< Back
Cricket
Sanju smashes century; Kochi Blue Tigers win last-over thriller
Cricket

സെഞ്ച്വറിയുമായി തകർത്തടിച്ച് സഞ്ജു; കെസിഎൽ ത്രില്ലർ ജയിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

Sports Desk
|
24 Aug 2025 11:59 PM IST

അവസാന പന്തിൽ സിക്‌സർ പറത്തി മുഹമ്മദ് ആഷിക് കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ഹീറോയായി

തിരുവനന്തപുരം: അവസാന പന്തുവരെ നീണ്ടുനിന്ന ആവേശപോരാട്ടത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് നാല് വിക്കറ്റ് ജയം. നിലവിലെ ചാമ്പ്യൻമാരായ കൊല്ലം സെയ്‌ലേഴ്‌സിനെയാണ് തോൽപ്പിച്ചത്. അവസാന പന്തിൽ ജയിക്കാൻ ആറു റൺസ് വേണ്ടിയിരുന്ന കൊച്ചിക്കായി മുഹമ്മദ് ആഷിക് സിക്‌സർ പറത്തി വിജയം സമ്മാനിക്കുകയായിരുന്നു. കെസിഎല്ലിലെ ആദ്യ സെഞ്ച്വറി കുറിച്ച സഞ്ജു സാംസൺ 51 പന്തിൽ 14 ഫോറും ഏഴ് സിക്‌സറും സഹിതം 121 റൺസാണ് അടിച്ചെടുത്തത്.

നേരത്തെ കൊല്ലം സെയ്‌ലേഴ്‌സ് ഉയർത്തിയ 237 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കൊച്ചിയ്ക്ക് പവർപ്ലെയിൽ പ്രതീക്ഷക്കൊത്ത തുടക്കമാണ് ലഭിച്ചത്. കഴിഞ്ഞ മത്സരത്തിൽ മധ്യനിരയിൽ ഇറങ്ങിയ സഞ്ജുവിനെ ഓപ്പറായി ഇറക്കിവിടാനുള്ള കൊച്ചി ടീമിന്റെ തീരുമാനം മത്സരത്തിൽ നിർണായകമായി. തുടക്കം മുതൽ ആക്രമിച്ച് കളിച്ച സഞ്ജു സെയ്‌ലേഴ്‌സ് ബോളർമാരെ കണക്കിന് പ്രഹരിച്ചു. ആദ്യ ആറ് ഓവറിൽ തന്നെ 100 റൺസ് കടക്കാനും കൊച്ചിയ്ക്കായി. സ്‌കോർ 64ൽ നിൽക്കെ ഓപ്പണർ വിനൂപ് മനോഹറിനെ(11) നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന സഞ്ജു-മുഹമ്മദ് ഷാനു സഖ്യം അതിവേഗം സ്‌കോർ ഉയർത്തി. 39 റൺസിൽ ഷാനു വീണെങ്കിലും മുഹമ്മദ് ആഷിക് (18 പന്തിൽ 45) ഫിനിഷറുടെ റോൾ ഭംഗിയാക്കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്‌സ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 236 റൺസെടുത്തത്. ക്യാപ്റ്റൻ സച്ചിൻ ബേബിയുടെയും( 44 പന്തിൽ 91), വിഷ്ണു വിനോദിന്റെയും( 41 പന്തിൽ 94) തകർപ്പൻ ബാറ്റിങ്ങാണ് കൊല്ലത്തിന് സീസണിലെ ഏറ്റവും ഉയർന്ന സ്‌കോർ സമ്മാനിച്ചത്.

Similar Posts