< Back
Cricket
Jai Shah takes over as ICC Chairman; The Champions Trophy in Pakistan is the first step
Cricket

ഐസിസി ചെയർമാൻ സ്ഥാനം ഏറ്റെടുത്ത് ജയ് ഷാ; പാകിസ്താനിലെ ചാമ്പ്യൻസ് ട്രോഫി ആദ്യ കടമ്പ

Sports Desk
|
1 Dec 2024 5:43 PM IST

പാകിസ്താനിലേക്കില്ലെന്ന് അറിയിച്ചതോടെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ യു.എ.ഇയിലാകും നടക്കുക

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ(ഐസിസി) പുതിയ ചെയർമാനായി സ്ഥാനം ഏറ്റെടുത്ത് ജയ് ഷാ. നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ചുമതലയേറ്റെടുക്കൽ വൈകുകയായിരുന്നു. ക്രിക്കറ്റിനെ കൂടുതൽ രാജ്യങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് ജയ്ഷാ പറഞ്ഞു. ഗ്രെഗ് ബാർക്ലേയുടെ പിൻഗാമിയായാണ് ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ കൂടിയായ ജയ് ഷാ ഐസിസി തലപ്പത്തേക്ക് എത്തുന്നത്. ഐസിസി ചെയർമാനായി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് 35കാരനായ ജയ് ഷാ.

ഐസിസി ചെയർമാനാകുന്ന മൂന്നാമത്തെ ഇന്ത്യക്കാരനുമാണ്. 2014- 2015 കാലയളവിൽ എൻ ശ്രീനിവാസൻ, 2015- 2020 വരെ ശശാങ്ക് മനോഹർ എന്നിവരാണ് നേരത്തെ ഐസിസിയുടെ ചെയർമാൻ സ്ഥാനത്തെത്തിയത്. ജഗ്മോഹൻ ഡാൽമിയയും ശരദ് പവാറും ഐസിസി പ്രസിഡന്റ് സ്ഥാനത്തെത്തിയിരുന്നു.അടുത്ത വർഷം ഫെബ്രുവരിയിൽ പാകിസ്താൻ ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യൻസ് ട്രോഫിയാണ് ജയ്ഷായുടെ വെല്ലുവിളി. ഇന്ത്യ പാകിസ്താനിലേക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചതോടെ ഹൈബ്രിഡ് മോഡലിലാകും ടൂർണമെന്റ് നടക്കുക. ഇന്ത്യയുടെ മാച്ചുകൾ പൊതുവേദിയായ യു.എ.ഇയിലാകും നടക്കുക.

സംഭവത്തിൽ ഇടഞ്ഞ പാകിസ്താൻ ഇന്ത്യയിൽ നടക്കുന്ന മത്സരങ്ങളും ഇതേ മാതൃകയിൽ പൊതുവേദിയിൽ നടത്തണമെന്ന ആവശ്യമുയർത്തിയിട്ടുണ്ട്. ഐസിസി നൽകുന്ന ഫണ്ട് ഉയർത്തണമെന്ന ആവശ്യവും മുന്നോട്ട്‌വെച്ചു. ഇക്കാര്യങ്ങൾ പരിഹരിക്കേണ്ടതുണ്ട്. 2009ൽ അഹമ്മദാബാദ് സെൻട്രൽ ബോർഡ് ഓഫ് ക്രിക്കറ്റിൽ പ്രവർത്തിച്ചു തുടങ്ങിയ ജയ് ഷാ പിന്നീട് 2011ൽ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായി. 2013ൽ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി സ്ഥാനത്തേക്കെത്തിയതോടെ പിന്നീടെല്ലാം വേഗത്തിലായിരുന്നു. 2015ൽ ബിസിസിഐ പ്രസിഡൻറായിരുന്ന എൻ ശ്രീനിവാസനെ പുറത്താക്കുന്നതിന് പിന്നിലെ സൂത്രധാരൻമാരിലൊരാളായിരുന്നു ജയ് ഷാ. 2019ൽ ആദ്യമായി ബിസിസിഐ സെക്രട്ടറിയായ ജയ് ഷാ ഇന്ത്യൻ ക്രിക്കറ്റിൽ ആധിപത്യമുയർത്തി. തുടർന്ന് സൗരഗ് ഗാംഗുലി സ്ഥാനമൊഴിഞ്ഞതോടെ പ്രസിഡന്റ് സ്ഥാനത്തേക്കുമെത്തി.

Similar Posts