< Back
Cricket
ഏകദിനത്തിലും ജയം തുടരാൻ ഇന്ത്യ; പ്ലേയിങ് ഇലവനിൽ ആരൊക്കെ?
Cricket

ഏകദിനത്തിലും ജയം തുടരാൻ ഇന്ത്യ; പ്ലേയിങ് ഇലവനിൽ ആരൊക്കെ?

Web Desk
|
9 Jan 2023 3:46 PM IST

മൂന്ന് ഏകദിനങ്ങളടങ്ങുന്ന പരമ്പരയാണ് ലങ്കയ്‌ക്കെതിരെ ഇന്ത്യ കളിക്കുക

ശ്രീലങ്കയ്‌ക്കെതിരെ ടി20യിലെ ജയം ഏകദിനത്തിലും തുടരാൻ ഇന്ത്യ. നാളെയാണ് പരമ്പരയിലെ ആദ്യ ഏകദിനം. ഈ വർഷം ഇന്ത്യയിൽ ലോകകപ്പ് നടക്കാനുള്ളതിനാൽ പരമ്പര നേടുക എന്നതിൽ കുറഞ്ഞതൊന്നും ടീം ഇന്ത്യ സ്വപ്‌നം കാണുന്നില്ല. ടി20യിലെ രണ്ടാം മത്സരത്തിലെ തോൽവി ടീമിന് വലിയ വിമർശനങ്ങൾ നേടിക്കൊടുത്തിരുന്നു. എന്നാൽ അവസാനത്തെ മത്സരം വലിയ മാർജിനിൽ ജയിച്ച് പരമ്പര നേടി വിമർശകരുടെ വായ അടപ്പിച്ചു. മൂന്ന് ഏകദിനങ്ങളടങ്ങുന്ന പരമ്പരയാണ് ലങ്കയ്‌ക്കെതിരെ ഇന്ത്യ കളിക്കുക. ഗുവാഹത്തിയിൽ നാളെ ഉച്ചക്ക് 1.30 നാണ് ആദ്യ മത്സരം.

ടി20 പരമ്പരയിൽ ഇന്ത്യ സീനിയർ താരങ്ങൾക്ക് വിശ്രമം നൽകിയിരുന്നു. പക്ഷേ ഏകദിനത്തിൽ ഇവരെയൊക്കെ തിരിച്ചെത്തിട്ടുണ്ട്. ലോകകപ്പ് മുന്നിൽ കണ്ടുള്ള ടീമിനെ ഇറക്കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. രോഹിത് ശർമ ടീമിലേക്ക് തിരിച്ചെത്തുന്നതോടെ ഓപ്പണിങ് കൂട്ടുകെട്ടിലെ അടുത്ത പ്ലെയർ ഏതാവണമെന്നതാണ് സെലക്ഷൻ കമ്മിറ്റി നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിൽ ഇഷാൻ കിഷനും ഷുബ്മാൻ ഗില്ലും തമ്മിലായിരിക്കും മത്സരം. കഴിഞ്ഞ മത്സരത്തിൽ ഗിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. ഇഷാൻ കിഷനാവട്ടെ ബംഗ്ലാദേശിനെതിരെ ഇരട്ട സെഞ്ച്വുറി നേടിയതിന്റെ തിളക്കത്തിലാണ്. ലോകകപ്പ് മുന്നിൽ കണ്ട് ടീമിനെ ഒരുക്കുന്ന ബിസിസിഐ ഇഷാനെ ഓപ്പണിങ്ങിൽ പരിഗണിക്കാനാണ് സാധ്യത.

സ്റ്റംപിന് പിന്നിലെ രക്ഷകനായി ആര് വരുമെന്നതാണ് ഉയരുന്ന മറ്റൊരു ചോദ്യം. ഇഷാൻ കിഷനും കെ.എൽ രാഹുലുമാണ് ടീമിലുള്ളത്. ഇതിൽ രാഹുലിനെ കീപ്പറാക്കിയാൽ കിഷന് പ്ലേയിങ് ഇലവനിലേക്കുള്ള സാധ്യത മങ്ങുകയും ചെയ്യും. റിഷഭ് പന്തിന്റെ അഭാവത്തിൽ അഞ്ചാം നമ്പറിൽ സൂര്യകുമാർ യാദവ് കളിച്ചേക്കും. നാലാം നമ്പറിൽ ശ്രേയസ് അയ്യർക്കാവും അവസരം.

പേസ് നിരയിൽ മികച്ച പ്ലേയേഴ്‌സിനെ തന്നെയാണ് ടീമിൽ ഇടം നൽകിയിരിക്കുന്നത്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്, അർഷദീപ് സിങ് എന്നിവരാണ് പേസ് കരുത്ത്. അർഷദീപ് മിന്നും ഫോമിലാണ്. ലങ്കയ്‌ക്കെതിരായ അവസാന ടി20 യിൽ മൂന്ന് വിക്കറ്റാണ് താരം നേടിയത്. ഇവരിൽ ആരൊക്കെ അവസാന ഇലവനിൽ കയറിപ്പറ്റും എന്നാണ് കണ്ടറിയേണ്ടത്. എന്നാൽ അവസാനം ടീമിൽ ഉൾപ്പെടുത്തിയ ബൂമ്‌റ ആദ്യ ഏകദിനം കളിച്ചേക്കില്ല. ഫിറ്റ്‌നസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടർന്ന് താരത്തെ മാറ്റി നിർത്തിയത്.

ഏകദിന പരമ്പയ്ക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, കെ.എൽ.രാഹുൽ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), വാഷിങ്ടൻ സുന്ദർ, യുസ്‌വേന്ദ്ര ചെഹൽ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, ജസ്പ്രീത് ബുമ്ര , മുഹമ്മദ് ഷമി, മുഹമ്മദ്. സിറാജ്, ഉമ്രാൻ മാലിക്, അർഷ്ദീപ് സിങ്

അതേസമയം, ടി20 സ്ഥിരം ക്യാപ്റ്റനായി ഹർദിക്കിനെ ബിസിസിഐ ഉടൻ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെ കിരീടത്തിലേക്ക് നയിച്ച ഹർദിക് ടി20യിൽ ഇതുവരെ എട്ടു മത്സരങ്ങളിലാണ് ഇന്ത്യയെ നയിച്ചത്. ഇതിൽ ഒരു കളിയിൽ മാത്രമാണ് തോൽവി അറിഞ്ഞത്. ശ്രീലങ്കയ്‌ക്കെതിരായ വിജയത്തോടെ ഹർദിക്കിന് കീഴിൽ ഇന്ത്യയുടെ മൂന്നാമത്തെ ടി20 പരമ്പര നേട്ടമാണ്

Similar Posts