< Back
Cricket
ജസ്പ്രീത് ബുംറ
Cricket

ടീം ഇന്ത്യയിൽ ബുംറയുടെ സ്ഥാനം മാറും? പുതിയ ചുമതല കൂടി

Web Desk
|
21 Aug 2023 8:32 AM IST

ഏഷ്യാകപ്പിലും ലോകകപ്പിലും ഇന്ത്യൻ ടീമിന്റെ ഉപനായക പദവിയാണ് ബുംറക്ക് ലഭിക്കുക. രണ്ട് ടൂർണമെന്റുകൾക്കുമുള്ള ടീം പ്രഖ്യാപനം ഉടനെയുണ്ടാകും.

മുംബൈ: നായകനെന്ന നിലയിൽ അയർലാൻഡിനെതിരായ പരമ്പര സ്വന്തമാക്കിയതോടെ ടീം ഇന്ത്യയിൽ പേസർ ജസ്പ്രീത് ബുംറക്ക് പുതിയ പദവി ലഭിച്ചേക്കും. ഏഷ്യാകപ്പിലും ലോകകപ്പിലും ഇന്ത്യൻ ടീമിന്റെ ഉപനായക പദവിയാണ് ബുംറക്ക് ലഭിക്കുക. രണ്ട് ടൂർണമെന്റുകൾക്കുമുള്ള ടീം പ്രഖ്യാപനം ഉടനെയുണ്ടാകും. സെലക്ഷൻ കമ്മിറ്റി തലവൻ അജിത് അഗാർക്കറിന്റെ കീഴിൽ കൂടിയാലോചനകൾ പുരോഗമിക്കുകയാണ്.

20ന് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് നേരത്തെ റിപ്പോർട്ടുകൾ വന്നതെങ്കിലും വൈകുകയാണ്. പരിശീലകൻ ദ്രാവിഡും നായകൻ രോഹിത് ശർമ്മയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സെപ്തംബർ അഞ്ചിന് മുമ്പ് ലോകകപ്പ് ടീമിന്റെ പ്രഖ്യാപനം ഉണ്ടാകണമെന്നാണ് ഐ.സി.സിയുടെ മുന്നറിയിപ്പ്.

ഏറെ നാളത്തെ ഇടവേളക്ക് ശേഷമാണ് ബുംറ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. വിൻഡീസിനെതിരായ പരമ്പര തോറ്റതിന് പിന്നാലെ പ്രമുഖ കളിക്കാർക്കെല്ലാം വിശ്രമം അനുവദിച്ചപ്പോൾ ബുംറയുടെ കീഴിലാണ് ഇന്ത്യന്‍ ടീമിനെ അയര്‍ലാന്‍ഡിലേക്ക് പറഞ്ഞയച്ചത്.

ഇതിൽ എല്ലാവരും നോക്കിയിരുന്നത് ബുംറയുടെ പ്രകടനത്തിലേക്ക് ആയിരുന്നു. മടങ്ങിവരവിലെ ആദ്യ മത്സരത്തിലെ ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തി ബുംറ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളെ സന്തോഷിപ്പിച്ചു. ആ മത്സരത്തിൽ കളിയിലെ താരമായി തെരഞ്ഞെടുത്തതും ബുംറയെയായിരുന്നു. രണ്ടാം മത്സരത്തിലും ബുംറ തിളങ്ങി. നാല് ഓവറിൽ വെറും പതിനഞ്ച് റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. ഒരു മെയ്ഡനും പിറന്നു. രണ്ട് വിക്കറ്റും സ്വന്തമാക്കി. നിലവിലെ ഇന്ത്യൻ ക്രിക്കറ്റിൽ സ്ഥിരത പുലർത്തുന്ന താരങ്ങളിലൊരാളാണ് ബുംറ.

അതുകൊണ്ട് തന്നെയാണ് ഉപനായക പദവിയിലേക്ക് എത്തുന്നതും. നേരത്തെ ലോകേഷ് രാഹുലായിരുന്നു ഉപനായക പദവി അലങ്കരിച്ചിരുന്നതെങ്കിൽ മോശം ഫോമിന് പിന്നാലെ താരത്തെ ഒഴിവാക്കുകയായിരുന്നു. എന്നാല്‍ പരിക്ക് അലട്ടിയിരുന്ന താരം ഫിറ്റ്നസ് വീണ്ടെടുത്തെന്നും ഏഷ്യാകപ്പ് ടീമില്‍ ഇടം നേടുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം വിരാട് കോഹ്‌ലി മുതിർന്ന താരമാണെങ്കിലും നായക-ഉപനായക ചുമതലകളൊന്നും വഹിക്കാന്‍ താത്പര്യപ്പെടുന്നില്ല.

Similar Posts