< Back
Cricket
Cooch Behar Trophy; Kerala recovers from collapse against Punjab
Cricket

കൂച്ച് ബെഹാർ ട്രോഫി; പഞ്ചാബിനെതിരെ തകർച്ചയിൽ നിന്ന് കരകയറി കേരളം

Sports Desk
|
16 Nov 2025 7:31 PM IST

ആദ്യദിനം മത്സരം അവസാനിക്കുമ്പോൾ 31 റൺസോടെ ജോബിൻ ജോബിയും 25 റൺസോടെ മാനവ് കൃഷ്ണയുമാണ് ക്രീസിൽ.

വയനാട്: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ പഞ്ചാബിനെതിരെ ആദ്യ ദിവസം കളി അവസാനിക്കുമ്പോൾ കേരളം ഏഴ് വിക്കറ്റിന് 229 റൺസെന്ന നിലയിൽ. ആദ്യ ഓവറുകളിൽ തകർന്നടിഞ്ഞ കേരളത്തിന്റെ ബാറ്റിങ് നിര ശക്തമായി തിരിച്ചു വരികയായിരുന്നു. അമയ് മനോജും ഹൃഷികേശും മികച്ച പ്രകടനം നടത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആതിഥേയർക്ക് ഞെട്ടിക്കുന്ന തുടക്കമാണ് ലഭിച്ചത്. സ്‌കോർ 14ൽ നിൽക്കെ ഒരു റണ്ണെടുത്ത സംഗീത് സാഗറെ പുറത്താക്കി അധിരാജ് സിങ് കേരളത്തിന് ആദ്യ പ്രഹരമേൽപിച്ചു. അതേ ഓവറിൽ തന്നെ തോമസ് മാത്യുവിനെയും അധിരാജ് പൂജ്യത്തിന് പുറത്താക്കി. സ്‌കോർ ബോർഡിൽ ഒരു റൺ കൂടി കൂട്ടിച്ചേർക്കും മുൻപ് രണ്ട് വിക്കറ്റുകൾ കൂടി നഷ്ടമായതോടെ നാല് വിക്കറ്റിന് 14 റൺസെന്ന നിലയിലായിരുന്നു കേരളം. കെ ആർ രോഹിത് ഒൻപത് റൺസുമായി മടങ്ങിയപ്പോൾ മാധവ് കൃഷ്ണ പൂജ്യത്തിന് പുറത്തായി. തുടർന്നെത്തിയ ലെറോയ് ജോക്വിനും പിടിച്ചു നിൽക്കാനായില്ല. നാല് റൺസെടുത്ത ലെറോയിയെ അധിരാജ് സിങ് ക്ലീൻ ബൗൾഡാക്കി.

ആറാം വിക്കറ്റിൽ ഹൃഷികേശും അമയ് മനോജും ചേർന്ന് കൂട്ടിച്ചേർത്ത 141 റൺസാണ് കേരളത്തിന് കരുത്ത് പകർന്നത്. അമയ് 67ഉം ഹൃഷികേശ് 84ഉം റൺസെടുത്തു. ഇരുവരെയും പുറത്താക്കി സക്ഷേയയാണ് കൂട്ടുകെട്ടിന് അവസാനമിട്ടത്. ആദ്യദിനം മത്സരം അവസാനിക്കുമ്പോൾ 31 റൺസോടെ ജോബിൻ ജോബിയും 25 റൺസോടെ മാനവ് കൃഷ്ണയുമാണ് ക്രീസിൽ. പഞ്ചാബിന് വേണ്ടി അധിരാജ് സിങ് നാലും സക്ഷേയ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

Similar Posts