Cricket
ഏഷ്യ കീഴടക്കി ഇന്ത്യ; പാകിസ്താനെതിരെ അഞ്ചു വിക്കറ്റ് ജയം
Cricket

ഏഷ്യ കീഴടക്കി ഇന്ത്യ; പാകിസ്താനെതിരെ അഞ്ചു വിക്കറ്റ് ജയം

Sports Desk
|
29 Sept 2025 12:37 AM IST

53 പന്തിൽ 69 റൺസ് നേടി പുറത്താകാതെ നിന്ന തിലക് വർമയുടെ ബാറ്റിംഗ് മികവാണ് ഇന്ത്യക്ക് സഹായകമായത്. ബോളിങ്ങിൽ കുൽദീപ് യാദവ് നാല് വിക്കറ്റുകളുമായി തിളങ്ങി

ദുബൈ: പാകിസ്താനെ അഞ്ചു വിക്കറ്റിന് വീഴ്ത്തി ഇന്ത്യക്ക് ഏഷ്യ കപ്പ് കിരീടം. 53 പന്തിൽ 69 റൺസ് നേടി പുറത്താകാതെ നിന്ന തിലക് വർമയുടെ ബാറ്റിംഗ് മികവാണ് ഇന്ത്യക്ക് സഹായകമായത്. ബോളിങ്ങിൽ കുൽദീപ് യാദവ് നാല് വിക്കറ്റുകളുമായി തിളങ്ങി. പാകിസ്താന് വേണ്ടി ഓപ്പണർമാരായ ഫഖർ സമാനും (46) ഷാഹിബ്‌സാദ ഫർഹാനും (57) മാത്രമാണ് മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചത്.

ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് നല്ല തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ ഫഖർ സമാനും ഷാഹിബ്‌സാദ ഫർഹാനും ചേർന്ന് ആദ്യ ആറ് ഓവർ കഴിയുമ്പോൾ തന്നെ പാകിസ്താന്റെ സ്കോർ 50 കടത്തിയിരുന്നു. തുടർന്ന് ഒമ്പതാം ഓവറിൽ ഷാഹിബ്‌സാദ ഫർഹാൻ തന്റെ അർദ്ധ സെഞ്ച്വറി കുറിച്ചു. പക്ഷെ തൊട്ടടുത്ത ഓവറിൽ തന്നെ ഫർഹാനെ തിലക് വർമയുടെ കയ്യിലെത്തിച്ച് വരുൺ ചക്രവർത്തി ആ കൂട്ടുകെട്ട് അവസാനിപ്പിച്ചു. പിന്നാലെ വന്ന സയിം അയൂബും ചേർന്ന് ബാറ്റിംഗ് തുടർന്ന ഫാഖാർ സമാൻ 12 ഓവറിൽ പാകിസ്താന്റെ സ്കോർ 100 കടത്തി. 13 ഓവറിൽ സ്പിന്നർ കുൽദീപ് യാദവിന്റെ ബോളിൽ സയിം അയൂബ് പുറത്തായി. സ്‌ക്വയർ ലീഗിൽ നിന്നിരുന്ന ജസ്പ്രീത് ബുമ്രയാണ് ക്യാറ്റിച്ചെടുത്തത്. പിന്നാലെ വന്ന മുഹമ്മദ് ഹാരിസിനെ അക്‌സർ പട്ടേലും പുറത്താക്കി. 15 ഓവറിൽ മൂന്നാം ബോളിൽ ഫഖർ സമാൻ സിക്സർ പറത്തിയെങ്കിലും തൊട്ടടുത്ത ബോളിൽ പുറത്താവുകയും ചെയ്തു. സമാനെ കുൽദീപ് യാദവിന്റെ കയ്യിലെത്തിച്ച് വരുൺ ചക്രവർത്തി മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റും നേടി. തുടരെ തുടരെ വിക്കറ്റുകൾ നഷ്ടപെട്ട പാകിസ്ഥാന് ഹാരിസ് തലത്തിനെയും ക്യാപ്റ്റൻ സൽമാൻ അഘയെയും നഷ്ടമായി. അതെ ഓവറിൽ തന്നെ ഷഹീൻഷാ അഫ്രിദിയും തൊട്ടുപിന്നാലെ ഫഹീമിനെയും പുറത്താക്കി കുൽദീപ് തന്റെ ഓവറിലെ തന്നെ മൂന്നാം വിക്കറ്റും മത്സരത്തിലെ നാലാമതും സ്വന്തമാക്കി. അവസാന രണ്ട് വിക്കറ്റുകളും നഷ്ടമായ പാകിസ്ഥാൻ 146 റൺസിന്‌ ഓൾ ഔട്ട് ആയി.

തുടക്കത്തിലേ ഇന്ത്യൻ ബെറ്റർമാരെ സമ്മർദ്ദത്തിലാക്കാൻ പാകിസ്താൻ ബോളർമാർക്ക് കഴിഞ്ഞു. സ്കോർബോർഡിൽ വെറും പത്തു റൺ ചേർക്കുന്നതിനിടയിൽ രണ്ട് വിക്കറ്റുകളാണ്‌ നഷ്ടമായത്. പവർ ഹിറ്റർ അഭിഷേക് ശർമയെ രണ്ടാമത്തെ ഓവറിൽ തന്നെ ഫഹീം അഷ്‌റഫ് പുറത്താക്കി. പിന്നാലെ തന്നെ ക്യാപ്റ്റൻ സൂര്യകുമാറിനെ ഹാരിസ് റൗഫിന്റെ സൽമാൻ അഘയുടെ കയ്യിലെത്തിച്ച് രണ്ടാം വിക്കറ്റുമെടുത്തു. നാലാം ഓവറിൽ ഫഹീം വീണ്ടും ഇന്ത്യയുടെ വിക്കറ്റെടുത്തു. തുടർന്ന് ബാറ്റ് ചെയ്ത സഞ്ജു സാംസണും തിലക് വർമയും ചേർന്ന് 55 റൺസിന്റെ കൂട്ടുകെട്ട് പത്തുയർത്തി. പക്ഷെ 13-ാം ഓവറിൽ സഞ്ജു സാംസനെ പുറത്താക്കി അബ്രാർ ഇന്ത്യയുടെ നാലാം വിക്കറ്റും വീഴ്ത്തി. 15-ാം ഓവറിൽ സിക്സർ പറത്തി തിലക് ഇന്ത്യൻ സ്കോർ 100ൽ എത്തിച്ചു. പിന്നാലെ തന്നെ തിലക് തന്റെ അർദ്ധ സെഞ്ച്വറിയും കുറിച്ചു. ബാറ്റിംഗ് തുടർന്ന ദുബെയും തിളക്കും ചേർന്ന് ഇന്ത്യയെ കരക്കെത്തിച്ചു. അവസാന ഓവറിൽ ഒരു സിക്സർ നേടി തിലക് വർമ്മയും റിങ്കു സിങ്ങും ചേർന്ന് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചു.

Similar Posts