
മഴയിൽ ഐപിഎൽ മുടങ്ങാതിരിക്കാൻ നിയമത്തിൽ മാറ്റം; ബിസിസിഐയെ പ്രതിഷേധമറിയിച്ച് കൊൽക്കത്ത
|ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ നടക്കേണ്ട കെകെആർ-ആർസിബി മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു
മുംബൈ: ഐപിഎല്ലിന് മഴഭീഷണി ഉയർന്ന സാഹചര്യത്തിൽ കളി ഉപേക്ഷിക്കുന്ന സാഹചര്യം ഒഴിവാക്കാൻ നിയമത്തിൽ മാറ്റംവരുത്തി ബിസിസിഐ. മഴ മാറി കളി പുനാരംഭിക്കുന്നതിനായി 2 മണിക്കൂർ അധികമായാണ് അനുവദിച്ചത്. ഇതോടെ മഴമാറി നിന്നാൽ പിച്ചൊരുക്കാൻ കൂടുതൽ സമയം ലഭിക്കും. കുറഞ്ഞത് അഞ്ച് ഓവർ മത്സരമെങ്കിലും നടത്താനാവുമെന്നാണ് ഐപിഎൽ അധികൃതരും ബിസിസിഐയും കണക്കുകൂട്ടുന്നത്.
എന്നാൽ അധികൃതരുടെ ഈ നീക്കത്തിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് രംഗത്തെത്തി. ഇത്തരമൊരു മാറ്റം നേരത്തെ നടപ്പിലാക്കിയിരുന്നെങ്കിൽ ചിന്നസ്വാമി സ്റ്റേഡിയത്തിലെ കെകെആർ-ആർസിബി മത്സരം ഉപേക്ഷിക്കേണ്ടിവരില്ലായിരുന്നുവെന്ന് ചീഫ് എക്‌സിക്യൂട്ടീവ് വെങ്കി മൈസൂർ പറഞ്ഞു. മഴ മാറിനിന്നെങ്കിലും ഔട്ട്പിച്ചിലെ വെള്ളം ഒഴിയാത്തതിനാൽ മത്സരം റദ്ദാക്കുകയായിരുന്നു. ഇതോടെ നിലവിലെ ചാമ്പ്യൻമാർ പ്ലേഓഫ് കാണാതെ പുറത്തായി. മത്സരത്തിനിടെയിലുണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ ശരിയല്ലെന്നും കെകെആർ വ്യക്തിമാക്കി.
കഴിഞ്ഞദിവസം ചേർന്ന ഐപിഎൽ ഗവേണിങ് കൗൺസിലാണ് അവശേഷിക്കുന്ന ഏഴ് ലീഗ് മാച്ചുകളിൽ അധികമായി 120 മിനിറ്റ് അനുവദിച്ചത്. നേരത്തെയുണ്ടായിരുന്ന നിയമമനുസരിച്ച് 7.30ന് മത്സരം തുടങ്ങിയാൽ 10.56 നാണ് അവസാനിക്കേണ്ടത്. അതിന് ശേഷം ഒരുമണിക്കൂറാണ് മഴ മാറി മത്സരം തുടങ്ങുന്നതിനായി ഡെഡ്‌ലൈൻ നൽകിയിരുന്നത്.
പുതുക്കിയ ഷെഡ്യൂൾ പ്രകാരം ക്വാളിഫെയർ,എലിമിനേറ്റർ ഉൾപ്പെടെയുള്ള മത്സരങ്ങൾക്കും മഴഭീഷണിയുണ്ട്. അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ ജൂൺ മൂന്നിനാണ് ഫൈനൽ തീരുമാനിച്ചിരിക്കുന്നത്. മൺസൂൺ കാലമെത്തുന്ന സാഹചര്യത്തിൽ ഫൈനൽ ഉൾപ്പെടെ തടസപ്പെടാനുള്ള സാഹചര്യവും നിയമത്തിൽ മാറ്റംവരുത്താൻ ബിസിസിഐ അധികൃതരെ പ്രേരിപ്പിച്ചതായാണ് റിപ്പോർട്ട്.