാർക്ക് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. പിന്നാലെ മികച്ച ഫോമിലുള്ള ജയ്‌സ്വാളും മടങ്ങിയതോടെ ഇന്ത്യ തിരിച്ചടി നേരിട്ടു. ടീമിലേക്ക് മടങ്ങിയെത്തിയ ഗിൽ മികച്ച രീതിയിൽ കളിച്ചെങ്കിലും ലിയോണിന്റെ സ്പിൻ കെണിയിൽ വീണു. ആദ്യ സെഷന്റെ അവസാന പന്തിലാണ് യുവതാരം മടങ്ങിയത്. ലിയോണിന്റെ പന്ത് ക്രീസ് വിട്ട് പ്രതിരോധിക്കാനുള്ള ശ്രമത്തിൽ സ്ലിപ്പിൽ സ്റ്റീവ് സ്മിത്തിന് ക്യാച്ച് നൽകുകയായിരുന്നു. പിന്നാലെ വിരാട് കോഹ്ലി ഓഫ്സ്റ്റമ്പിന് പുറത്തുള്ള പന്ത് നേരിടുന്നതിൽ വീണ്ടും പരാജയപ്പെട്ടതോടെ ഇന്ത്യ 72-4 എന്ന നിലയിലായി. മറുപടി ബാറ്റിങിൽ ഓസീസിന്റെ തുടക്കം മികച്ചതായില്ല. ആദ്യദിനത്തിലെ അവസാന പന്തിൽ ഉസ്മാൻ ഖ്വാജയെ(2) പുറത്താക്കി ജസ്പ്രീത് ബുംറ ഇന്ത്യക്ക് പ്രതീക്ഷ നൽകി. ജസ്പ്രീത് ബുംറക്കും സംഘത്തിനും ഏറെ നിർണായകമാണ് ഈ ടെസ്റ്റ്. ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഒപ്പമെത്താനുള്ള അവസാന അവസരമാണിത്.

Similar Posts