< Back
Cricket
അർധ സെഞ്ച്വറിയുമായി ഋതുരാജ് ഗെയിക്‌വാദ്, മിന്നൽ ബാറ്റിങുമായി സഞ്ജുവും റിങ്കുവും
Cricket

അർധ സെഞ്ച്വറിയുമായി ഋതുരാജ് ഗെയിക്‌വാദ്, മിന്നൽ ബാറ്റിങുമായി സഞ്ജുവും റിങ്കുവും

Web Desk
|
20 Aug 2023 9:24 PM IST

20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 185 റൺസാണ് ഇന്ത്യ നേടിയത്.

ഡബ്ലിൻ: മുന്നേറ്റ നിരയുടെ ബാറ്റിങ് മികവിൽ അയർലാൻഡിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യക്ക് മികച്ച സ്‌കോർ. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 185 റൺസാണ് ഇന്ത്യ നേടിയത്. 58 റൺസെടുത്ത് ഋതുരാജ് ഗെയിക് വാദ് ടോപ് സ്‌കോററായപ്പോൾ സഞ്ജു സാംസൺ(40) റിങ്കു സിങ്(38) ശിവം ദുബെ(22) എന്നിവരും തിളങ്ങി.

ടോസ് നേടിയ അയർലാൻഡ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. 29 റൺസിന്റെ ആയുസെ ഓപ്പണിങ് കൂട്ടുകെട്ടിനുണ്ടായുള്ളൂ. 18 റൺസെടുത്ത യശസ്വി ജയ്‌സ്വാൾ ആദ്യം വീണു. പിന്നാലെ തിലക് വർമ്മയും. അതോടെ ഇന്ത്യ 34ന് രണ്ട് എന്ന നിലയിൽ പതറി. ഒരു റൺസെടുക്കാനെ തിലകിന് കഴിഞ്ഞുള്ളൂ. നാലാമനായി ക്രീസിലെത്തിയ സഞ്ജുവിനായി രക്ഷാദൗത്യം.

കരുതലോടെയായിരുന്നു സഞ്ജുവിന്റെ തുടക്കം. വ്യക്തിഗത സ്‌കോർ 20 പിന്നിട്ടതോടെ സഞ്ജു ഗിയർ മാറ്റി. അതോടെ റൺസും എത്തി. 26 പന്തിൽ നിന്ന് അഞ്ച് ഫോറും ഒരു സിക്‌സറും സഹിതമായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. എന്നാൽ ബെഞ്ചമിൻ വൈറ്റ് സഞ്ജുവിനെ പറഞ്ഞയച്ചു. അതിനിടെ ഉപനായകൻ ഋതുരാജ് ഗെയിക് വാദ് അർധ സെഞ്ച്വറി പിന്നിട്ടു.

റിങ്കു സിങും ശിവം ദുബെയും ചേർന്നാണ് അവസാന ഓവറുകളിൽ വെടിക്കെട്ട് തീർത്തത്. 21 പന്തിൽ നിന്ന് മൂന്ന് സിക്‌സറും രണ്ട് ഫോറും അടക്കമാണ് റിങ്കു 38 റൺസ് നേടിയത്. ശിവം ദുബെ 16 പന്തിൽ നിന്ന് രണ്ട് സിക്‌സറുകളുടെ അകമ്പടിയോടെ 22 റൺസ് നേടി.

Similar Posts