< Back
Cricket
Kohli started, Jitesh finished; Bengaluru beat Lucknow by six wickets
Cricket

കോഹ്‌ലി തുടങ്ങി,ഫിനിഷ് ചെയ്ത് ജിതേഷ്; ലഖ്‌നൗവിനെതിരെ ബെംഗളൂരുവിന് ആറ് വിക്കറ്റ് ജയം

Sports Desk
|
28 May 2025 12:18 AM IST

വ്യാഴാഴ്ച നടക്കുന്ന ക്വാളിഫയർ ഒന്നിൽ പഞ്ചാബ് കിങ്‌സാണ് ആർസിബിയുടെ എതിരാളികൾ

ലഖ്‌നൗ: അത്യന്തം ആവേശകരമായ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ ആറുവിക്കറ്റിന് തകർത്ത് ടോപ് രണ്ടിൽ ഫിനിഷ് ചെയ്ത് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. സ്വന്തം തട്ടകമായ എകാന സ്റ്റേഡിയത്തിൽ ആദ്യം ബാറ്റിങിനിറങ്ങി എൽഎസ്ജി ഉയർത്തിയ 228 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം 18.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. അർധ സെഞ്ച്വറി നേടിയ ജിതേഷ് ശർമ (33 പന്തിൽ 85) ആർസിബി നിരയിലെ ടോപ് സ്‌കോററായി. വിരാട് കോഹ്‌ലി (30 പന്തിൽ 54) മികച്ച പിന്തുണ നൽകി. മയങ്ക് അഗർവാൾ (23 പന്തിൽ 41) പുറത്താകാതെ നിന്നു. ലഖ്‌നൗവിനായി വില്യം ഒറോർക്കെ രണ്ട് വിക്കറ്റ് വീഴ്ത്തി. ഐപിഎൽ ചരിത്രത്തിലെ ആർസിബിയുടെ ഏറ്റവും ഉയർന്ന റൺചേസിങാണിത്.

ലഖ്‌നൗ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ആർസിബിക്ക് ഓപ്പണർമാരായ ഫിൽസാൾട്ടും-വിരാട് കോഹ് ലിയും ചേർന്ന് ഫയറിംഗ് തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 5.4 ഓവറിൽ 61 റൺസ് കൂട്ടിചേർത്തു. 30 റൺസെടുത്ത് സാൾട്ട് മടങ്ങിയെങ്കിലും വിരാട് കോഹ്ലി സീസണിലുടനീളം പുലർത്തിയ ഫോം തുടർന്നു. എന്നാൽ തുടർന്ന് ക്രീസിലെത്തിയ രജത് പടിദാറും(14), ലിയാം ലിവിങ്സ്റ്റണും(0) വേഗത്തിൽ മടങ്ങിയതോടെ ഒരു വേള 90-3 എന്ന നിലയിലായി സന്ദർശകർ. എന്നാൽ മയങ്ക് അഗർവാളുമായി ചേർന്ന് കോഹ്ലി ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയി. 12ാം ഓവറിൽ കോഹ്ലിയെ ആയുഷ് ബധോനിയുടെ കൈകളിലെത്തിച്ച് ആവേശ് ഖാൻ ആതിഥേയർക്ക് ബ്രേക്ക്ത്രൂ നൽകി. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ജിതേഷ്-അഗർവാൾ അപരാജിത സഖ്യം ആർസിബിയെ ലക്ഷ്യത്തിലേക്ക് നയിച്ചു. കൂടുതൽ അപകടകാരിയായ ജിതേഷ് ശർമയായിരുന്നു. ലഖ്‌നൗ ബൗളർമാരെ തുടരെ പ്രഹരിച്ച വിക്കറ്റ്കീപ്പർ ബാറ്റർ എട്ട് ഫോറും ആറു സിക്‌സറും സഹിതമാണ് 85 റൺസെടുത്തത്. ഇതോടെ ഒന്നാം ക്വാളിഫയറിൽ പഞ്ചാബ് കിങ്‌സാണ് ബെംഗളൂരുവിന്റെ എതിരാളികൾ. എലിമിനേറ്ററിൽ മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും

നേരത്തെ ഋഷഭ് പന്തിന്റെ സെഞ്ച്വറി കരുത്തിലാണ് ലഖ്‌നൗ കൂറ്റൻ സ്‌കോർ പടുത്തുയർത്തിയത്. 61 പന്തിൽ 11 ഫോറും എട്ട് സിക്‌സറും സഹിതമാണ് എൽഎസ്ജി നായകൻ ഐപിഎല്ലിലെ തന്റെ രണ്ടാം ശതകം കുറിച്ചത്. 67 റൺസുമായി മിച്ചൽ മാർഷും തിളങ്ങി.

Related Tags :
Similar Posts