< Back
Cricket
root and hayden
Cricket

ജോ റൂട്ട് സെഞ്ച്വറിയടിച്ചു; മാത്യു ഹെയ്ഡന് ഇനി നഗ്നനായി ഓടേണ്ട

Sports Desk
|
4 Dec 2025 10:27 PM IST

സിഡ്നി: ഇംഗ്ലണ്ടും ആസ്ട്രേലിയയും ക്രിക്കറ്റിലെ ബദ്ധ വൈരികളാണ്. പക്ഷേ ഒരു ഇംഗ്ലീഷുകാരൻ സെഞ്ച്വറിയടിക്കുമ്പോൾ ഒരു ആസ്ട്രേലിയക്കാരന് ആശ്വാസമാകുന്നത് ആദ്യമാകും. ആഷസിലെ രണ്ടാം ടെസ്റ്റിലെ ആദ്യ ദിനം ഗാബയിൽ ജോ റൂട്ട് തന്റെ 40-ാം ടെസ്റ്റ് സെഞ്ച്വറി നേടിയപ്പോൾ ആശ്വാസമായത് മുൻ ഓസീസ് ഇതിഹാസം മാത്യൂ ഹെയ്ഡനാണ്. നേരത്തെ, ആഷസ് പരമ്പരയിൽ റൂട്ട് ഒരു സെഞ്ച്വറി നേടുന്നതിൽ പരാജയപ്പെട്ടാൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിന് (MCG) ചുറ്റും നഗ്നനായി ഓടുമെന്ന് ഹെയ്ഡൻ പ്രതികരിച്ചത് വലിയ വാർത്തയായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളായ ജോ റൂട്ടിന് ബദ്ധവൈരികളായ ആസ്ട്രേലിയിൽ ഇന്നേവരെ ഒരു സെഞ്ച്വറി നേടാൻ സാധിച്ചിരുന്നില്ല. ഇതേ കുറിച്ചുള്ള ചർച്ചയിലാണ് ഹെയ്ഡൻ ഞെട്ടിക്കുന്ന പ്രഖ്യാപനം നടത്തിയത്.

ജോ റൂട്ട് സെഞ്ച്വറിയടിച്ചതിന് പിന്നാ​ലെ ഹെയ്ഡൻ 'X'-ൽ പ്രതികരിച്ചതിങ്ങനെ: "അഭിനന്ദനങ്ങൾ കൂട്ടുകാരാ. നിനക്ക് അൽപ്പം സമയമെടുത്തു. ഈ കളിയിൽ എന്നേക്കാൾ തൊലിക്കട്ടി പണയപ്പെടുത്തിയ മറ്റാരുമുണ്ടാകില്ല. പത്ത് അർദ്ധ സെഞ്ച്വറികൾക്ക് ശേഷം ഒടുവിൽ നിങ്ങൾ സെഞ്ച്വറി നേടിയിരിക്കുന്നു. ഗംഭീര പ്രകടനം’’.

ഞങ്ങളുടെ കണ്ണുകളെ രക്ഷിച്ചതിന് റൂട്ടിന് നന്ദി എന്നായിരുന്നു ഹെയ്ഡന്റെ മകൾ ഗ്രേസിന്റെ പ്രതികരണം.

ആദ്യ ദിനം സ്റ്റംപെടുക്കുമ്പോൾ 135* റൺസുമായി റൂട്ട് പുറത്താകാതെ നിൽക്കുകയാണ്. 2002ൽ മൈക്കിൾ വോൺ നേടിയ 177 റൺസിന് ശേഷം ആസ്‌ട്രേലിയയിൽ ഒന്നാം ദിവസം ഒരു ഇംഗ്ലീഷ് ബാറ്റർ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്.

Similar Posts