< Back
Cricket
Biju Narayanans double six in the last over; Kollam Sailors win over Calicut
Cricket

അവസാന ഓവറിൽ ബിജു നാരായണന്റെ ഇരട്ട സിക്‌സർ; കാലിക്കറ്റിനെതിരെ കൊല്ലം സെയ്‌ലേഴ്‌സിന് തകർപ്പൻ ജയം

Sports Desk
|
21 Aug 2025 7:09 PM IST

ഒരു പന്ത് ബാക്കിനിൽക്കെയാണ് സച്ചിൻ ബേബി നയിച്ച ടീം ജയം സ്വന്തമാക്കിയത്.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ കൊല്ലം സെയ്‌ലേഴ്‌സിന് വിജയത്തുടക്കം. രണ്ടാം സീസണിലെ ആദ്യ മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനെ ഒരുവിക്കറ്റിനാണ് തോൽപിച്ചത്. കാലിക്കറ്റ് ഉയർത്തിയ 139 റൺസ് വിജയലക്ഷ്യം 19.5 ഓവറിൽ കൊല്ലം ടീം മറികടന്നു. പതിനൊന്നാമനായി ക്രീസിലെത്ത തുടരെ രണ്ട് സിക്‌സർ പറത്തിയ ബിജു നാരായണനാണ് ചാമ്പ്യൻമാരുടെ വിജയശിൽപി. 41 റൺസെടുത്ത വത്സൽ ഗോവിന്ദാണ് കൊല്ലത്തിന്റെ ടോപ് സ്‌കോറർ. ഏദൻ ആപ്പിൾ ടോമുമായി ചേർന്ന് അവസാന വിക്കറ്റിൽ നടത്തിയ മികച്ച പ്രകടനമാണ് ജയമൊരുക്കിയത്. ബിജു നാരായണൻ 7 പന്തിൽ 15 റൺസുമായും ഏദൻ 6 പന്തിൽ 10 റൺസുമായും പുറത്താകാതെ നിന്നു.

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ് 18 ഓവറിൽ 138 റൺസിൽ ഓൾഔട്ടായി. അർധ സെഞ്ച്വറി നേടിയ രോഹൻ എസ് കുന്നുമ്മലാണ് (22 പന്തിൽ 54) ടോപ് സ്‌കോറർ. മനു കൃഷ്ണൻ 25 റൺസും സൽമാൻ നിസാർ 21 റൺസുമെടുത്തു. കൊല്ലത്തിനായി ഷറഫുദ്ദീൻ നാല് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങിൽ കൊല്ലത്തിന്റെ തുടക്കം പാളി. ഓപ്പണറായി ഇറങ്ങിയ വിഷ്ണു വിനോദ്(0)ആദ്യ പന്തിൽ തന്നെ പുറത്തായി. തുടർന്ന് അഭിഷേക് നായർ(21), ക്യാപ്റ്റൻ സച്ചിൻ ബേബി(24) ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയി. എന്നാൽ മധ്യഓവറുകളിൽ തുടരെ വിക്കറ്റുകൾ വീണതോടെ ടീം തോൽവിയെ നേരിട്ടു. എന്നാൽ ഒരുഭാഗത്ത് ഉറച്ചുനിന്ന വത്സൽ ഗോവിന്ദ്(31 പന്തിൽ 41) അവസാന ഓവറിൽ തകർത്തടിച്ചതോടെ നിലവിലെ ചാമ്പ്യൻമാർക്ക് പ്രതീക്ഷയായി. 18ാം ഓവറിൽ വത്സൽ ഗോവിന്ദ് മടങ്ങിയെങ്കിലും അവസാന ഓവറിൽ ഏദൻ ആപ്പിൾടോമും ബിജു നാരായണനും ചേർന്നുള്ള ബാറ്റിങ് വിസ്‌ഫോടനം കൊല്ലത്തിന് ആദ്യ ജയമൊരുക്കി. നാല് വിക്കറ്റെടുത്ത അഖിൽ സ്‌കറിയ കാലിക്കറ്റ് നിരയിൽ തിളങ്ങി

Similar Posts