< Back
Cricket
ഇന്ത്യ റീലോഡഡ്; എല്ലാം ശരിയായ ദിവസം, അടുത്ത കടമ്പ വിൻഡീസ്
Cricket

ഇന്ത്യ റീലോഡഡ്; എല്ലാം ശരിയായ ദിവസം, അടുത്ത കടമ്പ വിൻഡീസ്

Sports Desk
|
26 Feb 2026 10:53 PM IST

ചെന്നൈ: സിംബാബ്​‍വെക്കെതിരെ നേടിയ 72 റൺസിന്റെ പടുകൂറ്റൻ വിജയത്തോടെ സെമി സാധ്യതകൾ സജീവമാക്കി ഇന്ത്യ. ആദ്യം ബാറ്റുചെയ്ത ഇന്ത്യ ഉയർത്തിയ 256 റൺസ് പിന്തുടർന്ന സിംബാബ്​‍വെയുടെ ചെറുത്തുനിൽപ്പ് 184 റൺസിൽ അവസാനിച്ചു. 59 പന്തിൽ 97 റൺസെടുത്ത ബ്രയാൻ ബ്രന്നറ്റാണ് സിംബാബ്​‍വെയെ മാന്യമായ സ്കോറി​ലെത്തിച്ചത്. മാർച്ച് ഒന്നിന് ഈഡൻ ഗാർഡൻസിൽ നടക്കുന്ന അവസാന സൂപ്പർ 8 മത്സരത്തിൽ വിൻഡീസിനെ തോൽപ്പിച്ചാൽ ഇന്ത്യക്ക് സെമി കടക്കാം.

ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിനയച്ച സിംബാബ്​‍വെ ക്യാപ്റ്റൻ സിക്കന്ദർ റാസയുടെ തീരുമാനം തെറ്റാണെന്ന് ആദ്യമേ തെളിഞ്ഞു. ഓപ്പണിങ്ങിൽ സഞ്ജു സാംസൺ-അഭിഷേക് ശർമ സഖ്യം കൂട്ടിച്ചേർത്തത് 3.4 ഓവറിൽ 48 റൺസ്. സഞ്ജു 24 റൺസുമായി മടങ്ങിയതിന് പിന്നാലെയെത്തിയ ഇഷാൻ കിഷനൊപ്പം അഭിഷേകും തകർത്തടിച്ച് തുടങ്ങി. മോശം ഫോമിനെത്തുടർന്ന് പഴികേട്ട അഭിഷേക് അർധ സെഞ്ച്വറി നേടിയത് ഇന്ത്യക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. പിന്നീടെത്തിയ സൂര്യകുമാർ (13 പന്തിൽ 33), ഹാർദിക് പാണ്ഡ്യ (23 പന്തിൽ 50), തിലക് വർമ (16 പന്തിൽ 44) എന്നിവരും തകർത്തടിച്ചതോടെ ഇന്ത്യൻ സ്കോർ 256ലെത്തി. ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പിലെ ഏറ്റവും ഉയർന്ന സ്കോറാണിത്.

കൂറ്റൻ ലക്ഷ്യം പിന്തുടർന്ന സിംബാബ്​‍വെയുടേത് നനഞ്ഞ തുടക്കമായിരുന്നു. പവർ​േപ്ല ഓവറുകളിൽ റൺസ് കണ്ടെത്താൻ ബ്രയാൻ ബെന്നറ്റും മരുമാനിയും പതുങ്ങി. അധികരിച്ചുവരുന്ന റിക്വയേഡ് റൺറേറ്റിനെ മറികടക്കാനുള്ള മറുമരുന്നൊന്നും സിംബാബ്​‍വെയുടെ പക്കലുണ്ടായിരുന്നില്ല.

ബ്രയാൻ ബെന്നറ്റ് നടത്തിയ ഒറ്റയാൾ പോരാട്ടത്തിനും മത്സരം വിജയിപ്പിക്കാനുള്ള മിടുക്കില്ലായിരുന്നു. നാലോവറിൽ 24 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത അർഷ്ദീപ് സിങ്ങാണ് ഇന്ത്യൻ നിരയിൽ മികച്ചുനിന്നത്.

ഗ്രൂപ്പിൽ 4 പോയന്റുമായി ദക്ഷിണാഫ്രിക്ക സെമിയുറപ്പിച്ചപ്പോൾ ഇന്ത്യക്കും വിൻഡീസിനും 2 പോയന്റ് വീതമാണുള്ളത്. പോയന്റില്ലാത്ത സിംബാബ്​‍വെ പുറത്തായി. ഇതോടെ മാർച്ച് ഒന്നിന് നടക്കുന്ന ഇന്ത്യ-വിൻഡീസ് മത്സരം അതിനിർണായകമായി.

Similar Posts