< Back
Cricket
rcb
Cricket

കണ്ണുകളെല്ലാം അഹമ്മദാബാദിലേക്ക്; 18 വർഷത്തെ കാത്തിരിപ്പിന് അറുതി വരുത്താൻ കിങ്ങിന്റെ പടയാളികളും പഞ്ചാബിന്റെ കിങ്സും

Sports Desk
|
3 Jun 2025 11:27 AM IST

അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ അവകാശിയെ ഇന്നറിയാം. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും പഞ്ചാബ് കിങ്സും പോരിനിറങ്ങുമ്പോൾ പുതുചരിത്രമാകും പിറക്കുക. ഐപിഎല്ലിൽ പുതിയൊരു ചാമ്പ്യൻ പിറവിയെടുക്കും.

2008ലെ ആദ്യ ഐപിഎൽ സീസൺ മുതൽ കളത്തിലുണ്ടെങ്കിലും ഇരുടീമുകൾക്കും ഇതുവരെയും കിരീടമെന്ന മോഹം സാക്ഷാത്കരിക്കാനായിട്ടില്ല. 2009ലും 2011ലും 2016ലും കലാശപ്പോരിന് ഇറങ്ങിയെങ്കിലും പരാജയപ്പെടാനായിരുന്നു ആർസിബിയുടെ വിധി. 2014ൽ മാത്രമാണ് പഞ്ചാബ് കലാശപ്പോരിന് ഇറങ്ങിയത്.

ലീഗ് ഘട്ടം ഇരു ടീമുകളും 19 പോയന്റുമായാണ് അവസാനിപ്പിച്ചത്. നെറ്റ് റൺറേറ്റിന്റെ മികവിൽ പഞ്ചാബ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ലീഗിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ ഇരുടീമുകളും ഓരോ വിജയം നേടി. അതേ സമയം ക്വാളിഫയറിൽ പഞ്ചാബി​നെ ആർസിബി എട്ട് വിക്കറ്റിന് തരിപ്പണമാക്കിയിരുന്നു.

614 റൺസുമായി ഓറഞ്ച് ക്യാപ്പിൽ അഞ്ചാമത് നിൽക്കുന്ന വിരാട് കോഹ്‍ലി തന്നെയാണ് ആർസിബിയുടെ ബാറ്റിങ്ങിലെ പ്രധാനി. വെടിക്കെട്ട് ബാറ്റർമാരായ ഫിൽ സോൾട്ട്, ജിതേഷ് ശർമ അടക്കമുള്ളവരും ഫോമിലാണ്. ടൂർണമെന്റിൽ ഉടനീളം മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യറാണ് പഞ്ചാബിന്റെ തുറുപ്പുചീട്ട്. ​​േപ്ല ഓഫിൽ മുംബൈക്കെതിരെ മികച്ച പ്രകടനമാണ് ശ്രേയസ് പുറത്തെടുത്തത്.

പ്രഭ് സിംറാൻ സിങ്, പ്രിയാൻഷ് ആര്യ, ജോഷ് ഇംഗ്ലിസ് അടക്കമുളള ബാറ്റർമാരുടെ സാന്നിധ്യം വേറെയുമുണ്ട്. ബൗളിങ്ങിൽ ഓസീസ് താരം ജോഷ് ഹേസൽവുഡും സ്പിന്നർ ക്രുണാൾ പാണ്ഡ്യയുമാണ് ആർസിബിയുടെ പടയാളികൾ. അർഷ് ദീപ് സിങ്ങിലും യുസ്​വേന്ദ്ര ചഹലിലുമാണ് പഞ്ചാബിന്റെ പ്രതീക്ഷ.

അഹമ്മദാബാദിലേത് പരമ്പരാഗതമായിബാറ്റർമാരെ തുണക്കുന്ന പിച്ചാണ്. ശരാശി ഫസ്റ്റ് ഇന്നിങ്സ് സ്കോർ 219 ആണ്. ഈ സീസണിൽ 16 ഇന്നിങ്സിൽ 11 തവണയും സ്കോർ 200 പിന്നിട്ടു. ടോസ് നേടുന്നവർ ഫീൽഡിങ് തെരഞ്ഞെടുക്കാനാണ് കൂടുതൽ സാധ്യത.

Related Tags :
Similar Posts