< Back
Cricket
ipl
Cricket

ഐപിഎൽ പുനരാരംഭിക്കാനുള്ള ശ്രമത്തിലാണെന്ന് ചെയർമാൻ, മത്സരങ്ങൾ ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്ക് മാറ്റിയേക്കും

Sports Desk
|
11 May 2025 6:08 PM IST

ന്യൂഡൽഹി: ഇന്ത്യ-പാക് വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഐപിഎൽ പുനരാരംഭിക്കുമെന്ന സൂചനയുമായി ചെയർമാൻ അരുൺ ധൂമൽ. ഐപിഎൽ ഉടൻ പുനരാരംഭിക്കാനുള്ള സാധ്യത നോക്കുന്നുവെന്നും സർക്കാറിനെ സമീപിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

‘‘വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നു. ഐപിഎൽ തുടരാനുള്ള സാധ്യതകൾ ഞങ്ങൾ തേടുകയാണ്. ഏറ്റവും പെട്ടെന്ന് തന്നെ തുടങ്ങാനുള്ള സാധ്യതയാണ് നോക്കുന്നത്. സ്ഥലം, തീയ്യതി അടക്കമുള്ളവ കണ്ടെത്താനുള ശ്രമത്തിലാണ്. ടീം ഉടമകളുമായും ബ്രോഡ്കാസ്റ്റർമാരുമായുമെല്ലാം സംസാരിക്കുന്നു. ഏറ്റവും പ്രധാനം സർക്കാർ തലത്തിൽ നിന്നുള്ള ഇടപെടലാണ്’’ -അരുൺ ധൂമൽ പറഞ്ഞു.

ഐപിഎൽ ഫ്രാഞ്ചൈസികൾ ടൂർണമെന്റ് പുനരാരംഭിക്കുന്നതിനുള്ള സമ്മതം അറിയിച്ചുണ്ട്. അടുത്ത ദിവസങ്ങളിലായിത്തന്നെ യാത്ര ചെയ്യാൻ കളിക്കാരും സന്നദ്ധത അറിയിച്ചിട്ടുണ്ട്. പരമാവധി വേഗത്തിൽ താരങ്ങളെ എത്തിക്കാൻ ബിസിസിഐ ടീം ഉടമകളുമായി സംസാരിക്കും.

ഐപിഎൽ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്ത പല റിപ്പോർട്ടുകളും പരക്കുന്നുണ്ട്. മെയ് 16 മുതൽ മത്സരങ്ങൾ പുനരാരംഭിക്കുകയും മെയ് 30ന് ​ഫൈനൽ നടത്തുകയും ചെയ്യുമെന്ന് ചില​ റിപ്പോർട്ടുകൾ പറയുന്നു. ദക്ഷിണേന്ത്യൻ നഗരങ്ങളായ ​ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലായാകും മത്സരം ഒരുക്കുക എന്നും പറയപ്പെടുന്നു. വ്യാഴാഴ്ച ധരംശാല സ്റ്റേഡിയത്തിൽ നടന്ന ഡൽഹി ക്യാപ്പിറ്റൽസ്-പഞ്ചാബ് കിങ്സ് മത്സരം സുരക്ഷ മുൻകരുതൽ കാരണം പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു.

Similar Posts