< Back
Cricket
Kaifs strike; Alleppey Ripples defeat Trivandrum Royals in thriller
Cricket

കൈഫിന്റെ തൂക്കിയടി; ത്രില്ലർപോരിൽ ട്രിവാൻഡ്രം റോയൽസിനെ തോൽപ്പിച്ച് ആലപ്പി റിപ്പിൾസ്

Sports Desk
|
25 Aug 2025 11:46 PM IST

ഇംപാക്ട് പ്ലെയറായി ഇറങ്ങിയ മുഹമ്മദ് കൈഫ് 30 പന്തിൽ 66 റൺസെടുത്തു

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന് ആവേശ ജയം. ട്രിവാൻഡ്രം റോയൽസിനെ മൂന്ന് വിക്കറ്റിനാണ് തകർത്തത്. റോയൽസ് ഉയർത്തിയ 179 റൺസ് വിജയലക്ഷ്യം 19.4 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ആലപ്പി റിപ്പിൾസ് മറികടന്നു. അവസാന ഓവറുകളിൽ തകർത്തടിച്ച മുഹമ്മദ് കൈഫിന്റെ(30 പന്തിൽ 66) ബാറ്റിങ് മികവാണ് ജയമൊരുക്കിയത്. ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ(22 പന്തിൽ 38) മികച്ച പിന്തുണ നൽകി. ട്രിവാൻഡ്രത്തിനായി ബേസിൽ തമ്പി രണ്ട് വിക്കറ്റ് വീഴ്ത്തി.

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ 179 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ആലപ്പി റിപ്പിൾസിന്റെ തുടക്കം മികച്ചതായില്ല. മൂന്നാം ഓവറിൽ അക്ഷയ് ചന്ദ്രനെ(3) നഷ്ടമായി. പിന്നാലെ ജലജ് സക്‌സേനെ(17)യും അഭിഷേക് നായരും(0) മടങ്ങിയതോടെ ഒരുവേള 29-3 എന്ന നിലയിലായിരുന്നു ആലപ്പി റിപ്പിൾസ്. എന്നാൽ ഏഴാമനായി ക്രീസിലെത്തിയ മുഹമ്മദ് കൈഫ് അർധ സെഞ്ച്വറിയുമായി ടീമിന്റെ രക്ഷകനായി. ഇംപാക്ട് പ്ലേയറായി ഇറങ്ങിയ കൈഫാണ് പ്ലെയർഓഫ്ദിമാച്ച്. 30 പന്തിൽ ഒരു ഫോറും ഏഴ് സിക്‌സറും സഹിതം താരം 66 റൺസുമായി പുറത്താകാതെ നിന്നു.

അവസാന ഓവർ വരെ നീണ്ട ആവേശപ്പോരാട്ടത്തിൽ ആലപ്പിയുടെ രക്ഷകനായി അവതരിക്കുകയായിരുന്നു കൈഫ്. അസ്ഹറുദ്ദീൻ മടങ്ങിയതോടെ റൺസ് കണ്ടെത്താനാകാതെ തപ്പിത്തടഞ്ഞ ടീമിനെ കൈഫ് ഒറ്റയ്ക്ക് ചുമലിലേറ്റി. 12ആം ഓവറിലായിരുന്നു കൈഫ് ബാറ്റ് ചെയ്യാനെത്തിയത്. അഞ്ച് വിക്കറ്റിന് 85 റൺസെന്ന നിലയിലായിരുന്നു റിപ്പിൾസ്. ജയിക്കാൻ വേണ്ടത് 50 പന്തുകളിൽ 94 റൺസ്. എന്നാൽ സമ്മർദ്ദങ്ങളില്ലാതെ സിക്‌സുകളിലൂടെ കൈഫ് സ്‌കോറുയർത്തി. ആറാം വിക്കറ്റിൽ അക്ഷയ് ടി കെയുമായി ചേർന്ന് കൈഫ് 72 റൺസ് കൂട്ടിച്ചേർത്തു. 22 റൺസെടുത്ത അക്ഷയ് മടങ്ങുമ്പോൾ വിജയം 22 റൺസ് അകലെയായിരുന്നു. എന്നാൽ ആത്മവിശ്വാസത്തോടെ ഷോട്ടുകൾ പായിച്ച കൈഫ്, റോയൽസിന്റെ ബൌളർമാർ വരുത്തിയ പിഴവുകൾ പരമാവധി മുതലെടുക്കുകയും ചെയ്തു. അവസാന ഓവറുകളിൽ അഭിജിത് പ്രവീണും ഫാനൂസ് ഫൈസും തുടരെ നോബോളുകൾ എറിഞ്ഞത് റോയൽസിന് തിരിച്ചടിയായി. ഫ്രീഹിറ്റുകൾ മുതലെടുത്ത കൈഫ് ടീമിനെ വിജയതീരത്തെത്തിച്ചു. 30 പന്തുകളിൽ ഏഴ് സിക്‌സും ഒരു ഫോറുമടക്കം 66 റൺസുമായി കൈഫ് പുറത്താകാതെ നിന്നു.

നേരത്തെ വലിയൊരു തകർച്ചയോടെ തുടങ്ങിയ ട്രിവാൺഡ്രം റോയൽസിന് ക്യാപ്റ്റൻ കൃഷ്ണപ്രസാദിന്റെ ഇന്നിങ്‌സാണ് കരുത്തായത്. എം നിഖിലും അബ്ദുൽ ബാസിതും മികച്ച പിന്തുണ നൽകിയതോടെ ട്രിവാൻഡ്രം ഭേദപ്പെട്ട സ്‌കോർ പടുത്തുയർത്തി. തന്റെ ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റുമായി ആഞ്ഞടിച്ച കൗമാര താരം ആദിത്യ ബൈജു ആലപ്പിയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. അവസാന അഞ്ച് ഓവറുകളിൽ കൃഷ്ണപ്രസാദും നിഖിലും ചേർന്നുള്ള കൂറ്റനടികളാണ് റോയൽസിന്റെ സ്‌കോർ 178 വരെയെത്തിച്ചത്. ഓപ്പണറായി ഇറങ്ങിയ കൃഷ്ണപ്രസാദ് 53 പന്തുകളിൽ നാല് ഫോറും മൂന്ന് സിക്‌സുമടക്കം 67 റൺസുമായി പുറത്താകാതെ നിന്നു. നിഖിൽ 31 പന്തുകളിൽ നിന്ന് 42 റൺസെടുത്തു.

Similar Posts