< Back
Cricket
Axar strikes twice, Bumrah takes wicket on first ball; Kiwis falter against India
Cricket

ഇരട്ടപ്രഹരവുമായി അക്‌സർ, ആദ്യപന്തിൽ വിക്കറ്റെടുത്ത് ബുംറ; ഇന്ത്യക്കെതിരെ കിവീസ് പതറുന്നു

Sports Desk
|
8 March 2026 9:45 PM IST

കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ ഫിൻ അലെൻ 9 റൺസെടുത്ത് പുറത്തായി

അഹമ്മദാബാദ്: ഇന്ത്യ ഉയർത്തിയ 256 റൺസ് കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശുന്ന ന്യൂസിലൻഡിന് മോശം തുടക്കം. പവർപ്ലെ ഓവറുകൾ പൂർത്തിയാകുമ്പോൾ മൂന്ന് വിക്കറ്റാണ് കിവീസിന് നഷ്ടമായത്. ഫിൻ അലൻ(9), രചിൻ രവീന്ദ്ര(1), ഗ്ലെൻ ഫിലിപ്പ്‌സ്(5) എന്നിവരാണ് കൂടാരം കയറിയത്. 16 പന്തിൽ 32 റൺസുമായി ടിം സെയ്‌ഫേർട്ടും ഒരു റണ്ണുമായി മാർക്ക് ചാപ്മാനുമാണ് ക്രീസിൽ. ഇന്ത്യക്കായി അക്‌സർ പട്ടേൽ രണ്ട് വിക്കറ്റെടുത്തപ്പോൾ ബുംറക്കാണ് മറ്റൊരു വിക്കറ്റ്.

സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ച്വറിയുമായി തകർത്തടിച്ച ഫിൻ അലന് നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ കാര്യമായൊന്നും ചെയ്യാനായില്ല. അക്‌സർ പട്ടേലിന്റെ ഓവറിൽ വലിയ ഷോട്ടിന് ശ്രമിച്ച ന്യൂസിലൻഡ് ഓപ്പണർ തിലക് വർമയുടെ കൈകളിൽ അവസാനിച്ചു. കഴിഞ്ഞ മത്സരത്തിലേതിന് സമാനമായി ജസ്പ്രീത് ബുംറയുടെ ആദ്യ പന്തിൽ രചിൻ രവീന്ദ്രയും മടങ്ങി. ഇതോടെ പവർപ്ലെയിൽ 52 റൺസ് മാത്രമാണ് സ്‌കോർബോർഡിൽ ചേർക്കാനായത്.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 255 റൺസാണ് അടിച്ചെടുത്തത്. സഞ്ജു സാംസണിന്റേയും(46 പന്തിൽ 89), ഇഷാൻ കിഷന്റേയും(25 പന്തിൽ 54), അഭിഷേക് ശർമയുടേയും(21 പന്തിൽ 51) അർധ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോറിലേക്ക് മുന്നേറിയത്. അവസാന ഓവറിൽ ശിവം ദുബെയും (8 പന്തിൽ 26) തകർത്തടിച്ചതോടെ ഇന്ത്യൻ സ്‌കോർ 250 കടന്നു. ടി20 ലോകകപ്പിലെ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്‌കോറാണിത്. നേരത്തെ പവർപ്ലെയിൽ 92 റൺസെടുത്തും ഇന്ത്യ റെക്കോർഡ് റൺസ് സ്‌കോർ ബോർഡിൽ ചേർത്തിരുന്നു.

Similar Posts