< Back
Cricket
Captains not ready to shake hands; Pakistan set 248-run target against India
Cricket

ഹസ്തദാനത്തിന് തയാറാകാതെ ക്യാപ്റ്റൻമാർ; ഇന്ത്യക്കെതിരെ പാകിസ്താന് 248 റൺസ് വിജയലക്ഷ്യം

Sports Desk
|
5 Oct 2025 7:44 PM IST

മാച്ച് റഫറി പാകിസ്താന് അനുകൂലമായി ടോസ് അനുവദിച്ചതും വിവാദമായി

കൊളംബോ: വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യക്കെതിരെ പാകിസ്താന് 248 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 247 റൺസിന് ഓൾഔട്ടായി. 46 റൺസെടുത്ത ഹർലീൻ ഡിയോൾ ടോപ് സ്‌കോററായി. പ്രതിക റവാൽ(31), ജെമി റോഡ്രിഗസ്(32) എന്നിവർ മികച്ച പിന്തുണ നൽകി. സ്മൃതി മന്ദാന(23),ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ(19), ദീപ്തി ശർമ(25), സ്‌നേഹ് റാണ(20) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. അവസാന ഓവറുകളിൽ തകർത്തടിച്ച റിച്ച് ഘോഷിന്റെ പ്രകടമാണ്(20 പന്തിൽ 35) ഇന്ത്യയെ 247ൽ എത്തിച്ചത്. പാകിസ്താനായി ദിയാന ബെയ്ഗ്, ഫാത്തിമ സന എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തി.

അതേസമയം,ടോസിനിടെ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറും പാകിസ്താൻ ക്യാപ്റ്റൻ ഫാത്തിമ സനയും ഹസ്തദാനം നൽകാൻ തയാറായില്ല.ഏഷ്യാ കപ്പിൽ പുരുഷ ടീം ഹസ്തദാനത്തിന് വിസമ്മതിച്ചതുപോലെ വനിതാ ടീമും പാക് താരങ്ങളുമായി ഹസ്തദാനം നടത്തില്ലെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ശ്രീലങ്കയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാക് പോരാട്ടം നടക്കുന്നത്. ഇരു ക്യാപ്റ്റൻമാരും കൈകൊടുക്കാതെ വിവാദമായ ടോസിനിടെ മാച്ച് റഫറിക്ക് ഭീമമായ അബദ്ധം പിണഞ്ഞതും ചർച്ചയായി. ഹർമൻപ്രീത് കൗർ ടോസിനായി നാണയം ഫ്‌ലിപ്പ് ചെയ്യുമ്പോൾ ഫാത്തിമ സന ടെയ്ൽസ് എന്ന് വിളിക്കുന്നത് വ്യക്തമായി കേൾക്കാമായിരുന്നു. എന്നാൽ അവതാരകയായ മെൽ ജോൺസൺ മൈക്കിലൂടെ വിളിച്ചു പറഞ്ഞത് ഫാത്തിമ വിളിച്ചത് ഹെഡ്‌സ് ആണെന്നായിരുന്നു.

ഹെഡ്‌സ് ആണ് വീണതെന്ന് മാച്ച് റഫറി ഉറപ്പിച്ചതോടെ ഫാത്തിമ സനയാണ് ടോസ് ജയിച്ചതെന്ന് പറഞ്ഞ് അവതാരക സനയെ സംസാരിക്കാനായി ക്ഷണിച്ചു. സന ടെയ്ൽസ് വിളിക്കുന്നത് തൊട്ടടുത്തു നിന്ന് കേട്ട മാച്ച് റഫറിയും അവതാരകയെ തിരുത്തിയില്ല. തന്ത്രപൂർവം മൗനം പാലിച്ച് പാക് ക്യാപ്റ്റൻ നിലയുറപ്പിച്ചു. താൻ ടെയിൽസാണ് വിളിച്ചതെന്ന് പറയാൻ പാക് ക്യാപ്റ്റൻ തയാറായില്ല. തുടർന്ന് ടോസ് നേടിയതോടെ ബൗളിങ് തിരഞ്ഞെടുക്കുന്നതായി സന അറിയിക്കുകയായിരുന്നു. ലോകകപ്പ് പോലൊരു വലിയ വേദിയിൽ ഇത്തരമൊരു അബദ്ധം പിണഞ്ഞത് വിവാദത്തിന് തിരികൊളുത്തി.

Similar Posts