< Back
Cricket
Akhil and Salman Nisar storm; Calicut Globe Stars crush Royals
Cricket

കൊടുങ്കാറ്റായി അഖിലും സൽമാൻ നിസാറും; റോയൽസിനെ തകർത്ത് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്

Sports Desk
|
24 Aug 2025 8:08 PM IST

അവസാന ഓവറുകളിൽ തകർത്തടിച്ചാണ് കാലിക്കറ്റ് ടൂർണമെന്റിലെ ആദ്യ ജയം സ്വന്തമാക്കിയത്.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലെ ആവേശപ്പോരാട്ടത്തിൽ ട്രിവാൺഡ്രം റോയൽസിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ടൂർണ്ണമെന്റിലെ ആദ്യ ജയവുമായി കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്. ആദ്യം ബാറ്റ് ചെയ്ത റോയൽസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 173 റൺസാണ് പടുത്തുയർത്തിയത്. മറുപടി ബാറ്റിങിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് ഒരുഓവർ ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു. പുറത്താകാതെ അർദ്ധ സെഞ്ച്വറി നേടുകയും മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത അഖിൽ സ്‌കറിയയാണ് കളിയിലെ താരം.

തോൽവിയിലേക്കെന്ന് തോന്നിച്ച ഘട്ടത്തിൽ നിന്നും അതിശയകരമായി തിരിച്ചുവന്നാണ് കാലിക്കറ്റ് ജയംപിടിച്ചത്. ആദ്യ ഓവറിൽ ഒരു സിക്‌സും ഒരു ഫോറുമായി രോഹൻ കുന്നുമ്മൽ മടങ്ങിയതോടെ കാലിക്കറ്റിന്റെ സ്‌കോറിങ് മന്ദഗതിയിലായി. 12 റൺസെടുത്ത രോഹനെ ടി എസ് വിനിൽ പുറത്താക്കി. കഴിഞ്ഞ മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയ അജ്‌നാസിനെ വി അജിത്തും പുറത്താക്കി. 28 റൺസ് നേടിയെങ്കിലും സ്‌കോറിങ് വേഗത്തിലാക്കാൻ ഓപ്പണർ സച്ചിൻ സുരേഷിനും കഴിഞ്ഞില്ല. എന്നാൽ 11ആം ഓവറിൽ ഒത്തുചേർന്ന പിരിയാത്ത അഖിൽ സ്‌കറിയ- സൽമാൻ നിസാർ സഖ്യം ടീമിനെ വിജയത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു.

15 ഓവർ പിന്നിടുമ്പോൾ മൂന്നിന് 99 റൺസെന്ന നിലയിലായിരുന്നു കാലിക്കറ്റ്. 30 പന്തുകളിൽ ജയിക്കാൻ വേണ്ടത് 75 റൺസ്. എന്നാൽ ബേസിൽ തമ്പി എറിഞ്ഞ 16ആം ഓവർ മുതൽ ഇരുവരും ആഞ്ഞടിച്ചു. 17 റൺസാണ് ഈ ഓവറിൽ അടിച്ചെടുത്തത്. തൊട്ടടുത്ത ഓവറിൽ മൂന്ന് സിക്‌സും ഒരു ഫോറും നേടിയ അഖിൽ സ്‌കറിയ തന്റെ അർദ്ധശതകം പൂർത്തിയാക്കി. അടുത്ത ഓവറിലും 20 റൺസ് സ്‌കോർ ചെയ്ത ഇരുവരും ചേർന്ന് കളി വരുതിയിലാക്കി. ബേസിൽ തമ്പി എറിഞ്ഞ 19ആം ഓവറിലെ നാലാം പന്ത് ബൌണ്ടറി പായിച്ച സൽമാൻ നിസാറും അർദ്ധ സെഞ്ച്വറി തികച്ചു. ആ ഓവറിലെ അവസാന പന്തിൽ തന്നെ കാലിക്കറ്റ് വിജയവും പൂർത്തിയാക്കി. അഖിൽ സ്‌കറിയ 32 പന്തുകളിൽ നിന്ന് 68ഉം സൽമാൻ നിസാർ 34 പന്തുകളിൽ നിന്ന് 51 റൺസും നേടി പുറത്താകാതെ നിന്നു.

നേരത്തെ ക്യാപ്റ്റൻ കൃഷ്ണപ്രസാദിന്റെ ഇന്നിങ്‌സായിരുന്നു റോയൽസിനെ മികച്ച സ്‌കോറിലെത്തിച്ചത്. 24 റൺസെടുത്ത അബ്ദുൾ ബാസിദ് മികച്ച പിന്തുണ നൽകി. അഖിൽ നാല് ഓവറുകളിൽ നിന്ന് 32 റൺസ് മാത്രം വിട്ടു കൊടുത്ത് മൂന്ന് വിക്കറ്റും മോനു കൃഷ്ണ 35 റൺസിന് രണ്ട് വിക്കറ്റും നേടി.

Similar Posts