< Back
Cricket
‘‘നക്ഷത്രങ്ങൾക്കിടയിലുള്ള മകൾക്ക് കാണാനായി പി.എസ്.ജിക്കായി അയാൾ കപ്പുയർത്തും’’
Cricket

‘‘നക്ഷത്രങ്ങൾക്കിടയിലുള്ള മകൾക്ക് കാണാനായി പി.എസ്.ജിക്കായി അയാൾ കപ്പുയർത്തും’’

Sports Desk
|
15 May 2025 11:25 PM IST

"അവളോടൊപ്പമുള്ള ആ ചിത്രം ഇന്നും എന്റെമനസ്സിലുണ്ട്. അന്ന് ബെർലിനിലെ ചാമ്പ്യൻസ് ലീഗ് വിജയത്തിന് ശേഷം ബാഴ്സ ഫ്ലാഗിനൊപ്പമുള്ള ആ ചിത്രം മായാതെ നിൽക്കുന്നു. അതേ ചിത്രം ഇന്ന് പിഎസ്ജിയോടൊപ്പവും ആവർത്തിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്റെ മകൾ ഫിസിക്കലി അവിടെ ഉണ്ടാവില്ലായിരിക്കാം, പക്ഷേ അവളുടെ ആത്മാവ് അവിടെയുണ്ടാവും."

അകാലത്തിൽ പൊഴിഞ്ഞുപോയ തന്റെ അരുമമകൾക്ക് ഒരു പിതാവ് നൽകിയ വാക്കുകളാണിത്.

വർഷം 2015 ജൂൺ ഏഴ്. ബെർലിനിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ യുവന്റസിനെ കീഴടക്കി എഫ്‌സി ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിടുന്നു. ലയണൽ മെസ്സിയും നെ​യ്മറും അടക്കമുള്ള നക്ഷത്രങ്ങളുടെ നിമിഷങ്ങൾക്കായി ഫോക്കസ് ചെയ്യുന്നതിന് ഇടയിൽ ക്യാമറക്കണ്ണുകൾ മറ്റൊരു കുളിർമയേകുന്ന ചിത്രം കൂടി ഒപ്പിയെടുത്തു. ബാഴ്സ കോച്ച് ലൂയിസ് എൻറിക്വേയും കയ്യിലൊരു ബാഴ്സ ഫ്ലാഗുമേന്തി അഞ്ചര വയസ്സുള്ള മകൾ സാന മാർട്ടിനെസുമായിരുന്നു അത്.


നാല് വർഷത്തിന് ശേഷം 2019 ഓഗസ്റ്റ് 29, ബോൺ കാൻസർ മൂലം എൻറിക്വേയുടെ മകൾ സാന മാർട്ടിനെസ് ഒൻപതാം വയസ്സിൽ ലോകത്തോട് വിടപറഞ്ഞുവെന്ന ദുഃഖ വാർത്തയാണ് ഫുട്ബോൾ ലോകം കേൾക്കുന്നത്. കണ്ണീരോടെ ഫുട്ബോൾ ലോകവും ബാഴ്‌സലോണയും കുഞ്ഞു സാനക്ക് വിടചൊല്ലി. നാലു വർഷത്തിന് ശേഷം 2023ൽ സ്‌പെയിനിന്റെ പരിശീലക കസേരയിൽ നിന്ന് പടിയിറങ്ങിയ ലൂയിസ് എൻറിക്വേ ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജർമയ്ന്റെ കോച്ചിങ് സ്ഥാനം ഏറ്റെടുത്തു. ആദ്യ സീസണിൽ ചാമ്പ്യൻസ് ലീഗ് സെമിയിൽ ഡോർട്ട്മുണ്ടിന് മുന്നിൽ വീണു. പക്ഷേ ഈ സീസണിൽ മ്യൂണിക്കിലെ അലയൻസ് അരീനയിൽ അവർ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കാൻ പോവുകയാണ്. ഒരു പതിറ്റാണ്ടിന് ശേഷം വീണ്ടുമൊരു ചാമ്പ്യൻസ് കിരീടത്തിനരികെ എത്തിനിൽക്കുമ്പോൾ ലൂയിസ് എൻറിക്വേ തന്റെ മകളെ വീണ്ടും ഓർക്കുന്നു.

"ഞാൻ ഭാഗ്യവാനാണോ നിർഭാഗ്യവാനാണോ എന്ന് സ്വയം ചിന്തിച്ചാൽ, ഞാൻ ഭാഗ്യവാൻ തന്നെയാണെന്നാണ് കരുതുന്നത്. അപ്പോൾ നിങ്ങൾ തിരിച്ച് ചോദിച്ചേക്കാം, നിങ്ങൾക്ക് ഒൻപതാം വയസ്സിലൊരു മകളെ നഷ്ടപ്പെട്ടില്ലേ.

പക്ഷെ എന്റെ മകൾ ഞങ്ങളോടൊപ്പം മനോഹരമായ ഒൻപത് വർഷങ്ങൾ ജീവിച്ചില്ലേ..." എൻറിക്വേ നിറകണ്ണുകളോടെ മാധ്യമങ്ങൾക്ക് മുൻപിൽ ഹൃദയം തുറക്കുന്നു.

മെയ് 31 ന് ഇന്റർ മിലാനുമായി പിഎസ്ജി ഏറ്റുമുട്ടുമ്പോൾ ഫുട്ബോൾ ലോകം മ്യൂണിക്കിലേക്ക് ഉറ്റുനോക്കുമ്പോൾ ആകാശത്തുനിന്ന് സാനയുടെ കുഞ്ഞിക്കണ്ണുകളും മത്സരം വീക്ഷിക്കും. തന്റെ പ്രിയപ്പെട്ട അച്ഛൻ കിരീടത്തിൽ മുത്തമിടുന്നത് കാണാൻ.

Similar Posts