< Back
Cricket
Conveck half-century; New Zealand lead by 134 runs, 180-3 in the Bengaluru Test
Cricket

കോൺവെക്ക് അർധസെഞ്ച്വറി; ബെംഗളൂരു ടെസ്റ്റിൽ ന്യൂസിലാൻഡിന് 134 റൺസ് ലീഡ്, 180-3

Sports Desk
|
17 Oct 2024 6:19 PM IST

ഇന്ത്യയുടെ അഞ്ച് ബാറ്റ്‌സ്മാൻമാർ പൂജ്യത്തിന് പുറത്തായി.

ബെംഗളൂരു: ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ലീഡ് വഴങ്ങി ഇന്ത്യ. ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം കളി അവസാനിച്ചപ്പോൾ 180-3 എന്ന നിലയിലാണ് ന്യൂസിലാൻഡ്. 134 റൺസ് ലീഡായി. 22 റൺസുമായി രചിൻ രവീന്ദ്രയും 14 റൺസുമായി ഡാരൽ മിച്ചലുമാണ് ക്രീസിൽ. ഡെവൻ കോൺവേ 91 റൺസുമായി പുറത്തായി. ക്യാപ്റ്റൻ ടോം ലഥാം (15), വിൽ യങ് (33) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഇന്ത്യക്കായി ആർ അശ്വിൻ,കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മത്സരത്തിനിടെ ഋഷഭ് പന്ത് പരിക്കേറ്റ് കളംവിട്ടു. ഫീൽഡിങിൽ മോശം പ്രകടനം നടത്തിയ ഇന്ത്യ നിരവധി ക്യാച്ച് അവസരങ്ങളാണ് നഷ്ടപ്പെടുത്തിയത്.

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 46 റൺസിൽ അവസാനിച്ചിരുന്നു. സ്വന്തം മണ്ണിൽ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. ഓസ്‌ട്രേലിയക്കെതിരെ അഡ്‌ലൈഡ് ടെസ്റ്റിൽ 36 റൺസിന് ഓൾഔട്ടായതാണ് ഏറ്റവും ചെറിയ ടോട്ടൽ. വിരാട് കോഹ്‌ലി, സർഫറാസ് ഖാൻ, കെ.എൽ രാഹുൽ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ എന്നിവർ പൂജ്യത്തിന് പുറത്തായി. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് സ്‌കോർബോർഡിൽ ഒൻപത് റൺസ് തികക്കുന്നതിനിടെ രോഹിത് ശർമയെ നഷ്ടമായി. ടീം സൗത്തിയുടെ പന്തിൽ ഇന്ത്യൻ നായകൻ ക്ലീൻബൗൾഡാകുകയായിരുന്നു. തൊട്ടുപിന്നാലെ വിരാട് കോഹ്ലിയെ മടക്കി വിൽ ഒറൂകെയും സർഫറാസ് ഖാനെ പുറത്താക്കി മാറ്റ് ഹെൻട്രിയും ഇരട്ട ഷോട്ട് നൽകി. ഇതോടെ ഇന്ത്യ 10-3 എന്ന നിലയിലായി. നാലാം വിക്കറ്റിൽ യശസ്വി ജെയ്സ്വാളും-ഋഷഭ് പന്തും ചേർന്ന് കരുതലോടെ മുന്നേറി.

എന്നാൽ 13 റൺസിൽ നിൽക്കെ ജയ്സ്വാളിനെ വീഴ്ത്തി ഒറൂകെ വീണ്ടും പ്രഹരമേൽപ്പിച്ചു. തൊട്ടടുത്ത ഓവറിൽ കെ.എൽ രാഹിലിനെയും(0) പുറത്താക്കി. ലഞ്ചിന് പിരിയുന്നതിന് തൊട്ടുമുൻപായി രവീന്ദ്ര ജഡേജയെ(0) അജാസ് പട്ടേലിന്റെ കൈകളിലെത്തിച്ച് 34-6 എന്ന നാണക്കേടിലേക്ക് ആതിഥേയരെ തള്ളിയിട്ടു. രണ്ടാം സെഷനിലെ തുടക്കത്തിൽ അശ്വിനും(0) പുറത്തായതോടെ ഇന്ത്യയുടെ സ്‌കോർ 46ൽ ഒതുങ്ങി.

Similar Posts