< Back
Cricket
India write history at Edgbaston; win 2nd Test against England
Cricket

എജ്ബാസ്റ്റണിൽ ചരിത്രമെഴുതി ഇന്ത്യ; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ കൂറ്റൻ ജയം

Sports Desk
|
6 July 2025 10:12 PM IST

ആകാശ്ദീപ് രണ്ട് ഇന്നിങ്‌സിലുമായി ഇന്ത്യക്കായി പത്ത് വിക്കറ്റ് വീഴ്ത്തി

ബർമിങ്ങാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് കൂറ്റൻ ജയം. ഇന്ത്യ ഉയർത്തിയ 608 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് രണ്ടാം ഇന്നിങ്‌സിൽ ബാറ്റുവീശിയ ഇംഗ്ലണ്ടിന്റെ പോരാട്ടം 271ൽ അവസാനിച്ചു. പേസർ ആകാശ്ദീപ് ആറു വിക്കറ്റുമായി തിളങ്ങി. എജ്ബാസ്റ്റൺ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ആദ്യ വിജയമാണിത്. ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയിൽ ഒപ്പമെത്താനും(1-1) ഇന്ത്യക്കായി. അവസാനദിനമായ ഇന്ന് മഴകാരണം രണ്ട് മണിക്കൂറോളം വൈകിയാണ് മത്സരം ആരംഭിച്ചത്. എന്നാൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റെടുത്ത് സന്ദർശകർ വിജയത്തിലേക്ക് അടിവെച്ച് മുന്നേറി.

മൂന്നിന് 72 എന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർക്ക് ആദ്യ സെഷനിൽ മൂന്ന് വിക്കറ്റാണ് നഷ്ടമായത്. ഒലീ പോപ്പിനെ(24) വീഴ്ത്തി ഇന്ത്യ ആദ്യ പ്രഹരമേൽപ്പിച്ചു. ആകാശ്ദീപ് ഇംഗ്ലീഷ് ബാറ്ററെ ക്ലീൻബൗൾഡാക്കുകയായിരുന്നു. പിന്നാലെ ഹാരി ബ്രൂക്കിനെ വിക്കറ്റിന് മുന്നിൽകുരുക്കി പേസർ മികവ് ആവർത്തിച്ചു. തുടർന്ന് സ്റ്റോക്‌സ് - സ്മിത്ത് സഖ്യം 70 റൺസ് കൂട്ടിചേർത്തു. എന്നാൽ ലഞ്ചിന് മുൻപെ സ്റ്റോക്‌സിനെ വീഴ്ത്തി സന്ദർശകർ വിജയലക്ഷ്യത്തിലേക്ക് അടിവെച്ചു. ഓപ്പണർമാരായ ബെൻ ഡക്കറ്റ്, സാക് ക്രോളി, ജോ റൂട്ട് എന്നിവരുടെ വിക്കറ്റുകൾ ഇന്നലെ ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു. ലഞ്ചിന് പിരിയുമ്പോൾ 153-6 എന്ന നിലയിലാണ് ആതിഥേയർ. എന്നാൽ രണ്ടാം സെഷനിൽ അവശേഷിക്കുന്ന നാല് വിക്കറ്റുകൾ പിഴുതെടുത്ത് ഇന്ത്യ ചരിത്രത്തിലേക്ക് നടന്നു. ശുഭ്മാൻ ഗില്ലിന് കീഴിൽ ഇന്ത്യ നേടുന്ന ആദ്യ ടെസ്റ്റ് വിജയവുമായി ബെർമിങ്ങാമിലേത്.

ഇംഗ്ലണ്ടിനായി ജാമി സ്മിത്ത്(88) ടോപ് സ്‌കോററായി. ക്രിസ് വോക്‌സ്(8), ബ്രൈഡൻ കാർസ്(38), ജോഷ് ടോങ്(2), ഷുഹൈബ് ബഷീർ(12) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. നേരത്തെ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ സെഞ്ചുറിയുടെയും രവീന്ദ്ര ജഡേജ, ഋഷഭ് പന്ത്, കെ എൽ രാഹുൽ എന്നിവരുടെ അർധസെഞ്ചുറികളുടെയും ബലത്തിൽ രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 427 റൺസിൽ ഇന്ത്യ ഇന്നിങിസ് ഡിക്ലയർ ചെയ്യുകയായിരുന്നു.

Similar Posts