< Back
Cricket
‘കൂടെ മൂന്ന് ക്യാപ്റ്റൻമാരുള്ളത് ഭാഗ്യം’; പുതിയ സീസണിൽ വലിയ പ്രതീക്ഷയെന്ന് ഹാർദിക് പാണ്ഡ്യ
Cricket

‘കൂടെ മൂന്ന് ക്യാപ്റ്റൻമാരുള്ളത് ഭാഗ്യം’; പുതിയ സീസണിൽ വലിയ പ്രതീക്ഷയെന്ന് ഹാർദിക് പാണ്ഡ്യ

Sports Desk
|
19 March 2025 8:38 PM IST

മുംബൈ: പുതിയ ഐപിഎൽ സീസണിന് മുന്നോടിയായി പ്രതീക്ഷകൾ തുറന്നുപറഞ്ഞ് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. മെഗാലേലത്തിന് ശേഷം കൂടുതൽ കരുത്തുമായാണ് മുംബൈ വരുന്നതെന്ന് പാണ്ഡ്യ പറഞ്ഞു.

‘‘പോയ സീസണിൽ ഞങ്ങൾക്ക് വലിയ വെല്ലുവിളികളുണ്ടായിരുന്നു. പക്ഷേ ഒരു വലിയ ലേലം കഴിഞ്ഞു. ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു. പുതിയ ഉയരങ്ങൾ വരച്ചുതീർക്കാനായി പുതിയൊരു ക്യാൻവാസ് ലഭിച്ചിരിക്കുന്നു. ഇവിടുത്തെ രീതികൾ അറിയുന്ന ഒരു കോർ ഗ്രൂപ്പ് ഇവിടെയുണ്ട്. കൂടാതെ പുതിയ താരങ്ങളെയും ഇവിടെയെത്തിച്ചു. കൂടാതെ 2020ലെ കിരീട വിജയത്തിൽ വലിയ പങ്കുവഹിച്ച ട്രെൻറ് ബോൾട്ട് അടക്കമുള്ള പഴയ മുഖങ്ങൾ മടങ്ങിയെത്തിയിരിക്കുന്നു’’

‘‘മൂന്ന് ക്യാപ്റ്റൻമാരുടെ കൂടെ കളിക്കുന്നത് ഭാഗ്യമായി കാണുന്നു. ഇത് എനിക്ക് കൂടുതൽ അനുഭവ സമ്പത്ത് നൽകുന്നു. മൂന്ന് ഫോർമാറ്റുകളിലായി ഇന്ത്യയെ നയിക്കുന്നവർ എന്നെ സഹായിക്കാനായുണ്ട്. അവരെപ്പോഴും എന്റെ തോളിൽ ത​ട്ടി കൂടെയുണ്ടെന്ന് പറയുന്നവരാണ്’’ -പാണ്ഡ്യ പറഞ്ഞു.

ഇന്ത്യൻ ഏകദിന ടീം നായകനായ രോഹിത് ശർമ, ട്വന്റി 20 ക്യാപ്റ്റനായ സൂര്യകുമാർ യാദവ്, ടെസ്റ്റിൽ ഇന്ത്യയെ നയിക്കാറുള്ള ജസ്പ്രീത് ബുംറ എന്നിവരെ സൂചിപ്പിച്ചാണ് പാണ്ഡ്യയുടെ പ്രസ്താവന. മാർച്ച് 23ന് ചെന്നൈ സൂപ്പർ കിങ്സുമായാണ് മുംബൈയുടെ ആദ്യ മത്സരം. പോയ വർഷം ഐപിഎല്ലിൽ ഓവർ നിരക്ക് ലംഘിച്ചതിനാൽ പാണ്ഡ്യക്ക് ആദ്യ മത്സരത്തിൽ കളിക്കാനാകില്ല. സൂര്യകുമാർ യാദവാണ് പകരം ടീമിനെ നയിക്കുക.

Similar Posts