< Back
Cricket
Sanju and his team suffer their first defeat; Thrissur Titans win on the last ball
Cricket

കെസിഎല്ലിൽ സഞ്ജുവിനും സംഘത്തിനും ആദ്യ തോൽവി; അവസാന പന്തിൽ ജയം പിടിച്ച് തൃശൂർ ടൈറ്റൻസ്

Sports Desk
|
26 Aug 2025 7:23 PM IST

സഞ്ജു സാംസൺ അർധസെഞ്ച്വറിയുമായി കൊച്ചിയുടെ ടോപ് സ്‌കോററായി

തിരുവനന്തപുരം: കെസിഎൽ രണ്ടാം സീസണിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് ആദ്യ തോൽവി. അവസാനം വരെ ആവേശം നിറഞ്ഞ മത്സരത്തിൽ തൃശൂർ അഞ്ച് വിക്കറ്റിനാണ് കൊച്ചിയെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തു. മറുപടി ബാറ്റിങിൽ തൃശൂർ അവസാന പന്തിൽ ലക്ഷ്യത്തിലെത്തി. ഹാട്രിക് അടക്കം അഞ്ച് വിക്കറ്റ് വീഴ്ത്തിയ എ കെ അജിനാസാണ് കളിയിലെ താരം.

തുടർച്ചയായ രണ്ടാംമാച്ചിലും സഞ്ജു സാംസൺ തന്നെയായിരുന്നു കൊച്ചി ഇന്നിങ്‌സിനെ മുന്നിൽ നിന്ന് നയിച്ചത്. രണ്ടാം ഓവറിൽ തന്നെ ഓപ്പണർ വിനൂപ് മനോഹരൻ പുറത്തായെങ്കിലും തുടർന്നെത്തിയ മുഹമ്മദ് ഷാനുവും സഞ്ജുവും ചേർന്ന് കൊച്ചിയ്ക്ക് മികച്ച തുടക്കം നൽകി. ആനന്ദ് ജോസഫ് എറിഞ്ഞ നാലാം ഓവർ മുതൽ സഞ്ജുവിന്റെ ബാറ്റിങ് കരുത്തിൽ കൊച്ചി ആറാം ഓവറിൽ 50 റൺസ് പിന്നിട്ടു. 26 പന്തുകളിൽ നിന്ന് സഞ്ജു അർദ്ധ സെഞ്ച്വറിയും പൂർത്തിയാക്കി. ഇരുവരും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 76 റൺസാണ് കൂട്ടിചേർത്തത്. 24 റൺസെടുത്ത ഷാനുവിനെ പുറത്താക്കി അജിനാസാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. തുടർന്നെത്തിയ നിഖിൽ തോട്ടത്ത് 18ഉം സാലി സാംസൻ 16ഉം റൺസുമായി മടങ്ങി. മറുവശത്ത് കൂറ്റൻ ഷോട്ടുകളുമായി സഞ്ജു ബാറ്റിങ് തുടർന്നു. എന്നാൽ അജിനാസ് എറിഞ്ഞ 18ആം ഓവർ നിർണ്ണായകമായി. ഓവറിലെ രണ്ടാം പന്തിൽ ആനന്ദ് കൃഷ്ണൻ പിടിച്ച് സഞ്ജു പുറത്തായി. 46 പന്തുകളിൽ നാല് ഫോറും എട്ട് സിക്‌സും അടക്കം 89 റൺസാണ് അടിച്ചെടുത്തത്. തൊട്ടടുത്ത പന്തിൽ പി എസ് ജെറിനേയും അടുത്ത പന്തിൽ മുഹമ്മദ് ആഷിഖിനേയും വീഴ്ത്തി അജിനാസ് ഹാട്രികും അഞ്ച് വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങിൽ തൃശൂരിന് ഓപ്പണർ അഹ്‌മദ് ഇമ്രാൻ തകർപ്പൻ തുടക്കമാണ് നൽകിയത്. മറുവശത്ത് ആനന്ദ് കൃഷ്ണനും ഷോൺ റോജറും വിഷ്ണു മേനോനും ചെറിയ സ്‌കോറുകളിൽ പുറത്തായെങ്കിലും കൂറ്റൻ ഷോട്ടുകളിലൂടെ ഇമ്രാൻ ബാറ്റിങ് തുടർന്നു. 28 പന്തുകളിൽ അർദ്ധ സെഞ്ച്വറിയും പൂർത്തിയാക്കി. അക്ഷയ് മനോഹറുമൊത്ത് നാലാം വിക്കറ്റിൽ ഇമ്രാൻ നേടിയ 51 റൺസാണ് തൃശൂരിന്റെ ഇന്നിങ്‌സിൽ നിർണ്ണായകമായി. എന്നാൽ പി എസ് ജെറിൻ എറിഞ്ഞ 14ആം ഓവറിൽ ഇരുവരും പുറത്തായത് തൃശൂരിന് തിരിച്ചടിയായി. അക്ഷയ് മനോഹർ 20 റൺസും അഹ്‌മദ് ഇമ്രാൻ 72 റൺസും നേടിയാണ് മടങ്ങിയത്. 40 പന്തുകളിൽ ഏഴ് ഫോറും നാല് സിക്‌സുമടക്കമായിരുന്നു ഇമ്രാൻ 72 റൺസ് നേടിയത്.

16ആം ഓവർ മുതൽ ആഞ്ഞടിച്ച ഇരുവരും ചേർന്ന് അവസാന പന്തിൽ ടീമിനെ വിജയത്തിലെത്തിച്ചു. അവസാന ഓവറിൽ 15 റൺസായിരുന്നു തൃശൂരിന് ജയിക്കാൻ വേണ്ടിയിരുന്നത്. ഓവറിലെ നാലാം പന്ത് സിക്‌സറിന് പറത്തിയതോടെ അവസാന പന്തിൽ ജയിക്കാൻ വേണ്ടത് നാല് റൺസ്. പരിചയ സമ്പത്തോടെ ബാറ്റ് വീശിയ സിജോമോൻ ബൗണ്ടറിയിലൂടെ ടീമിന് വിജയമൊരുക്കി. സിജോമോൻ ജോസഫ് 23 പന്തുകളിൽ നിന്ന് 42 റൺസും അർജുൻ 16 പന്തുകളിൽ നിന്ന് 31 റൺസും നേടി പുറത്താകാതെ നിന്നു. വിജയത്തോടെ തൃശൂർ ആറ് പോയിന്റുമായി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.

Similar Posts