< Back
Cricket
മികച്ച പ്രകടനവുമായി ഇന്ത്യയുടെ ബൗളിങ് യൂണിറ്റ്‌
Cricket

മികച്ച പ്രകടനവുമായി ഇന്ത്യയുടെ ബൗളിങ് യൂണിറ്റ്‌

Web Desk
|
31 Oct 2023 6:58 PM IST

ഇന്ത്യ എത്ര ചെറിയ സ്‌കോറിന് പുറത്തായാലും ബൗളർമാരിലൂടെ കളി പിടിക്കാനാവുമെന്നാണ് ആരാധകർ കണക്ക് കൂട്ടുന്നത്

മുംബൈ: പ്രകടനം കൊണ്ട് കായികപ്രേമികളെ അമ്പരപ്പിക്കുകയാണ് ടീം ഇന്ത്യയുടെ ബൗളിങ് യൂണിറ്റ്. രോഹിതും കോഹ്ലിയും അടക്കമുള്ള ബാറ്റർമാർ പതറിയാലും പ്രശ്‌നമില്ല, ബൗളിങിലൂടെ എതിർ ടീമിനെ പിടിച്ചുകെട്ടാൻ ഇന്ത്യക്കാകും. പേസർമാരായ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഇന്ന് ഏത് ബാറ്റർമാർക്കും തലവേദനയാണ്. കൂട്ടീന് കുൽദീപ് യാദവിന്റെയും രവീന്ദ്ര ജഡേജയുടെയും സ്പിൻ പന്തുകൾ കൂടിയാകുന്നതോടെ ഇന്ത്യക്കെതിരെ കളിക്കാൻ എതിർ ടീമുകൾ ഭയക്കും.

ബാറ്റിങ് ഡെപ്ത് വർധിപ്പിക്കാൻ വേണ്ടി ആദ്യ മത്സരങ്ങളിൽ ഷമി പുറത്തായിരുന്നു. ഈ കാരണം കൊണ്ട് ഇനി ഷമിക്ക് പുറത്തിരിക്കേണ്ടി വരില്ല. അദ്ദേഹത്തെ ഒഴിവാക്കിയൊരു ഇലവൻ അസാധ്യം.

കളിച്ച ആറിലും ജയിച്ച ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത് ബുംറയാണ്. 14 വിക്കറ്റുകളാണ് ബുംറയുടെ പേരിലുള്ളത്. 39 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. രണ്ട് മത്സരങ്ങൾ മാത്രം കളിച്ച മുഹമ്മദ് ഷമിയാകട്ടെ ഒമ്പത് വിക്കറ്റുകൾ വീഴ്ത്തിക്കഴിഞ്ഞു. 54 റൺസ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് ശ്രദ്ധേയ പ്രകടനം. സിറാജിന് ആറ് മത്സരങ്ങളിൽ നിന്ന് അത്രയും വിക്കറ്റുകളുണ്ട്. പരിക്കേറ്റങ്കിലും നാല് മത്സരങ്ങളിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ പാണ്ഡ്യയും പിന്നിലല്ല. ആകെ 36 വിക്കറ്റുകളാണ് പേസർമാർ വീഴ്ത്തിയത്. വിട്ടുകൊടുത്തത് 794 റൺസും.

ഇനി സ്പിന്നർമാരിൽ കുൽദീപ് യാദവും രവീന്ദ്ര ജഡേജയുമാണ് ആറ് മത്സരങ്ങളും കളിച്ചത്. കുൽദീപ് യാദവ് 10 വിക്കറ്റുമായി മുന്നേറുമ്പോൾ എട്ട് വിക്കറ്റുമായി രവീന്ദ്ര ജഡേജ തൊട്ടുതാഴെയുണ്ട്. രവിചന്ദ്ര അശ്വിന് ഇതുവരെ അവസരം കിട്ടിയിട്ടില്ല. 19 വിക്കറ്റുകളാണ് സ്പിന്നർമാർ വീഴ്ത്തിയത്. ഇന്ത്യ ആകെ വീഴ്ത്തിയ 55 വിക്കറ്റുകളിൽ 36ഉം പേസർമാരാണ് സംഭാവന ചെയ്തത്. 19 എണ്ണം സ്പിന്നർമാരും.


ഇന്ത്യ എത്ര ചെറിയ സ്‌കോറിന് പുറത്തായാലും ഈ ബൗളർമാരിലൂടെ കളി പിടിക്കാനാവുമെന്നാണ് ആരാധകർ കണക്ക് കൂട്ടുന്നത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ബെൻ സ്റ്റോക്കിനെ ഷമി വട്ടം കറക്കിയത് കാണുമ്പോൾ എതിരാളികളും ഭയപ്പെടും.

Similar Posts