< Back
Cricket
വെള്ളമൊഴിവാക്കാൻ 15 മിനിറ്റ് മതി; മഴ പെയ്താലും ചിന്നസ്വാമി വെറുതെ വിടില്ല
Cricket

വെള്ളമൊഴിവാക്കാൻ 15 മിനിറ്റ് മതി; മഴ പെയ്താലും 'ചിന്നസ്വാമി' വെറുതെ വിടില്ല

Sports Desk
|
17 May 2024 7:36 PM IST

ഇന്ത്യയിലെ സ്റ്റേഡിയങ്ങളിൽ ഏറ്റവും മികച്ച ഡ്രൈനേജ് സംവിധാനമുള്ളത് ചിന്നസ്വാമിയിലാണ്

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ നാളെ നടക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു-ചെന്നൈ സൂപ്പർ കിങ്‌സ് മത്സരം വെറുമൊരു ഗ്രൂപ്പ് പോരാട്ടമല്ല. പ്ലേഓഫിലേക്കെത്തുന്ന ടീമിനെ നിർണയിക്കുന്ന 'ക്വാർട്ടർ ഫൈനൽ' കൂടിയാണിത്. മികച്ച മാർജിനിൽ വിജയിക്കാനായാൽ വിരാട് കോഹ്‌ലിക്കും സംഘത്തിനും 14 പോയന്റുമായി നാലിലേക്ക് കടക്കാം. മറിച്ച് ചെന്നൈയാണ് വിജയിക്കുന്നതെങ്കിൽ ധോണിയും സംഘവും വീണ്ടുമൊരു പ്ലേഓഫിലേക്ക് പ്രവേശിക്കും.

എന്നാൽ സ്വന്തം തട്ടകത്തിൽ വിജയം പ്രതീക്ഷിച്ചിറങ്ങുന്ന ബെംഗളൂരുവിന് വെല്ലുവിളി ചെന്നൈ മാത്രമല്ല. ആകാശത്ത് ഉരുണ്ട്കൂടുന്ന മഴമേഘങ്ങളും കൂടിയാണ്. മഴ പെയ്ത് മത്സരം ഉപേക്ഷിച്ചാൽ ചെന്നൈക്കാകും നറുക്കുവീഴുക. ഇതിനാൽ ഏതു വിധേനെയും കളി നടത്താനാകും ബെംഗളൂരു താൽപര്യപ്പെടുക. കഴിഞ്ഞ ദിവസം അഹമ്മദാബാദിലും ഹൈദരാബാദിലും മഴമൂലം ഒരു പന്തുപോലും എറിയാതെ മത്സരം ഉപേക്ഷിച്ചിരുന്നു. ഈ സാധ്യതയാണ് ബെംഗളൂരുവിലും നിലനിൽക്കുന്നത്. എന്നാൽ നരേന്ദ്രമോദി സ്‌റ്റേഡിയവും രാജീവ് ഗാന്ധി സ്‌റ്റേഡിയവും പോലെയല്ല ചിന്നസ്വാമിയിലെ കാര്യങ്ങളെന്നാണ് റിപ്പോർട്ട്.

ഇന്ത്യയിലെ സ്‌റ്റേഡിയങ്ങളിൽ ഏറ്റവും മികച്ച ഡ്രൈനേജ് സംവിധാനമുള്ള മൈതാനമാണ് ബെംഗളൂരുവിലേത്. എത്ര കനത്തതാണെങ്കിലും മഴ മാറി 15 മിനിറ്റിനുള്ളിൽ സബ്എയർ സംവിധാനത്തിലൂടെ കളിക്കാൻ ഗ്രൗണ്ട് ഒരുക്കാനാകുമെന്നതാണ് ഇവിടെത്തെ പ്രത്യേകത. 2017ൽ നടപ്പിലാക്കിയ സബ് സർഫസ് എയ്‌റേഷൻ ആൻഡ് വാക്വം പവർഡ് ഡ്രൈനേജ് സിസ്റ്റമാണ് ഇതിന് സഹായകരമാകുക. കൂടാതെ മിനിറ്റിൽ 10,000 ലിറ്റർ എന്ന കണക്കിന് വെള്ളം ഒഴിവാക്കാനും സാധിക്കും. കഴിഞ്ഞ ഐപിഎൽ സീസണിൽ കനത്ത മഴയെ അവഗണിച്ച് ആർസിബിയും ഗുജറാത്ത് ടൈറ്റൻസും ഒരു സമ്പൂർണ്ണ മത്സരം പൂർത്തിയാക്കിയപ്പോൾ സിസ്റ്റത്തിന്റെ ഫലപ്രാപ്തി പ്രകടമായിരുന്നു.

2023 ഏകദിന ലോകകപ്പിന് മുന്നോടിയായി സ്റ്റേഡിയം സന്ദർശിച്ച ഐസിസി പ്രതിനിധി സംഘം സബ് എയർ സംവിധാനത്തെ വാനോളം പുകഴ്ത്തിയിരുന്നു. ഒരു വലിയ കുഴി പോലും നിമിഷങ്ങൾക്കുള്ളിൽ അപ്രത്യക്ഷമാകുന്നു. ഇത് മാജിക് പോലെ പ്രവർത്തിക്കുന്നു-കെഎസ്സിഎ വൈസ് പ്രസിഡന്റ് ബി.കെ. സമ്പത്ത് കുമാർ കഴിഞ്ഞ വർഷം പറഞ്ഞത് ഇങ്ങനെയായിരുന്നു. 4.25 കോടി ചെലവഴിച്ചാണ് ഈ സംവിധാനം നടപ്പിലാക്കിയത്. ഏകദേശം 4.5 കിലോമീറ്റർ പൈപ്പാണ് വെള്ളം പുറന്തള്ളുന്നതിനായി ഉപയോഗിക്കുന്നത്. മഴ മാറിനിന്നാൽ മത്സരം വെട്ടിചുരുക്കി ആറോവറെങ്കിലും നടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ

Similar Posts