
ഐ സി സി ടി20 ക്രിക്കറ്റർ ഓഫ്ദി ഇയർ പുരസ്‌കാരം ബുംറക്ക്; നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ പേസർ
|ഐസിസിയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് ബുംറ
ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) 2024-ലെ മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരം ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറക്ക്. ആസ്‌ത്രേലിയൻ ബാറ്റർ ട്രാവിസ് ഹെഡ്, ഇംഗ്ലണ്ട് താരങ്ങളായ ജോ റൂട്ട്, ഹാരി ബ്രൂക്ക് എന്നിവരെ പിന്തള്ളിയാണ് ബുംറ ക്രിക്കർ ഓഫ് ഇയർ കരസ്തമാക്കിയത്. ഐസിസിയുടെ മികച്ച താരമാകുന്ന അഞ്ചാമത്തെ ഇന്ത്യൻ കളിക്കാരനാണ് ജസ്പ്രീത് ബുംറ. രാഹുൽ ദ്രാവിഡ് (2004), സച്ചിൻ തെൻഡുൽക്കർ (2010), ആർ അശ്വിൻ (2016), വിരാട് കോഹ്‌ലി(2017, 2018) എന്നിവരാണ് മുൻപ് ഈ നേട്ടത്തിലെത്തിയ ഇന്ത്യൻ താരങ്ങൾ.
പോയവർഷം ടി20 ലോകകിരീടത്തിൽ മുത്തമിട്ട ഇന്ത്യക്കായി നിർണായക പ്രകടമനാണ് ബുംറ പുറത്തെടുത്തത്. ടൂർണമെന്റിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു. 2024ലെ മികച്ച ടെസ്റ്റ് താരമായി കഴിഞ്ഞ ദിവസം ബുംറയെ തെരഞ്ഞെടുത്തിരുന്നു. 2024ൽ മാത്രം 13 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 71 വിക്കറ്റുകളാണ് താരം നേടിയത്. ബോർഡർ-ഗവാസ്‌കർ ട്രോഫിയിലും മികച്ച പ്രകടനമാണ് നടത്തിയത്. ബുംറക്ക് കീഴിൽ ഇറങ്ങി പെർത്ത് ടെസ്റ്റിൽ ഇന്ത്യ വിജയം സ്വന്തമാക്കുകയും ചെയ്തു.
അഞ്ച് മത്സരങ്ങളിൽ നിന്ന് 32 വിക്കറ്റുകളാണ് നേട്ടം. പ്ലെയർ ഓഫ് ദി സീരീസായും തെരഞ്ഞെടുത്തു. ഒരു കലണ്ടർ വർഷത്തിൽ 70ന് മുകളിൽ വിക്കറ്റുകൾ നേടുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് ബുംറ. കപിൽ ദേവ്, അനിൽ കുംബ്ലെ, ആർ അശ്വിൻ എന്നിവർ മാത്രമാണു മുൻപ് ഈ നേട്ടത്തിലെത്തിയത്. പരിക്ക്മാറിയെത്തിയ ബുംറ രാജ്യാന്തര ക്രിക്കറ്റിൽ ശ്രദ്ധേയമായ പ്രകടനവുമായി കളംനിറഞ്ഞ വർഷംകൂടിയായിരുന്നു 2024.