< Back
Cricket
തുടർച്ചയായി മൂന്ന് തോൽവി; സഞ്ജുവിനും രാജസ്ഥാനും ഇനിയുള്ള സാധ്യതകൾ ഇങ്ങനെ
Cricket

തുടർച്ചയായി മൂന്ന് തോൽവി; സഞ്ജുവിനും രാജസ്ഥാനും ഇനിയുള്ള സാധ്യതകൾ ഇങ്ങനെ

Sports Desk
|
13 May 2024 1:59 PM IST

അടുത്ത രണ്ട് മാച്ചിൽ തോൽവി നേരിട്ടാൽ മറ്റുടീമുകളുടെ മത്സരഫലം ആശ്രയിച്ചാകും മുന്നോട്ടുള്ള യാത്ര

ചെന്നൈ: ഐപിഎൽ 17ാം സീസണിൽ ആദ്യം പ്ലേഓഫിലെത്തുമെന്ന് പ്രതീക്ഷിച്ച ടീമായിരുന്നു രാജസ്ഥാൻ റോയൽസ്. മികച്ച പ്രകടനത്തിലൂടെ തോൽവിയറിയാതെ മുന്നേറിയ സഞ്ജു സാംസണും സംഘവും അവസാനത്തോടടുക്കുമ്പോൾ തുടരെ തോൽവി നേരിട്ടു. സൺറൈസേഴ്‌സ് ഹൈദരാബാദിനോട് ഒരു റൺസിനും ഡൽഹി ക്യാപിറ്റൽസിനോട് 20 റൺസിനുമാണ് പരാജയം രുചിച്ചത്. ഇന്നലെ ചെന്നൈക്കെതിരെ അഞ്ചുവിക്കറ്റ് തോൽവിയും. ഇതോടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് രാജസ്ഥാനിൽ നിന്ന് ഒന്നാംസ്ഥാനം പിടിച്ചെടുത്തു. പ്ലേഓഫിലെത്തുന്ന ആദ്യ ടീമുമായി. രാജസ്ഥാന് മുന്നിൽ ഇനി അവശേഷിക്കുന്നത് രണ്ട് മത്സരങ്ങളാണ്. രണ്ടിലൊന്ന് ജയിച്ചാൽ പ്ലേഓഫ് ഉറപ്പിക്കാം. രണ്ടിലും തോറ്റാൽ മുന്നോട്ടുള്ള യാത്രയിൽ മറ്റുടീമുകളുടെ പ്രകടനം കൂടി ആശ്രയിക്കേണ്ടിവരും.

ഇതിനകം ഐപിഎല്ലിൽ നിന്ന് പുറത്തായ പഞ്ചാബ് കിങ്‌സുമായി ബുധനാഴ്ചയാണ് രാജസ്ഥാന്റെ അടുത്ത മാച്ച്. ഞായറാഴ്ച ടേബിൾ ടോപ്പർ കൊൽക്കത്തയേയും നേരിടും. രണ്ടിലും ജയിക്കാനായാൽ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനുള്ള സാധ്യതയുമുണ്ട്. 12 മത്സരങ്ങളിൽ 18 പോയന്റാണ് കൊൽക്കത്തയുടെ സമ്പാദ്യം. രണ്ടാമതുള്ള രാജസ്ഥാന് 12 മത്സരങ്ങളിൽ 16 പോയിന്റും. ഇന്ന് കൊൽക്കത്തയെ ഗുജറാത്ത് തോൽപിക്കുകയും അവസാന മാച്ചിൽ കെകെആറിനെ രാജസ്ഥാൻ വീഴ്ത്തുകയും ചെയ്താൽ 20 പോയന്റോടെ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാം. കൊൽക്കത്ത ഇന്ന് ജയിച്ചാലും രാജസ്ഥാന് അവസരമുണ്ട്. അവസാന രണ്ട് മത്സരങ്ങളിൽ കൊൽക്കത്തയുടെ നെറ്റ് റൺറേറ്റ് മറികടക്കുന്ന രീതിയിൽ വിജയം നേടണം. ഇനി രാജസ്ഥാൻ പുറത്താവാനുള്ള വിദൂര സാധ്യതയും നിലനിൽക്കുന്നു. അടുത്ത രണ്ട് മത്സരം രാജസ്ഥാൻ പരാജയപ്പെടുകയും ചെന്നൈ സൂപ്പർ കിംഗ്‌സും സൺറൈസേഴ്‌സ് ഹൈദരാബാദും ശേഷിക്കുന്ന മത്സരം വിജയിക്കുകയും ചെയ്താൽ നെറ്റ് റൺറേറ്റ് നിർണായകമാകും. ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് രാജസ്ഥാന്റെ നെറ്റ് റൺറേറ്റ് മറികടക്കുന്ന രീതിയിൽ ഇനിയുള്ള രണ്ട് മത്സരം ജയിക്കുകയും ചെയ്തതാൽ പുറത്തേക്കുള്ള വഴി തെളിയും.

നിലവിൽ 13 മത്സരങ്ങളിൽ 14 പോയിന്റുമായി ചെന്നൈ സൂപ്പർ കിംഗ്സ് മൂന്നാമതാണ്. 14 പോയന്റുള്ള ഹൈദരാബാദിന് അടുത്ത രണ്ടുമാച്ചും ജയിച്ചാൽ രാജസ്ഥാനെ മറികടന്ന് രണ്ടാംസ്ഥാനത്തേക്കെത്താനാകും. രാജസ്ഥാനെതിരെ ജയിച്ചെങ്കിലും ചെന്നൈക്ക് ഇപ്പോഴും ഭീഷണിയുണ്ട്. ആർസിബിയാണ് ചെന്നൈക്ക് വെല്ലുവിളിയാവുക. ആർസിബി പ്ലേ ഓഫിലെത്തണമെങ്കിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് അടുത്ത രണ്ട് മത്സരങ്ങളിലും പരാജയപ്പെടണം. ചെന്നൈ-ആർസിബി മത്സരത്തിൽ മികച്ച റൺറേറ്റിൽ വിജയിക്കാനായാൽ വിരാട് കോഹ്ലിക്കും സംഘത്തിനും പ്ലേഓഫിലെത്താനാകും.

Similar Posts