< Back
Cricket
ഇത് ചേട്ടന്‍റെ സമ്മാനം; ജയ്സ്വാളിന് സഞ്ജുവിന്‍റെ സര്‍പ്രൈസ്
Cricket

'ഇത് ചേട്ടന്‍റെ സമ്മാനം'; ജയ്സ്വാളിന് സഞ്ജുവിന്‍റെ സര്‍പ്രൈസ്

Web Desk
|
9 May 2022 10:49 AM IST

രണ്ട് കളിയില്‍ തോല്‍വി വഴങ്ങി ടീം പ്രതിസന്ധി നേരിടുന്ന സമയത്താണ് ജയ്സ്വാള്‍ ഫോമിലേക്കുയര്‍ന്ന് ടീമിനെ ജയത്തിലേക്ക് കൈപിടിച്ചു കയറ്റിയത്.

ഒരിടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തി മിന്നും പ്രകടനം കാഴ്ചവെച്ച യശസ്വി ജയ്സ്വാളിന് സഞ്ജു സാംസണിന്‍റെ വക സര്‍പ്രൈസ് സമ്മാനം. രണ്ട് കളിയില്‍ തോല്‍വി വഴങ്ങി ടീം പ്രതിസന്ധി നേരിടുന്ന സമയത്താണ് ജയ്സ്വാള്‍ ഫോമിലേക്കുയര്‍ന്ന് ടീമിനെ ജയത്തിലേക്ക് കൈപിടിച്ചു കയറ്റിയത്. പിന്നാലെ ഡ്രസിങ് റൂമിലെത്തിയപ്പോള്‍ ടീം ഓപ്പണര്‍ക്ക് ക്യാപ്റ്റന്‍റെ ഓഫറെത്തി. ''നിനക്കായി ഒരു പുതിയ ബാറ്റ് ഇന്ന് നിന്‍റെ റൂമിലുണ്ടാകും... നിന്‍റെ ചേട്ടന്‍റെ സമ്മാനമായി കരുതിയാല്‍ മതി...''. സഞ്ജു സാംസണ്‍ പറഞ്ഞു.

രണ്ട് മത്സരങ്ങളില്‍ തുടര്‍ച്ചയായി തോല്‍വി വഴങ്ങിയ ശേഷമാണ് കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ പഞ്ചാബിനെ നേരിട്ടത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 190 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിങില്‍ രാജസ്ഥാന്‍ 19.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ തകര്‍പ്പന്‍ അർധസെഞ്ചുറി പ്രകടനമാണ് ടീമിന് തുണയായത്. 41 പന്തിൽ ഒമ്പത് ഫോറും രണ്ട് സിക്‌സും സഹിതം 68 റൺസാണ് ഇരുപത് കാരന്‍ അടിച്ചുകൂട്ടിയത്.

ജയത്തോടെ രാജസ്ഥാന്‍‌ പ്ലേ ഓഫിലേക്ക് ഒരുപടി കൂടി അടുത്തു. 11 മത്സരങ്ങളില്‍ ഏഴ് ജയത്തോടെ 14 പോയിന്‍റാണ് രാജസ്ഥാനുള്ളത്. പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് രാജസ്ഥാന്‍. 16 പോയിന്‍റുകള്‍ വീതമുള്ള ലക്നൌ സൂപ്പര്‍ ജയന്‍റ്സും ഗുജറാത്ത് ടൈറ്റന്‍സുമാണ് പട്ടികയില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത്.

Similar Posts