< Back
Cricket
Kerala under Sachins wings; 206-4 against Gujarat in Ranji Trophy
Cricket

സച്ചിന്റെ ചിറകിലേറി കേരളം; രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരെ ഭേദപ്പെട്ട നിലയിൽ, 206-4

Sports Desk
|
17 Feb 2025 3:50 PM IST

ആദ്യദിനം കളി അവസാനിക്കുമ്പോൾ 69 റൺസുമായി സച്ചിൻ ബേബിയും 30 റൺസുമായി മുഹമ്മദ് അസ്ഹറുദ്ദീനുമാണ് ക്രീസിൽ.

അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനൽ പോരാട്ടത്തിൽ ഗുജറാത്തിനെതിരെ കേരളം ഭേദപ്പെട്ട നിലയിൽ. ആദ്യദിനം കളി അവസാനിക്കുമ്പോൾ 206-4 എന്ന നിലയിലാണ് കേരളം. 69 റൺസുമായി സച്ചിൻ ബേബിയും 30 റൺസുമായി മുഹമ്മദ് അസ്ഹറുദ്ദീനുമാണ് ക്രീസിൽ. ഗുജറാത്തിനായി പ്രിയജിത്ത് സിങ് ജഡേജയും രവി ബിഷ്ണോയിയും അർസാൻ നഗ്‌വാസ്വല്ലയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഗുജറാത്തിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിങ് ആരംഭിച്ച കേരളത്തിന്റെ തുടക്കം മികച്ചതായി. ഓപ്പണർമാരായ അക്ഷയ് ചന്ദ്രനും(30), രോഹൻ എസ് കുന്നുമ്മലും(30) ചേർന്ന് ഒന്നാം വിക്കറ്റിൽ 60 റൺസ് കൂട്ടിചേർത്തു. എന്നാൽ മൂന്ന് റൺ വ്യത്യാസത്തിൽ ഓപ്പണർമാരെ സന്ദർശകർക്ക് നഷ്ടമായി. അരങ്ങേറ്റ മത്സരം കളിച്ച വരുൺ നായനാരും(10) മടങ്ങിയതോടെ ഒരുവേള കേരളം തിരിച്ചടി നേരിട്ടു. എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന ക്യാപ്റ്റൻ സച്ചിൻ ബേബിയും ജലജ് സക്‌സേനയും ചേർന്ന് സ്‌കോർ 100 കടത്തി. ജലജ് സക്സേന(30) മടങ്ങിയെങ്കിലും അസ്ഹറുദ്ദീനെ കൂട്ടുപിടിച്ച് സച്ചിൻ സ്‌കോർ 200 കടത്തി.

അർധ സെഞ്ച്വറി സ്വന്തമാക്കിയ സച്ചിൻ 193 പന്തുകൾ നേരിട്ടാണ് 69 റൺസ് നേടിയത്. എട്ട് ഫോറുകളാണ് ബാറ്റിൽ നിന്ന് പിറന്നത്. ഗുജറാത്തിനെതിരായ സെമി ഫൈനലിൽ വരുൺ നായനാറിന് പുറമനെ അഹമദ് ഇമ്രാനും അരങ്ങേറ്റ മത്സരം കളിച്ചു. ബേസിൽ തമ്പി, ഷോൺ റോജർ എന്നിവർക്ക് പകരമാണ് ഇരുവരും ഇറങ്ങിയത്.

Similar Posts