< Back
Cricket
‘‘തോന്നുമ്പോൾ വന്ന് കളിക്കാനുള്ളതല്ല കേരള ടീം’’ -സഞ്ജുവിനെതിരെ കേരള ക്രിക്കറ്റ് അസോസിയേഷൻ Mediaone Exclusive
Cricket

‘‘തോന്നുമ്പോൾ വന്ന് കളിക്കാനുള്ളതല്ല കേരള ടീം’’ -സഞ്ജുവിനെതിരെ കേരള ക്രിക്കറ്റ് അസോസിയേഷൻ Mediaone Exclusive

Sports Desk
|
18 Jan 2025 9:49 PM IST

കൊച്ചി: ഇന്ത്യൻ താരം സഞ്ജു സാംസണിനെതിരെ രൂക്ഷ വിമർശനവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ. തോന്നുമ്പോൾ വന്ന് കളിക്കാനുള്ളതല്ല കേരള ക്രിക്കറ്റ് ടീമെന്ന് കെസിഎ അധ്യക്ഷകൻ ​ജയേഷ് ജോർജ് മീഡിയവണിനോട് പ്രതികരിച്ചിരുന്നു.

ചാമ്പ്യൻസ്ട്രോഫി ടീമിൽ സഞ്ജുവിന് ഇടം ലഭിക്കാത്തതിന് കാരണം കെസിഎ ആണെന്ന് ശശി തരൂർ നേരത്തേ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജു അച്ചടക്കം പാലിക്കണമെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് മീഡിയവണിനോട് ​പ്രതികരിച്ചത്.

‘‘വിജയ് ഹസാരെ ട്രോഫി കളിക്കാത്തത് കൊണ്ടാണോ സഞ്ജുവിനെ ടീമിലെടുക്കാത്തത് എന്നെനിക്കറിയില്ല. വിജയ് ഹസാരെ ട്രോഫിയിൽ എന്തുകൊണ്ടാണ് സഞ്ജുവിനെ ഉൾപ്പെടുത്താത്ത് എന്നതിന് മറുപടിയുണ്ട്. ടൂർണമെന്റിനുള്ള 30 അംഗ ക്യാമ്പിനുള്ള ടീമിനെ പ്രഖ്യാപ്പിക്കുമ്പോൾ സഞ്ജുവും ടീമിലുണ്ടായിരുന്നു. സഞ്ജു ടീമിനെ നയിക്കുമെന്നായിരുന്നു ഞങ്ങളുടെ വിശ്വാസം. പക്ഷേ അദ്ദേഹം ക്യാമ്പിൽ പ​ങ്കെടുത്തില്ല. കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിക്ക് ‘ഞാൻ വിജയ് ഹസാരെ ട്രോഫി ക്യാമ്പിൽ പ​ങ്കെടുക്കില്ല’ എന്ന ഒറ്റവരി സന്ദേശം മാ​ത്രമാണ് സഞ്ജു അയച്ചത്.

‘‘ക്യാമ്പിൽ പ​ങ്കെടുക്കാത്തതിന്റെ കാരണം പോലും അറിയിച്ചില്ല. തുടർന്ന് ടീം പ്രഖ്യാപനത്തിന് ശേഷം താൻ ടൂർണമെന്റിന് ലഭ്യമാകുമെന്ന ഒറ്റവരി മറുപടി സഞ്ജു നൽകി. ഏത് താരമായാലും കേരള ക്രിക്കറ്റ് ​അസോസിയേഷന് ഒരു പോളിസിയുണ്ട്. ഏത് താരമായാലും ക്യാമ്പിൽ പ​ങ്കെടുക്കണം. സഞ്ജുവിന് തോന്നുമ്പോൾ കളിക്കാനുള്ളതല്ല കേരള ക്രിക്കറ്റ് ടീമെന്ന് മനസ്സിലാക്കണം. എന്തുകൊണ്ട് ക്യാമ്പിൽ പ​ങ്കെടുക്കുന്നില്ലെന്ന് സഞ്ജുവാണ് അറിയിക്കേണ്ടത്’’

‘‘ഇത് ആദ്യ സംഭമല്ല. രഞ്ജി ട്രോഫിയിക്കിടെയും കൃത്യമായ കാരണം അറിയിക്കാതെ സഞ്ജു പോയി. ഇതിനെത്തുടർന്ന് ബിസിസിഐ അച്ചടക്ക നടപടിയെടുത്തോയെന്ന് ചോദിച്ചു. മറ്റുതാരങ്ങൾക്ക് റോൾ മോഡലാകേണ്ട സഞ്ജു ഇങ്ങനെ ചെയ്യുന്നത് ശരിയല്ല’’ -ജയേഷ് ജോർജ് മീഡിയവണിനോട് പ്രതികരിച്ചു.

നേരത്തേ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്താത്തതിന് കാരണം കേരള ക്രിക്കറ്റ് അസോസിയേഷനാണെന്ന ആരോപണവുമായി ശശി തരൂർ എംപി രംഗത്തെത്തിയിരുന്നു. വിജയ് ഹസാരെ ട്രോഫിക്കുള്ള കേരളത്തിന്റെ ട്രെയിനിങ് ക്യാമ്പിൽ പ​ങ്കെടുക്കാനാകില്ലെന്ന് സഞ്ജു​ കെസിഎയെ അറിയിച്ചിരുന്നുവെന്നും എന്നാൽ ചിലരുടെ ഈഗോ കാരണം സഞ്ജുവിനെ ടീമിൽ നിന്നൊഴിവാക്കിയത് വിനയായെന്നും ശശി തരൂർ എംപി പറഞ്ഞിരുന്നു.

Similar Posts